മൂഡബിദ്രി: ഹർഡിലിൽ തട്ടിവീണ മെഡൽ മോഹങ്ങൾ 400 മീറ്ററിലൂടെ പൊന്നാക്കി കലിപ്പടക്കി പി.ഒ സയന. കേരള സർവകലാശാല താരമായ സയനയിലൂടെ 80ാമത് അഖിലേന്ത്യാ അന്തർ സർവകലാശാല അ ത്ലറ്റിക് മീറ്റിെൻറ മൂന്നാം ദിനം കേരളത്തിന് ആദ്യ സ്വർണം. വെള്ളിയാഴ്ച നടന്ന വനിതക ളുടെ 400 മീ. ഹർഡിൽസിനിടെയാണ് ഹർഡിലിൽ തട്ടി സയന ട്രാക്കിൽ വീണത്. കണ്ണീരോടെ ട്രാക്കു വിട്ട സയന പൂർവാധികം ശക്തിയോടെ ശനിയാഴ്ച വൈകിട്ടു നടന്ന വനിതകളുടെ 400 മീറ്ററിൽ 54.57 സെക്കൻഡിൽ സ്വർണത്തിലേക്ക് കുതിച്ചു. തിരുവനന്തപുരം നിറമൺകര സ്വദേശിനിയായ സയന കൊല്ലം എസ്.എൻ കോളജിലെ ഒന്നാം വർഷ എം.കോം വിദ്യാർഥിനിയാണ്.
മെഡൽ ക്ഷാമത്തിന് അറുതി രണ്ടുദിവസമായി കേരളത്തിൽനിന്നുള്ള സർവകലാശാലകളിലെ മെഡൽ ക്ഷാമത്തിന് അറുതിയായി മൂന്നാം ദിനത്തിലെ മുന്നേറ്റം. 400 മീറ്റർ ഹർഡിൽസിനൊപ്പം 4x100 പുരുഷ റിലേയിലും സ്വർണമണിഞ്ഞാണ് കേരള സർവകലാശാല തിളങ്ങിയത്. ശനിയാഴ്ച രണ്ടു സ്വർണവും മൂന്നു വീതം വെള്ളിയും വെങ്കലവും ഉൾപ്പെടെ എട്ടു മെഡലുകളാണ് കേരളത്തിൽനിന്നുള്ള സർവകലാശാലകൾ നേടിയത്. ഇതോടെ ആകെ മെഡൽ നേട്ടം പത്തായി. ശനിയാഴ്ച രണ്ടു സ്വർണവും ഒരു വെങ്കലും കേരള നേടിയപ്പോൾ എം.ജി ഒരു വെള്ളിയും രണ്ടു വെങ്കലവും കാലിക്കറ്റ് രണ്ടു വെള്ളിയും സ്വന്തമാക്കി.
വെള്ളിയാഴ്ച എം.ജി രണ്ടു വെങ്കലവും നേടിയിരുന്നു. വനിതകളുടെ 3000 മീ സ്റ്റീപ്ൾ ചേയ്സിൽ പുണെ സാവിത്രി ഭായ് ഫുലെ സർവകലാശാലയിലെ ജഗ്ദലെ കോമൾ (10:23.66) റെക്കോഡോടെ സ്വർണമണിഞ്ഞു. വനിതകളുടെ 20 കി. നടത്തത്തിൽ സൊനാലും റെക്കോഡോടെ സ്വർണം നേടി.
വനിതകളുടെ ഹൈജംപിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് സാഫ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേതാവുകൂടിയായ കാലിക്കറ്റിെൻറ ജിഷ്ണ വെള്ളി നേടിയത്. തിരുനെൽവേലി മനോൻമണിയം സുന്ദർനർ സർവകലാശാലയുടെ ഗ്രേസീന ജി മേർലിക്കാണ് സ്വർണം. കല്ലടി എം.ഇ.എസ് കോളജിലെ ഒന്നാം വർഷ ഹിസ്റ്ററി വിദ്യാർഥിനിയാണ് ജിഷ്ണ. ഇരുവരും 1.77 മീറ്റർ ഉയരം മറികടന്നതോടെ ടൈബ്രേക്കറിലാണ് വിജയികളെ തീരുമാനിച്ചത്.
സീസണിലെ മികച്ച പ്രകടനത്തോടെയാണ് എം.ജിയുടെ കോതമംഗലം എം.എ കോളജ് താരം ഗായത്രി ശിവകുമാർ (1.73) വെങ്കലം നേടിയത്. പുരുഷ വിഭാഗം ലോങ്ജംപിൽ എം.ജിയുടെ എറണാകുളം സെൻറ് ആൽബർട്ട് കോളജിലെ ടി.വി. അഖിൽ (7.46 മീ) വെങ്കലം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.