റിയോ: അകക്കണ്ണായിരുന്നു അവരുടെ വെളിച്ചം. ഇരച്ചുകയറുന്ന പകല്‍ വെളിച്ചത്തില്‍ റിയോയിലെ ജോ ഹാവലാഞ്ചോ സ്റ്റേഡിയത്തിലെ നീല ട്രാക്കുകള്‍ മങ്ങിമാത്രം കണ്ടു. സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ വെടി മുഴങ്ങിയശേഷം, ഗാലറിയുടെ ആര്‍പ്പുവിളിക്കൊപ്പം നിഴല്‍പോലെ കണ്ട ട്രാക്കിലൂടെ കുതിച്ചുപാഞ്ഞു. ഒടുവില്‍ പിറന്നത് ചരിത്ര നിമിഷം. പൂര്‍ണ ആരോഗ്യത്തോടെ ഓടി, മൂന്നാഴ്ച മാത്രം മുമ്പ് ഒളിമ്പിക്സ് ചാമ്പ്യന്മാരായവരെക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷിങ് ലൈന്‍ കടന്നു.

റിയോ വേദിയാവുന്ന അംഗപരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിലെ 1500 മീറ്റര്‍ മത്സരമാണ് ഒളിമ്പിക്സ് ചാമ്പ്യന്മാരെക്കാള്‍ മികച്ച ഓട്ടക്കാരുടെ പ്രകടനത്തിന് കാഴ്ചയൊരുക്കിയത്. പൂര്‍ണമായോ ഭാഗികമായോ കാഴ്ച നഷ്ടപ്പെട്ടവരുടെ വിഭാഗമായ ടി  12/13ല്‍ ഓടിയാണ് ആദ്യ നാലു സ്ഥാനക്കാര്‍ ഒളിമ്പിക്സ് ചാമ്പ്യനെക്കാള്‍ മികച്ച സമയം കുറിച്ചത്.
ആഗസ്റ്റ് 20ന് നടന്ന ഒളിമ്പിക്സ് 1500 മീ. ഫൈനലില്‍ 3 മിനിറ്റ് 50 സെക്കന്‍ഡിലായിരുന്നു അമേരിക്കയുടെ മാത്യു സെന്‍ട്രോവിറ്റ്സ് ജൂനിയര്‍ സ്വര്‍ണം നേടിയത്.

തിങ്കളാഴ്ച പാരാലിമ്പിക്സില്‍ സ്വര്‍ണമണിഞ്ഞ അല്‍ജീരിയയുടെ അബ്ദുല്ലത്തിഫ് ബാക ഓടാനെടുത്ത സമയം 3 മിനിറ്റ് 48.29 സെക്കന്‍ഡ്. വെള്ളി നേടിയ ഇത്യോപ്യയുടെ തമിരു ഡിമിസ്സെ ( 3:48.49), വെങ്കലം നേടിയ കെനിയയുടെ ഹെന്‍റി കിര്‍വ (3:49.59) എന്നിവരും ഒളിമ്പിക്സ് ചാമ്പ്യന്‍െറ സമയം മറികടന്നു. നാലാം സ്ഥാനക്കാരനും (3:49.89) ഒളിമ്പിക്സ് സമയം കടന്നു.  കൃത്രിമക്കാലിലോ വീല്‍ ചെയറിലോ മത്സരിക്കുന്നവര്‍ മികച്ച സമയം കുറിക്കുന്നത് സാധാരണയാണെങ്കിലും വെറുംകാലില്‍ കാഴ്ചയില്ലാതെ ഓടിയവര്‍ ഇത്തരമൊരു നേട്ടംകൊയ്യുന്നത് അപൂര്‍വമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.