ക്ഷേത്രനഗരമായ ഭുവനേശ്വറിന് ഇനി കായികോത്സവ നാളുകൾ. 22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഒഡിഷയുടെ തലസ്ഥാനമൊരുങ്ങി. ഭൂഖണ്ഡത്തിലെ സൂപ്പര്‍ താരങ്ങള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ് ബുധനാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ വ്യാഴാഴ്ച മുതല്‍ തുടങ്ങും. ഈ മാസം ഒമ്പതിനാണ് സമാപനം. 45 രാജ്യങ്ങളില്‍നിന്ന് 650ലേറെ അത്ലറ്റുകളാണ് കലിംഗ സ്റ്റേഡിയത്തിലെ യുദ്ധമുഖത്തിറങ്ങുന്നത്. ആതിഥേയരായ ഇന്ത്യ 95 അംഗ സംഘവുമായി പരിശീലനത്തിെൻറ അവസാനഘട്ടത്തിലാണ്. സ്വര്‍ണമെഡല്‍ പ്രതീക്ഷകളായ ടിൻറു ലൂക്കയും മുഹമ്മദ് അനസുമടക്കം 17 മലയാളി താരങ്ങളുടെ സാന്നിധ്യവും ചാമ്പ്യന്‍ഷിപ്പിലുണ്ടാകും. പുരുഷ, വനിത വിഭാഗങ്ങളിലായി 42 ഇനങ്ങളിലാണ് ജേതാക്കളെ നിശ്ചയിക്കുന്നത്. സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആഗസ്റ്റ് നാലു മുതല്‍ 13 വരെ ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. തുർക്മെനിസ്താൻ ഒഴികെ ടീമുകളെല്ലാം ഭുവനേശ്വറിലെത്തിക്കഴിഞ്ഞു. ശ്രീലങ്കയും ബംഗ്ലാദേശും ആഴ്ചകളായി ഇവിടെ പരിശീലനത്തിലാണ്. ഒമാനടക്കമുള്ള ടീമുകളും കഴിഞ്ഞ ദിവസമെത്തി. ആതിഥേയരുടെ പോരാളികളിലേെറയും നാലു ദിവസമായി കലിംഗയില്‍ ഒരുക്കത്തിലാണ്.
90 ദിവസമെന്ന വെല്ലുവിളി
എല്ലാം വളരെ പെട്ടെന്നായിരുന്നു. ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യൻഷിപ്പിന് വേദിയാകുമെന്ന് ആരും സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. അയല്‍നാടായ ഝാര്‍ഖണ്ഡിലെ റാഞ്ചിയായിരുന്നു ആദ്യം വേദിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ഝാര്‍ഖണ്ഡ് അത്ലറ്റിക്സ് അസോസിയേഷന് അവസാന നിമിഷം അസൗകര്യമറിയിച്ചതോടെ ഭുവനേശ്വറിന് നറുക്ക് വീഴുകയായിരുന്നു. ധൈര്യപൂര്‍വം ചാമ്പ്യന്‍ഷിപ് ഏറ്റെടുക്കുമ്പോള്‍ 90 ദിവസം മാത്രമായിരുന്നു മുന്നിൽ. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത മുഖ്യമന്ത്രി നവീന്‍ പട്നായകും സംഘവും കൃത്യസമയത്തിനകം എല്ലാം ശരിയാക്കി. കലിംഗ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനര്‍നിര്‍മിച്ചതായിരുന്നു പ്രധാന നേട്ടം. സ്റ്റേഡിയത്തിലെ മറ്റു സംവിധാനങ്ങളും സര്‍വസജ്ജമാണ്. ചുറ്റും മരങ്ങള്‍ വെച്ചുപിടിപ്പിച്ച് പച്ചയണിഞ്ഞുനില്ക്കുകയാണ് കലിംഗ. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും വേദിയാവുന്ന കളിമൈതാനത്തിന് ഈ ചാമ്പ്യന്‍ഷിപ് ഡ്രസ് റിഹേഴ്സലാണ്. 11,000 കാണികള്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യമുണ്ട്. നാളത്തെ ഉദ്ഘാടനച്ചടങ്ങിെൻറ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന് മുന്‍വശം മറ്റൊരത്ഭുതവും കാണികള്‍ക്ക് വിരുന്നാവും. ഒഡിഷയിലെ ഏറ്റവും പ്രശസ്തമായ, കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിെൻറ ചെറുരൂപം മണല്ശില്പമായി കലിംഗക്ക് പുറത്തുണ്ടാകും. മണല്ശില്പ വീരനായ സുദര്ശന് പട്നായകാണ് പുരി കടൽത്തീരത്തുനിന്ന് മാറി ഏഷ്യന്‍ പോരാട്ടവേദിയില്‍ കലാരൂപമൊരുക്കിയത്. ഒഡിഷയുടെ സമ്പന്നമായ സംസ്കാരം ഏഷ്യക്കു മുന്നില്‍ തുറന്നിടുകയാണ് ലക്ഷ്യം. ഒമ്പതു ടണ്‍ മണലാണ് ഇതിനായി ഉപയോഗിച്ചത്.
ഉദ്ഘാടനം തിമിര്‍ക്കും
ചാമ്പ്യന്‍ഷിപ്പിെൻറ ഉദ്ഘാടനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാറും സംഘാടകരും. ബുധനാഴ്ച വൈകീട്ട് ആറു മുതല്‍ എട്ടു വരെ ഒഡിഷയുടെ സാംസ്കാരികതയുടെ പ്രതിഫലനമാകും കലിംഗയില്‍ ദൃശ്യമാകുക. തനത് കലാരൂപമായ ഒഡീസിക്ക് പ്രാധാന്യമേകിയുള്ള നൃത്തനൃത്യങ്ങള്‍ അരങ്ങേറും. അരുണ മൊഹന്തിയുടെ നേതൃത്വത്തിൽ 500 നര്‍ത്തകികളും നര്ത്തകന്മാരും അണിനിരക്കും. തായ്ലൻഡിൽനിന്നുള്ള ‘തൗസൻഡ് ഹാൻഡ്’ എന്ന നൃത്തസംഘവും എത്തുന്നുണ്ട്. ശങ്കര്‍ മഹാദേവെൻറ മാസ്മരിക സംഗീതപ്രകടനങ്ങളും കാണികളെ ത്രസിപ്പിക്കുമെന്ന് ഉദ്ഘാടനച്ചടങ്ങിെൻറ ചുമതലയുള്ള ബല്‍വന്ത് സിങ് പറഞ്ഞു. ഉദ്ഘാടന ദിവസം ഉച്ചക്കു മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.