ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ. ഒ. എ) ആജീവനാന്ത ഓണററി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കല്‍മാഡി തല്‍സ്ഥാനത്തുനിന്ന് പിന്മാറി. കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന കല്‍മാഡിയും അഭയ് സിങ് ചൗതാലയും വീണ്ടും കായികസംഘടനയുടെ തലപ്പത്ത് വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പിന്മാറ്റം. ഇരുവരെയും പുറത്താക്കിയില്ളെങ്കില്‍ ഐ.ഒ.എയുമായുള്ള എല്ലാ സഹകരണവും കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കാണിച്ച് കേന്ദ്ര കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ കല്‍മാഡിയുടെ തെരഞ്ഞെടുപ്പിനെ ശക്തമായി എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവും യു.പി.എ സര്‍ക്കാറില്‍ കായികമന്ത്രിയുമായ അജയ് മാക്കനും രംഗത്തുവന്നു.
ഇതോടെ എതിര്‍പ്പ് ശക്തമാണെന്ന് തിരിച്ചറിഞ്ഞ കല്‍മാഡി പിന്മാറാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇപ്പോള്‍ സ്ഥാനമേറ്റെടുക്കുന്നത് ശരിയല്ളെന്നതിനാല്‍ പിന്മാറുകയാണെന്ന് ഐ.ഒ.എ പ്രസിഡന്‍റ് എന്‍. രാമചന്ദ്രന് അയച്ച കത്തില്‍ കല്‍മാഡി വ്യക്തമാക്കി. തനിക്കെതിരായ കേസുകളില്‍ നിരപരാധിത്വം തെളിയിച്ച് പിന്നീട് സ്ഥാനത്തേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം തുടര്‍ന്നു. അതേസമയം, സ്ഥാനമൊഴിയില്ളെന്ന നിലപാടിലാണ് അഭയ് ചൗതാല. കഴിഞ്ഞദിവസം ചെന്നൈയില്‍ ചേര്‍ന്ന ഐ.ഒ.എ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് കല്‍മാഡിയെയും അഭയ് ചൗതാലയെയും ഐ.ഒ.എ ആജീവനാന്ത ഓണററി പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ 10 മാസം ജയിലില്‍കിടന്ന ആളാണ് സുരേഷ് കല്‍മാഡി.
അഭയ്സിങ് ചൗതാലയും ഇതേ കേസില്‍ വിചാരണ നേരിടുന്നയാളാണ്. അഴിമതിക്കാരെ വീണ്ടും സംഘടനയുടെ തലപ്പത്ത് കൊണ്ടുവരുന്നത് ഐ.ഒ.എ ഭരണഘടനക്ക് വിരുദ്ധവും നിരാശയുണ്ടാക്കുന്നതുമാണെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. കായികമേഖലയില്‍ സുതാര്യതയാണ് ആവശ്യം. കല്‍മാഡിക്കും ചൗതാലക്കുമെതിരെ അഴിമതിക്കേസുകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കല്‍മാഡിയും ചൗതാലയും വീണ്ടും വരുന്നത് കായികരംഗത്തിന് നല്ലതല്ളെന്ന് അജയ് മാക്കന്‍ ചൂണ്ടിക്കാട്ടി. ഇരുവരെയും മാറ്റിനിര്‍ത്താന്‍ ഐ.ഒ.എ തയാറാകുന്നില്ളെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരം പ്രയോഗിക്കണമെന്നും അജയ് മാക്കന്‍ പറഞ്ഞു. സ്ഥാനലബ്ധിയെ ന്യായീകരിച്ച് രംഗത്തുവന്ന ചൗതാല, കായികമന്ത്രി വിജയ് ഗോയലിനെതിരെ ആഞ്ഞടിച്ചു. ഐ.ഒ.എക്കുവേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ഓണററി പ്രസിഡന്‍റ് പദവിക്ക് തനിക്കര്‍ഹതയുണ്ടെന്നും ചൗതാല വാദിച്ചു. തനിക്കെതിരെ ക്രിമിനല്‍ കേസുകളൊന്നുമില്ല. ഉള്ള കേസ് രാഷ്ട്രീയ പ്രേരിതമായി ഉണ്ടായതാണ്. വിജയ് ഗോയല്‍ കായികമന്ത്രിയെന്ന നിലക്ക് പരാജയമാണ്. മെഡലുകളൊന്നും ഇന്ത്യക്ക് കിട്ടുന്നില്ല. മന്ത്രി ആദ്യം തന്‍െറ ജോലി നന്നായി ചെയ്യട്ടെയെന്നും ചൗതാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.