മത്സരങ്ങള്‍ നാളെ മുതല്‍
ഭുവനേശ്വര്‍: മഗധ സാമ്രാജ്യാധിപനായ അശോകചക്രവര്‍ത്തി കീഴടക്കിയ ‘കലിംഗ’യില്‍ വിജയക്കൊടി പാറിക്കാന്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മുന്‍നിര അത്ലറ്റുകള് ഒരുങ്ങി. വമ്പന്‍ വിജയത്തിലും എതിരാളികളെ ഓര്‍ത്ത് സങ്കടപ്പെട്ട അശോകരാജാവിെൻറ മാനസികാവസ്ഥയിലല്ല താരങ്ങള്‍ തയാറെടുക്കുന്നത്. ദാക്ഷിണ്യമില്ലാത്ത പോരാട്ടങ്ങള്‍ക്ക് വേദിയാകാനാണ് കലിംഗയുടെ നിയോഗം. 22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബുധനാഴ്ച തുടക്കമാവും. ആദ്യ ദിനം ഉദ്ഘാടനചടങ്ങുകള്‍ മാത്രമാണ് അരങ്ങേറുക. വൈകീട്ട് ആറുമുതലാണ് ചടങ്ങുകള്‍. നഗരത്തിലെങ്ങും ചാമ്പ്യന്‍ഷിപ്പിെൻറ പോസ്റ്ററുകളില്‍ നിറഞ്ഞുനില്ക്കുന്ന മുഖ്യമന്ത്രി ബിജു പട്നായിക് തന്നെയാണ് ഉദ്ഘാടകന്‍. കേന്ദ്രമന്ത്രി ദേവേന്ദ്ര പ്രധാനും ചടങ്ങിെനത്തും. ഒഡിസി നൃത്തവും ശങ്കര്‍ മഹാദേവെൻറ സംഗീത പരിപാടിയും ഉദ്ഘാടന നിശയെ ഗംഭീരമാക്കും. 800 ഗായകരുടെ സാന്നിധ്യത്തിലാണ് ശങ്കര്‍ മഹാദേവെൻറ നേതൃത്വത്തിലുള്ള ഗാനനിശ. വമ്പന്‍ വെടിക്കെട്ടോടെയായിരിക്കും ഉദ്ഘാടന ചടങ്ങുകളുടെ സമാപനം. ദൂരദര്‍ശനിലും സോഷ്യല്‍ മീഡിയ പേജുകളിലും തത്സമയം സംപ്രേഷണം ചെയ്യും.
ആവേശമുണര്‍ത്താന്‍ കോ
കഴിഞ്ഞ വര്‍ഷം അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ (എ.എഫ്.ഐ) പ്രസിഡൻറ് ആദില്‍ സുമരിവാലക്ക് നല്കിയ ഉറപ്പ് പാലിച്ച് വിഖ്യാത ബ്രിട്ടീഷ് അത്ലറ്റും അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ പ്രസിഡൻറുമായ സെബാസ്റ്റ്യന്‍ കോ ഭുവനേശ്വറിലെത്തി. ഐ.പി.എല്‍ മാതൃകയില്‍ അത്ലറ്റിക് ലീഗിന് ഏഷ്യയില്‍ സാധ്യതയുണ്ടെന്ന് രണ്ടുവട്ടം ഒളിമ്പിക് സ്വര്‍ണമണിഞ്ഞ കോ പറഞ്ഞു. ദ്യുതി ചന്ദിനെതിരെ ഐ.എ.എ.എഫ് ലോക കായിക തര്‍ക്കപരിഹാര കോടതിയെ സമീപിക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്നും എല്ലാം നല്ലതായി ഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് സംഘമെത്തി
എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ട് പാകിസ്താന് ടീം ഭുവനേശ്വറിലെത്തി. പാകിസ്താന് അത്ലറ്റിക്സ് ഫെഡറേഷന് പ്രസിഡൻറ് അക്രം ഷാഹിയുടെ നേതൃത്വത്തിലാണ് ടീം ഭുവനേശ്വറിലെ ബിജു പട്നായിക് വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആറ് അത്ലറ്റുകളാണ് ടീമിലുള്ളത്. വിസ പ്രശ്നമടക്കമുള്ള കടമ്പകള്‍ പിന്നിട്ട് എത്താനായതില്‍ സന്തോഷമുണ്ടെന്ന് അക്രം ഷാഹി പറഞ്ഞു.
തിളങ്ങട്ടെ ഇന്ത്യ
ഭുവനേശ്വർ: സ്വന്തം നാട്ടില്‍ അരങ്ങേറുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യഷിപ്പില്‍ മെഡല്‍കൊയ്ത്ത് നടത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. തിണ്ണമിടുക്കിെൻറ ബലത്തില്‍ മെഡല്‍പട്ടികയില്‍ തിളക്കം നിലനിര്‍ത്താമെന്നും ആതിഥേയര്‍ ഉറച്ചു വിശ്വസിക്കുന്നു. 2015ല്‍ ചൈനയിലെ വുഹാനില്‍ നടന്ന 21ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍പട്ടികയില്‍ മൂന്നാമതായിരുന്നു ഇന്ത്യ. നാല് സ്വര്‍ണം, അഞ്ച് വെള്ളി, നാല് വെങ്കലം എന്നിവ സമ്പാദ്യം. കലിംഗയുടെ കളിമുറ്റത്ത് മെഡല്‍നേട്ടം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആതിഥേയർ.
ജാവലിന്‍ത്രോയില്‍ ജൂനിയര്‍ തലത്തില്‍ ലോക റെക്കോഡ് കുറിച്ച നീരജ്ചോപ്രയാണ് സുവര്‍ണ പ്രതീക്ഷയില്‍ മുമ്പൻ. 86.48 മീറ്റര്‍ എന്ന ജൂനിയര്‍ ലോക റേക്കോഡ് നേട്ടം ആവര്‍ത്തിച്ചാല്‍ നീരജിന് സ്വര്‍ണത്തിലേക്ക് എളുപ്പമെത്താം. പട്യാലയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 85.63 മീറ്റര്‍ ഈ ചെറുപ്പക്കാരന് ജാവലിന്‍ പായിച്ചിരുന്നു. മറ്റൊരു ഇന്ത്യന്‍ താരമായ ദേവീന്ദറും മെഡല്‍ പ്രതീക്ഷയിലാണ്. വനിതകളില്‍ ദേശീയ റെക്കോഡുകാരി അന്നു റാണിയും മെഡല്‍ നേടിയേക്കും. കഴിഞ്ഞതവണ ഡിസ്കസ്ത്രോയിൽ സ്വര്‍ണമണിഞ്ഞ വികാസ് ഗൗഡയും പ്രകടനം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ്. വുഹാനില്‍ വനിതകളുടെ 800 മീറ്ററില്‍ ഒന്നാം സ്ഥാനക്കാരിയായ മലയാളത്തിെൻറ അഭിമാനമായ ടിൻറു ലൂക്ക നേട്ടം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ്. ഫെഡറേഷന് കപ്പിലെ തിരിച്ചടികള്‍ മറന്ന് വിജയത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് പി.ടി. ഉഷയുടെ ശിഷ്യ. പുരുഷന്മാരുടെ 400 മീറ്റില്‍ മലയാളിതാരം മുഹമ്മദ് അനസും മെഡല്‍ സ്വന്തമാക്കാനിടയുണ്ട്.
വുഹാനില്‍ വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ൾചേസില്‍ സ്വര്‍ണം നേടിയ ലളിത ബബ്ബാര്‍ വിവാഹം കഴിഞ്ഞ് ട്രാക്കില്‍നിന്ന് മാറി നില്‍ക്കുകയാണ്. എന്നാല്‍, മറ്റൊരു മിടുക്കി സുധ സിങ് മെഡൽ പ്രതീക്ഷയിലാണ്. വനിതകളുടെ 100 മീറ്ററില്‍ ഒഡിഷയുടെ സ്വന്തം ദ്യുതീ ചന്ദിനെയും എഴുതിത്തള്ളാനാവില്ല. 200 മീറ്ററില്‍ ഒഡിഷക്കാരി തന്നെയായ ശ്രാബനി നന്ദയും നേട്ടം കൊയ്യാനൊരുങ്ങുന്നു. കഴിഞ്ഞതവണ വെങ്കലമെഡലായിരുന്നു ശ്രാബനിക്ക്. പുരുഷ-വനിത വിഭാഗത്തില്‍ 4-x400 മീറ്റര്‍ ടീമാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ഉസ്ബകിസ്താനിലെ അല്‍മാട്ടിയില്‍ ജൂണില്‍ നടന്ന മീറ്റില്‍ ബാറ്റണ്കൈമാറ്റത്തിലടക്കം നിരാശയായിരുന്നു ഈ ടീമുകള്‍ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.