ഹൈദരാബാദ്: 56ാമത് അന്തര്‍സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാംദിനം കേരളത്തിന് സന്തോഷക്കണ്ണീര്‍. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം നേടിയെങ്കിലും നേരിയ വ്യത്യാസത്തിന് ഒളിമ്പിക് യോഗ്യത നഷ്ടമായി. പുരുഷന്മാരുടെ ട്രിപ്പ്ള്‍ ജംപില്‍ രഞ്ജിത് മഹേശ്വരി സ്വര്‍ണം ചാടിയെടുത്തെങ്കിലും റിയോയിലേക്ക് ടിക്കറ്റ് കിട്ടിയില്ല. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍ കരിയറിലെ മികച്ചസമയം കുറിച്ചാണ് ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തില്‍ 800 മീറ്ററില്‍ ഒന്നാമനായത്.
ഒരു മിനിറ്റ് 46.43 സെക്കന്‍ഡിലായിരുന്നു ഫിനിഷ്. ഒരു മിനിറ്റ് 46 സെക്കന്‍ഡാണ് ഒളിമ്പിക്സ് യോഗ്യതാ സമയം. കഴിഞ്ഞ ഫെഡറേഷന്‍കപ്പില്‍ കുറിച്ച ഒരു മിനിറ്റ് 47.56 സെക്കന്‍ഡായിരുന്നു ഈ 25കാരന്‍െറ മികച്ച സമയം. സീനിയര്‍ താരമായ സജീഷ് ജോസഫ് ആദ്യ ലാപ്പിനുശേഷം പിന്മാറിയതിനാല്‍ കാര്യമായ വെല്ലുവിളിയില്ലാത്തത് ജിന്‍സണിന്‍െറ വേഗത്തെ ബാധിച്ചു. ആദ്യ 200 മീറ്ററില്‍ വേഗംകൂട്ടിയത് വിനയായെന്ന് കോച്ച് എന്‍.എ. മുഹമ്മദ് കുഞ്ഞി പറഞ്ഞു. രണ്ടാം ദിനം കേരളത്തിന് രണ്ട് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും ലഭിച്ചു.55 പോയന്‍റുമായി മീറ്റില്‍ ഒന്നാം സ്ഥാനത്താണ്. യു.പിക്ക് 49ഉം തമിഴ്നാടിന് 44ഉം പോയന്‍റുണ്ട്. പുരുഷന്മാരുടെ ഹാമര്‍ത്രോയില്‍ രാജസ്ഥാന്‍െറ നീരജ് കുമാര്‍ പുതിയ മീറ്റ് റെക്കോഡ് കുറിച്ചു.
800 മീറ്ററില്‍ ഇന്ത്യയിലെ മികച്ച മൂന്നാമത്തെ സമയമാണ് ജിന്‍സണിന്‍േറത്. ശ്രീരാം സിങ് (ഒരു മിനിറ്റ് 45.77 സെക്കന്‍ഡ്), പങ്കജ് ദിംറി (ഒരു മിനിറ്റ് 46.26 സെക്കന്‍ഡ്) എന്നിവരാണ് ജിന്‍സണിന് മുന്നിലുള്ളത്. കുളച്ചല്‍ ജോണ്‍സണിന്‍െറയും ശൈലജയുടെയും മകനായ ജിന്‍സണ്‍ പുണെ ആര്‍മി സ്പോര്‍ട്സ്് ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇന്ത്യന്‍ ക്യാമ്പിലുമാണ് പരിശീലിക്കുന്നത്.
മുഹമ്മദ് അനസിന്‍െറയും എം.ആര്‍. പൂവമ്മയുടെയും പരിശീലകനായ മുഹമ്മദ് കുഞ്ഞിയുടെ കീഴിലാണ് ജിന്‍സണ്‍ ഏഷ്യന്‍ നിലവാരത്തിലേക്കുയര്‍ന്നത്.
2009ല്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ സ്വര്‍ണംനേടി വരവറിയിച്ച ജിന്‍സണ്‍, കഴിഞ്ഞവര്‍ഷം ഏഷ്യന്‍ ഗ്രാന്‍പ്രീ മീറ്റുകളിലും ഒന്നാമനായി. ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍കപ്പിലും 800 മീറ്റര്‍ സ്വര്‍ണം ജിന്‍സണായിരുന്നു. വനിതകളുടെ 800 മീറ്ററില്‍ തമിഴ്നാടിന്‍െറ ഗോമതിക്കാണ് സ്വര്‍ണം.
ഈയിനത്തില്‍ കേരളത്തിന്‍െറ സിനി എ.മാര്‍ക്കോസിനാണ് വെള്ളി. രണ്ട് മിനിറ്റ് 07.61 സെക്കന്‍ഡിലാണ് സിനിയുടെ ഫിനനിഷ്. വനിതകളുട െ3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ കേരളത്തിന്‍െറ ഏയ്ഞ്ചല്‍ മാത്യു വെങ്കലം നേടി. പുരുഷന്മാരുടെ ട്രിപ്പ്ള്‍ ജംപില്‍ 16.56 മീറ്റര്‍ ചാടി രഞ്ജിത് മഹേശ്വരി സ്വര്‍ണമണിഞ്ഞെങ്കിലും ഒളിമ്പിക് യോഗ്യതാമാര്‍ക്കായ 16.85 മീറ്റര്‍ എത്തിപ്പിടിക്കാനായില്ല. കേരളത്തിന്‍െറതന്നെ എ.വി. രാകേഷ് ബാബു (16.20 മീറ്റര്‍) വെള്ളി നേടി.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ഡല്‍ഹിയെ പ്രതിനിധാനംചെയ്ത മലയാളിതാരം അയാന തോമസിന് വെള്ളിയുണ്ട്. ഷോട്പുട്ടില്‍ ഏഷ്യന്‍ ചാമ്പ്യനും ഒളിമ്പിക് യോഗ്യത നേരത്തേ സ്വന്തമാക്കിയ താരവുമായ ഇന്ദര്‍ജീത് സിങ് സ്വര്‍ണം നേടി. ഖുശ്ബീര്‍ കൗറടക്കമുള്ള പ്രമുഖ താരങ്ങള്‍ റിയോ ഒളിമ്പിക്സിനുള്ള പരിശീലനത്തിനായി വിദേശത്തായതിനാല്‍ വനിതകളുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ രണ്ടാംനിര താരങ്ങള്‍ക്ക് സ്വര്‍ണനേട്ടം കൊയ്യാനായി. രാവിലെ നടന്ന മത്സരത്തില്‍ ഡല്‍ഹിയുടെ ബി. സൗമ്യയാണ് ഈയിനത്തില്‍ സ്വര്‍ണത്തിലേക്ക് നടന്നടുത്തത്. കരിയറിലെ മികച്ച സമയത്തോടെയായിരുന്നു ഈ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥയുടെ പ്രകടനം (ഒരു മണിക്കൂര്‍ 42 മിനിറ്റ് 55.24 സെക്കന്‍ഡ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.