ഭുവനേശ്വര്‍: ഏഷ്യന്‍ ഭൂഖണ്ഡത്തിലെ മികച്ച താരമാകുന്നത് എളുപ്പമുള്ള കാര്യമല്ല. അത്ലറ്റിക്സില് പ്രത്യേകിച്ചും. 22ാമത് ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് ഇന്ധനമായ മലയാളിതാരങ്ങള്‍ അധികൃതരുടെ പ്രോത്സാഹനത്തിനായി കാത്തിരിക്കുകയാണ്. മാസങ്ങളുടെ കഠിനാധ്വാനത്തിന് കലിംഗ സ്റ്റേഡിയത്തില്‍ ഫലം കണ്ടെങ്കിലും അഭിമാനതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് പ്രഖ്യാപിക്കാന്‍ കേരള സര്‍ക്കാര്‍ തയാറായിട്ടില്ല. ചാമ്പ്യന്‍ഷിപ്പിെൻറ രണ്ടാം ദിനം വരെ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് മാത്രമാണ് ആകെയുള്ള ആശ്വാസം. പത്രങ്ങളുടെ കായികപേജ് പോലും വായിക്കാത്ത മന്ത്രിമാരുള്ള നാട്ടില്‍ ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് മെഡല്‍ നേടിയ ഒരു താരം വിലപിക്കുന്നു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിെൻറ ആതിഥേയരായ ഒഡിഷയിലെ നവീന്‍ പട്നായിക് സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനം കേരള താരങ്ങളെ അമ്പരപ്പിക്കുകയാണ്. മെഡല്‍ നേടിയ മുഴുവന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും ഒഡിഷ സർക്കാർ കാഷ് അവാര്‍ഡ് നല്‍കും. തിങ്കളാഴ്ച രാവിലെ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ തുകയെത്രയെന്ന് അറിയാം. ഇതിനുപുറമേ, സ്വര്‍ണമണിഞ്ഞാല്‍ ഒഡിഷ താരത്തിന് ലഭിക്കുന്നത് ഏഴര ലക്ഷം. വെള്ളിക്ക് അഞ്ചര ലക്ഷവും വെങ്കലത്തിന് രണ്ടര ലക്ഷവുമാണ് ഒഡിഷയുടെ താരങ്ങള്‍ക്കുള്ള വാഗ്ദാനം. വനിതകളുടെ നൂറു മീറ്ററില്‍ ഒഡിഷക്കാരി ദ്യുതി ചന്ദ് വെങ്കലം നേടിക്കഴിഞ്ഞു. 4x-100 മീറ്റര്‍ റിലേയില്‍ ദ്യുതിയും മറ്റൊരു ഒഡിഷ താരമായ ശ്രാബനി നന്ദക്കും വെങ്കലമുണ്ട്. ഇന്ത്യന്‍ ടീമിലിടം നേടിയപ്പോള്‍ അഞ്ച് ഒഡിഷ അത്ലറ്റുകള്‍ക്ക് അഞ്ച് ലക്ഷം വീതമായിരുന്നു സമ്മാനം.
എന്നാല്‍, കേരളത്തിെൻറ താരങ്ങള്‍ മികച്ച പ്രകടനമാണ് കലിംഗയില്‍ പുറത്തെടുത്തത്. പുരുഷന്മാരുടെ 400 മീറ്ററില്‍ മുഹമ്മദ് അനസും വനിതകളുടെ 1500ല്‍ പി.യു. ചിത്രയും സ്വര്‍ണം നേടി. സ്വർണമണിഞ്ഞ പുരുഷന്മാരുടെ 4x-400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, കുഞ്ഞിമുഹമ്മദ്, അമോജ് ജേക്കബ്് , വനിത 4x-400 മീറ്റര്‍ റിലേ ടീമിൽ ജിസ്ന മാത്യൂ എന്നിവർ അംഗങ്ങളായിരുന്നു. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനു രാഘവന്, ലോങ്ജംപില്‍ വി. നീന, , 10000 മീറ്ററില്‍ ടി. ഗോപി എന്നിവർ വെള്ളിനേട്ടത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മലയാളി പ്രതിഭകളാണ്. വനിത ലോങ്ജംപില്‍ നയന ജെയിംസ്, 400 മീറ്ററില്‍ ജിസ്ന മാത്യു, ട്രിപ്ൾ ജംപില്‍ എന്‍.വി ഷീന, 4-100 മീറ്റര്‍ റിലേ ടീമംഗം മെര്ലിന് ജോസഫ്, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം.പി ജാബിര്‍, 800 മീ ജിൻസൺ ജോൺസൺ എന്നിവര്‍ മലയാളി വെങ്കല നേട്ടക്കാരാണ്. മുഖ്യമന്ത്രി പിണറായി വിജയെൻറ ഫേസ്ബുക് പോസ്റ്റിനപ്പുറം അഭിനന്ദനം കിട്ടേണ്ടവരാണിവര്. പ്രതികൂല സാഹചര്യങ്ങളെ പിന്നിലാക്കിയാണ് ഈ താരങ്ങളെല്ലാം ഏഷ്യന്‍തലത്തില്‍ പതക്കനേട്ടം കൈവരിച്ചത്. സ്കൂള്‍ മേളകളില്‍ മുതല്‍ കേരളത്തിെൻറ ഖ്യാതിയുയര്‍ത്തിയ ഇവരെ കണ്ടില്ലെന്ന് നടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.