ഒളിമ്പിക്സില്‍ മത്സരിക്കുന്നവരെല്ലാം ലോക താരങ്ങളല്ല. ഒളിമ്പിക്സ് മെഡല്‍ നേടുന്നവരെല്ലാം കായികലോകം എക്കാലവും മനസ്സില്‍ താലോലിക്കുന്നവരുമല്ല. എന്നാല്‍, പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും കായികപ്രേമികളില്‍ ആവേശം പടര്‍ത്തുന്ന, ചരിത്രത്തില്‍ മായാതെനില്‍ക്കുന്ന ഒരുപിടി ഇതിഹാസ താരങ്ങളുണ്ട്. കായികമികവിലൂടെ മനുഷ്യശേഷിയുടെ മുന്നോട്ടുള്ള കുതിപ്പ് പ്രഘോഷിച്ചവരും പ്രതികൂലതയെ പിന്നിലാക്കി വിസ്മയ പ്രകടനത്തിലൂടെ ലോകത്തെ ത്രസിപ്പിച്ചവരുമായ അസാധാരണക്കാര്‍.
1936ല്‍ ഹിറ്റ്ലറുടെ വംശവെറിയെ ട്രാക്കിലെ നാലു തങ്കപ്പതക്കങ്ങളിലൂടെ ചോദ്യം ചെയ്ത കറുത്തവര്‍ഗക്കാരന്‍ ജെസി ഓവന്‍സ്, ദീര്‍ഘദൂര ഓട്ടങ്ങളിലൂടെ മൂന്ന് ഒളിമ്പിക്സുകളിലായി ഒമ്പതു സ്വര്‍ണം നേടിയ ‘പറക്കും ഫിന്‍’ പാവോ നൂര്‍മി, 1972ല്‍ മ്യൂണിക്കിലെ നീന്തല്‍ക്കുളത്തില്‍ ഏഴു ലോക റെക്കോഡോടെ അത്രയും സ്വര്‍ണം വാരിയ അമേരിക്കയുടെ മാര്‍ക് സ്പിറ്റ്സ്, 1976ല്‍ ജിംനാസ്റ്റിക്സില്‍ ‘പെര്‍ഫക്ട് ടെന്‍’ നേടിയ വിസ്മയ ബാലിക റുമേനിയയുടെ നാദിയ കൊമനേച്ചി, നാല് ഒളിമ്പിക്സില്‍നിന്ന് ഒമ്പതു സ്വര്‍ണം മാറിലണിഞ്ഞ വേഗരാജാവ് അമേരിക്കയുടെ കാള്‍ ലൂയിസ് തുടങ്ങിയവരെപ്പോലെ. ഇതിനകം ഈ പട്ടികയില്‍ ഇടമുറപ്പിച്ച രണ്ടു പേര്‍ ഇത്തവണ റിയോയിലത്തെുന്നുണ്ട്. നീന്തലില്‍ ലോകം ഇതുവരെ കണ്ട ഏറ്റവും മികച്ച താരമെന്ന് സ്ഥാപിച്ചുകഴിഞ്ഞ മൈക്കല്‍ ഫെല്‍പ്സും ട്രാക്കിലെ ശൂലവേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ടും.
മൂന്ന് ഒളിമ്പിക്സുകളിലായി മൊത്തം 22 മെഡലുകള്‍ നേടി ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍വേട്ടക്കാരനായാണ് അമേരിക്കക്കാരന്‍ ഫെല്‍പ്സ് വരുന്നതെങ്കില്‍ സ്പ്രിന്‍റ് ട്രിപ്പ്ള്‍ ലക്ഷ്യമിട്ടാണ് ജമൈക്കയില്‍നിന്ന് ഉസൈന്‍ ബോള്‍ട്ട് വിമാനം കയറുന്നത്. വേഗത്തില്‍ പുതിയ സമയം കുറിക്കുക എന്നതാണ് ഇരുവരുടെയും ഹോബി. അതുകൊണ്ടുതന്നെ ഇനിയെന്തെല്ലാം അദ്ഭുതങ്ങളാണ് ഇവര്‍ റിയോയിലേക്ക് കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് കായികലോകം.
ബോള്‍ട്ടിനും ഫെല്‍പ്സിനും അവസാന ഒളിമ്പിക്സ് 2000ത്തില്‍ അമേരിക്കന്‍ ഒളിമ്പിക്സ് ടീമില്‍ ഫെല്‍പ്സ് ഇടംപിടിക്കുമ്പോള്‍ പ്രായം 15. സിഡ്നിയില്‍ അന്ന് മെഡലൊന്നും നേടാനായില്ളെങ്കിലും തൊട്ടടുത്ത വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ആ പ്രതിഭ ഓളപ്പരപ്പില്‍ ആദ്യമായി ദൃശ്യമായി. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ പുതിയ ലോകറെക്കോഡിട്ട് ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി. പിന്നീട് ലോകതലത്തില്‍ നടന്ന നീന്തല്‍ മേളകളിലെല്ലാം ഈ ആറടി നാലിഞ്ചുകാരന്‍െറ കുതിപ്പായിരുന്നു. 2003ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോഡോടെ നാലു സ്വര്‍ണം. 2004ല്‍ ആതന്‍സിലായിരുന്നു ഫെല്‍പ്സിന്‍െറ ആദ്യ ഒളിമ്പിക്സ് സ്വര്‍ണവേട്ട. ഒന്നില്‍ തുടങ്ങി അവസാനിപ്പിച്ചത് ആറില്‍. കൂടെ രണ്ടു വെങ്കലവും. 2005ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചും 2007ല്‍ ഏഴും സ്വര്‍ണം നേടിയാണ് 2008ലെ ഒളമ്പിക്സിന് ഫെല്‍പ്സ് എത്തിയത്.
ബെയ്ജിങ്ങില്‍ വരിവരിയായി എട്ടു സ്വര്‍ണമെഡല്‍. ഏഴു ലോകറെക്കോഡ്. ഒരു ഒളിമ്പിക്സില്‍ കൂടുതല്‍ സ്വര്‍ണം നേടിയ താരമെന്ന ബഹുമതി നാട്ടുകാരനായ മാര്‍ക് സ്പിറ്റ്സില്‍നിന്ന് കൈക്കലാക്കുകയും ചെയ്തു. വെള്ളത്തിലിറങ്ങിയാല്‍ മെഡലും നേടിയേ കയറൂവെന്ന ശീലം ലണ്ടനിലും തുടര്‍ന്നു. ഫോമിലല്ലാതിരുന്നിട്ടും നാലു സ്വര്‍ണവും രണ്ടു വെള്ളിയുമായിരുന്നു 2012ലെ സമ്പാദ്യം. ഇതുവരെ നേടിയത് 18 സ്വര്‍ണം ഉള്‍പ്പെടെ 22 മെഡല്‍. ഇതില്‍ 11ഉം വ്യക്തിഗത ഇനങ്ങളില്‍. ഭൂമിയില്‍ മറ്റൊരു മനുഷ്യനും ഇതുവരെ കൈവരിച്ചിട്ടില്ലാത്ത നേട്ടം. നിലവില്‍ ഏഴു ലോക റെക്കോഡുകള്‍ ഈ 31കാരന്‍െറ പേരിലുണ്ട്.
മനുഷ്യവേഗത്തിന്‍െറ ഇതുവരെയുള്ള അവസാനവാക്കാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. 2008ല്‍ ബെയ്ജിങ്ങിലെ ‘കിളിക്കൂട്ടി’ല്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയതു മുതല്‍ ലോകമെങ്ങും ആഘോഷിക്കപ്പെടുന്ന അത്ലറ്റ്. സ്പ്രിന്‍റ് ഇനങ്ങളില്‍ മാത്രമായി ആറു സ്വര്‍ണം നേടിയ ഏകതാരം. 100 മീ, 200 മീ, 4x100 റിലേ ഇനങ്ങളില്‍ തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ ‘ഡബ്ള്‍ ട്രിപ്പ്ള്‍’ തികച്ചവരും മറ്റാരുമില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ 11 സ്വര്‍ണമെഡലുകള്‍ വേറെയുമുണ്ട് ഷോകേസില്‍.
100ലും 200ലും ലോക റെക്കോഡും ഒളിമ്പിക്സ് റെക്കോഡും ഇപ്പോഴും ബോള്‍ട്ടിന്‍െറ പേരില്‍ തന്നെ. 4x100 റിലേയില്‍ ബോള്‍ട്ട് അടങ്ങുന്ന ജമൈക്കന്‍ ടീമിന്‍േറതാണ് മികച്ച സമയം. കഴിഞ്ഞ ഒളിമ്പിക്സിനുശേഷം നടന്ന രണ്ടു ലോക ചാമ്പ്യന്‍ഷിപ്പിലും ട്രിപ്പ്ള്‍ നേട്ടം ബോള്‍ട്ട് ആവര്‍ത്തിച്ചു.
‘മിന്നല്‍ ബോള്‍ട്ട്’ റിയോ ട്രാക്കിലും തീപടര്‍ത്തുമോ എന്നതാണ് ഈ ഒളിമ്പിക്സിലെ പ്രധാന ചോദ്യം. ട്രിപ്പ്ള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാനായാല്‍ ബോള്‍ട്ടിന് കാള്‍ ലൂയിസിന്‍െറ ഒമ്പതു സ്വര്‍ണമെന്ന നേട്ടത്തിനൊപ്പമത്തൊം. നാലു ലോങ്ജംപ് സ്വര്‍ണം കൂടി ചേര്‍ത്താണ് കാള്‍ ലൂയിസിന്‍െറ നേട്ടം. ബെയ്ജിങ്ങിലും ലണ്ടനിലും ഗെയിംസ് ദീപമണയുമ്പോള്‍ മൈക്കല്‍ ഫെല്‍പ്സും ഉസൈന്‍ ബോള്‍ട്ടുമായിരുന്നു ലോകത്തിനു മുന്നില്‍ നെഞ്ചുവിരിച്ചുനിന്നത്. റിയോയിലും അങ്ങനെയായിരിക്കുമോ? കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.