56ാമത് ദേശീയ ഓപണ്‍ അത്ലറ്റിക്സ് ഇന്ന് മുതല്‍

ലഖ്നോ: റിയോ ഒളിമ്പിക്സിന്‍െറ ആരവമടങ്ങി, പുതു ലക്ഷ്യത്തിലേക്ക് ആദ്യചുവടുമായി ഇന്ത്യന്‍ അത്ലറ്റിക്സ് വീണ്ടും ട്രാക്കിലേക്ക്. ഒളിമ്പ്യന്മാരും ഭാവി താരങ്ങളും മാറ്റുരക്കുന്ന 56ാമത് ദേശീയ  ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ചൊവ്വാഴ്ച ലഖ്നോ സായി സെന്‍റര്‍ സ്റ്റേഡിയത്തില്‍ തുടക്കം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും റെയില്‍വേസ്, സര്‍വിസസ്, ഒ.എന്‍.ജി.സി, എല്‍.ഐ.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമായി ആയിരത്തിലേറെ കായിക താരങ്ങള്‍ നാലു ദിനം ട്രാക്കിലും ഫീല്‍ഡിലുമായി മാറ്റുരക്കും. സംസ്ഥാനങ്ങള്‍, പൊതുമേഖല എന്നിവയുടെയായി 32  ടീമുകള്‍  മത്സരരംഗത്തുണ്ട്.

26 വനിതകളും 21 പുരുഷന്മാരുമായി 47 അംഗ സംഘവുമായി കേരളമത്തെിയെങ്കിലും മലയാളി കരുത്തില്‍ മത്സരിക്കുന്ന റെയില്‍വേക്കും സര്‍വിസസിനും ഇക്കുറിയും വെല്ലുവിളികളില്ല. ആദ്യ ദിനത്തില്‍ കേരളത്തിനായി ഹൈജംപില്‍ ജിനു മരിയ മാനുവല്‍, എയ്ഞ്ചല്‍ പി. ദേവസ്യ, ഹാമര്‍ ത്രോയില്‍ ആതിര മുരളീധരന്‍ എന്നിവര്‍ മത്സരിക്കും.
 ചൊവ്വാഴ്ച ആറിനങ്ങളില്‍ മെഡല്‍ തീര്‍പ്പാക്കും. രാവിലെ പുരുഷ-വനിതാ വിഭാഗം 5000 മീറ്റര്‍, ഉച്ചക്ക് ശേഷം വനിതകളുടെ ലോങ്ജംപ്, ഹൈജംപ്, ഹാമര്‍ത്രോ, പുരുഷ വിഭാഗം ഷോട്ട്പുട്ട് മത്സരങ്ങളുടെയും ഫൈനല്‍ നടക്കും.

മലയാളി എന്‍ജിന്‍

കിരീടപ്പോരാട്ടത്തില്‍ കേരളം ചിത്രത്തിലെങ്ങുമില്ല. പക്ഷേ, ചാമ്പ്യന്‍പട്ടമണിയാനൊരുങ്ങുന്ന റെയില്‍വേക്കും സര്‍വിസസിനും കരുത്ത് പകരാന്‍ ഒരുപിടി മലയാളി താരങ്ങളുണ്ട്. പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായി 11ാം വട്ടവും കിരീടമാണ് സര്‍വിസസിന്‍െറ ലക്ഷ്യം. മുന്നണിപ്പോരാളിയായി ഒളിമ്പ്യന്മാരായ ജിന്‍സണ്‍ ജോണ്‍സനും  ആരോക്യരാജീവും. കര, നാവിക, വ്യോമ സേനകളില്‍ നിന്നുള്ള 65 പേരുമായാണ് സര്‍വിസസ് റെയില്‍വേയുമായി ‘യുദ്ധ’ത്തിനിറങ്ങുന്നത്. റിയോയിലെ പ്രകടനവും കഴിഞ്ഞ് കരസേനയില്‍ സ്ഥാനക്കയറ്റം നേടിയ ജിന്‍സണ്‍ ചൊവ്വാഴ്ച ടീമിനൊപ്പം ചേരും.

 മുഹമ്മദ് അഫ്സല്‍, എം.എന്‍. നാസിമുദ്ദീന്‍, ഷജില്‍ ആന്‍റണി, അഖില്‍ ജോണ്‍സണ്‍, ഇ. രാഗേഷ് ബാബു, എം.ബി. ജാബിര്‍ എന്നിവരടക്കം  സര്‍വീസസ് ടീമില്‍ 28 പേര്‍ മലയാളി താരങ്ങളാണ്.  ഓവറോളിലും വനിതകളിലും നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേക്കായി ജംബോ സംഘമാണിറങ്ങുന്നത്.  മലയാളി ഒളിമ്പ്യന്മാരായ ടിന്‍റു ലൂക്ക, രഞ്ജിത് മഹേശ്വരി എന്നിവരും റെയില്‍വേക്കായി മത്സരിക്കുന്നുണ്ട്. 58 വനിതകളും 62 പുരുഷന്മാരുമടങ്ങിയതാണ് റെയില്‍വേ സംഘം. മലയാളി താരങ്ങളായ കെ.സി. ദിജ , മെര്‍ലിന്‍ ജോസഫ്,  സിനി ജോസ്, മെല്‍ബി ടി. മാനുവല്‍, രമ്യ ,ഹെപ്റ്റാത്ലണിലെ സഹോദരിമാരായ നിക്സി, ലിക്സി എന്നിവരും ട്രാക്കിലിറങ്ങും.

റിയോ ഒളിമ്പിക്സും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയില്‍ കാര്യമായ വിശ്രമമില്ലാതെയാണ് ഒളിമ്പ്യന്മാര്‍ ലഖ്നോ സായി സെന്‍ററിലെ പുതിയ ട്രാക്കില്‍ പോരിനിറങ്ങുന്നത്. മലയാളി ഒളിമ്പ്യന്മാരായ ജിന്‍സണ്‍ ജോണ്‍സണ്‍, രഞ്ജിത് മഹേശ്വരി, ടിന്‍റു ലൂക്ക എന്നിവര്‍ക്കുപുറമെ, എം.ആര്‍. പൂവമ്മ, ആരോക്യ രാജീവ്, കവിത റാവത്ത്, ലളിത ബബാര്‍ എന്നിവര്‍ മത്സരിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.