??????? ?????

വീട്ടിലല്ല, ടിന്‍റുവിന്‍െറ ക്രിസ്മസ് ട്രാക്കില്‍

കാലിടറാതെ മുന്നോട്ടുകുതിച്ച വേഗങ്ങള്‍ക്കിടയില്‍ ടിന്‍റു ലൂക്ക പിന്നിലാക്കിയത് സമയത്തെ മാത്രമല്ല. വിവാദങ്ങളെ, വിമര്‍ശനങ്ങളെ, പഴിചാരലുകളെ അങ്ങനെ തോല്‍പിക്കാന്‍ മുന്നോട്ടുവന്നതിനെയൊക്കെയും ഓടിത്തളര്‍ത്തിയ കായികതാരം പലപ്പോഴും ഇന്ത്യക്കുവേണ്ടി മാറ്റിവെച്ചത് തന്‍െറ ആഘോഷങ്ങളെയും ആനന്ദങ്ങളെയുംകൂടിയാണ്. 13 വര്‍ഷമായി ക്രിസ്മസ് ആഘോഷം ടിന്‍റു ലൂക്ക സ്പോര്‍ട്സിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. 2002ല്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സില്‍ എത്തിയശേഷം 2003ല്‍ മാത്രമാണ്  കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ചത്. എങ്കിലും ഓരോ ആഘോഷവും കുടുംബംപോലെ ഒന്നായ ഉഷ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ്. ഇത്തവണയും ആഘോഷം സ്കൂളില്‍തന്നെ. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ പപ്പ ലൂക്കോക്കും മമ്മി ലിസിക്കും അനിയത്തിമാരായ ഏയ്ഞ്ചലിനും ക്രിസ്റ്റീനക്കുമൊപ്പമുള്ള ക്രിസ്മസ് ഓര്‍മകള്‍ ടിന്‍റു പങ്കുവെക്കുന്നു...

ഇരിട്ടിയിലെ ക്രിസ്മസ്
വാളത്തോട് മമ്മിയുടെ വീട്ടിലായിരുന്നു എന്‍െറ കുട്ടിക്കാലത്തെ ആഘോഷങ്ങള്‍. അമ്മയുടെ സഹോദരന്‍െറ മകന്‍ എബിയാണ് പുല്‍ക്കൂട് നിര്‍മിക്കാനും ഉണ്ണിയേശുവിന്‍െറ രൂപമുണ്ടാക്കാനും കൂട്ട്. ഇടവകയിലെ  വീടുകള്‍ക്കിടയില്‍ ഏറ്റവും മികച്ച പുല്‍ക്കൂട് ഒരുക്കുന്നവര്‍ക്ക് പള്ളിയുടെ വക സമ്മാനമുണ്ട്. രാത്രി ക്രിസ്മസ് അപ്പൂപ്പനും കരോളും ആഘോഷവുമായി മാര്‍ക്കിടാന്‍ എത്തും. മികച്ച പുല്‍ക്കൂട് ഒരുക്കാനുള്ള മത്സരത്തിലും ഒരുകൈ നോക്കിയിട്ടുണ്ട്. അന്ന് ഒന്നാമതത്തെിയത്  ഇപ്പോഴും സുഖമുള്ള ഓര്‍മയാണ്.

ആഘോഷങ്ങള്‍ ഉഷച്ചേച്ചിക്കൊപ്പം
ഏഴാം ക്ളാസ് വിദ്യാര്‍ഥിയുടെ കൗതുകങ്ങളുമായി ഉഷ സ്കൂളില്‍ എത്തിയത് മുതല്‍ റിയോ ഒളിമ്പിക്സ് വരെ എന്‍െറ ഓരോ ചലനത്തിലും പി.ടി. ഉഷയുണ്ട്. ഇപ്പോള്‍ ആഘോഷങ്ങളെല്ലാം ഉഷച്ചേച്ചിക്കൊപ്പംതന്നെ. കൊയിലാണ്ടിയില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതിനേക്കാള്‍ രസം ഇപ്പോഴത്തെ ആഘോഷങ്ങള്‍ക്കാണ്. കൊയിലാണ്ടിയില്‍ നഗരത്തിന്‍െറ ബഹളങ്ങളിലായിരുന്നു സ്കൂള്‍. ഇപ്പോള്‍ കിനാലൂരില്‍ ശാന്തമായ പ്രദേശത്ത്. പുല്‍ക്കൂട് ഒരുക്കാന്‍ ആവശ്യത്തിലധികം പുല്ലുണ്ട്. സ്കൂളില്‍ മറ്റു കുട്ടികളും ജീവനക്കാരും ഉഷച്ചേച്ചിയുടെ ഭര്‍ത്താവും ഉഷ സ്കൂള്‍ ട്രഷററുമായ ശ്രീനിവാസന്‍ സാറും  ഉഷ സ്കൂള്‍ സെക്രട്ടറി അജനചന്ദ്രനും എല്ലാവരും ഒത്തുചേര്‍ന്നാണ് എല്ലാ ആഘോഷവും കൊണ്ടാടുന്നത്. സ്കൂള്‍ പഠനകാലത്ത് സ്കൂള്‍ മീറ്റ് മിക്കവാറും ഡിസംബറിലായിരിക്കും. അതിനുശേഷം നാഷനല്‍ മീറ്റിനുള്ള പരിശീലനമാണ്. കോളജിലേക്ക് കയറിയപ്പോള്‍ യൂനിവേഴ്സിറ്റി മീറ്റിനുള്ള പരിശീലനങ്ങള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ മത്സരങ്ങള്‍ ഒന്നുമില്ലാത്ത മാസങ്ങളിലാണ് ഇപ്പോള്‍ വീട്ടിലത്തെുന്നത്. മിക്കവാറും സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍. കായികലോകത്തിനുവേണ്ടിയുള്ള ഈ മാറ്റിവെക്കലുകള്‍ ഞാന്‍ ആസ്വദിക്കുകയാണ്. എന്‍െറ അസാന്നിധ്യത്തോട് വീട്ടുകാരും പൊരുത്തപ്പെട്ടുകഴിഞ്ഞു. പരിശീലനത്തിനുവേണ്ടിയായതിനാല്‍ അവര്‍ക്കും സന്തോഷമാണ്.

ആഘോഷങ്ങള്‍ എത്ര വന്നാലും പ്രാക്ടിസില്‍ അണുകിട മാറുന്നത് ഉഷച്ചേച്ചിക്ക് ഇഷ്ടമല്ല. രാവിലെ ആറര മുതല്‍ 9.30 വരെയും വൈകീട്ട് 4.30 മുതല്‍ ഏഴു മണിവരെയും പരിശീലനം നിര്‍ബന്ധമാണ്. അതിനായി ഉഷച്ചേച്ചി കൂടെ നില്‍ക്കുകയും ചെയ്യും. ക്രിസ്മസ് ദിവസം രാത്രിയാണ് ആഘോഷങ്ങള്‍. പുല്‍ക്കൂട് ഒരുക്കാന്‍ ഓപറേഷന്‍ മാനേജര്‍ ബാബുവേട്ടന്‍െറ സഹായമുണ്ടാകും. കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ആഘോഷം പൊടിപൊടിക്കും. ഇത്തവണ ഞായറാഴ്ചയായതിനാല്‍ പരിശീലനമുണ്ടാകില്ല. അതുകൊണ്ട് ആഘോഷങ്ങള്‍ നേരത്തേ തുടങ്ങും.

ഓടിനേടിയ ക്രിസ്മസ് സമ്മാനം
2009-10ല്‍ നേടിയ യൂനിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പാണ് ഓര്‍മയിലെ ഏറ്റവും പ്രിയമുള്ള ക്രിസ്മസ് സമ്മാനം. ഉഷ സ്കൂളില്‍നിന്ന് എല്ലാവരും ക്രിസ്മസ് ആഘോഷത്തിന് പോയപ്പോള്‍ ഞാനും ദര്‍ശനയും ശില്‍പയുമടങ്ങിയ ടീം പോയത് ചെന്നൈയില്‍ നടന്ന യൂനിവേഴ്സിറ്റി മീറ്റിനായിരുന്നു. 4X800 മീറ്റര്‍ റിലേയായിരുന്നു ഐറ്റം. റിലേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്ന് മാത്രമല്ല, 2008ല്‍ നേരിയ പോയന്‍റിന് നഷ്ടപ്പെട്ട ചാമ്പ്യന്‍ഷിപ്പും കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കുവേണ്ടി ഞങ്ങള്‍ക്ക് നേടാന്‍ കഴിഞ്ഞു. കേക്ക് മുറിച്ച് അവിടെതന്നെ ആഘോഷിച്ചു. പുല്‍ക്കൂടും കരോളും ക്രിസ്മസ് അപ്പൂപ്പനുമൊന്നുമില്ളെങ്കിലും അത്തവണത്തെ ക്രിസ്മസ് ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും.

വാശിയുടെ നോമ്പുകള്‍
കളത്തിന് പുറത്തും എനിക്ക് അല്‍പം വീറും വാശിയുമുണ്ടായിരുന്നു. ക്രിസ്മസിന് മുമ്പുള്ള നോമ്പുപിടിക്കുന്ന കാര്യത്തില്‍.  ഏഴാം ക്ളാസ് വരെയുള്ള നാട്ടിലെ കുട്ടിക്കാലത്ത് വാശിപ്പുറത്തായിരുന്നു നോമ്പുപിടിത്തമെല്ലാം. ക്രിസ്മസിന് മുമ്പുള്ള 25 നോമ്പുകള്‍ മീനും ഇറച്ചിയും കഴിക്കാതെ ആവേശത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  ഉഷ സ്കൂളില്‍ എത്തിയശേഷം പരിശീലനത്തിനൊപ്പം  ഭക്ഷണത്തില്‍ കൃത്യമായ മെനു പാലിക്കണം. അതുകൊണ്ട് നോമ്പുപിടിക്കാന്‍ ഇപ്പോള്‍ കഴിയാറില്ല.

ഭക്ഷണശീലങ്ങളില്‍ കൃത്യത വന്നതിനെക്കുറിച്ച്  ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരുന്ന ഒരു കാര്യമുണ്ട്. മമ്മിയും പപ്പയുംതന്നെയാണ് സ്പോര്‍ട്സിലെ എന്‍െറ ആദ്യ ചുവടുകള്‍ക്ക് വേഗം പകര്‍ന്നത്. മമ്മിയും കുട്ടിക്കാലത്ത് കുഞ്ഞ് കായികതാരമായിരുന്നു. എന്നാല്‍, പരിശീലനത്തെക്കുറിച്ചോ ഭക്ഷണത്തിലെ ചിട്ടയെക്കുറിച്ചോ മമ്മിക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ സ്പോര്‍ട്സില്‍ എന്തെങ്കിലുമാക്കണമെന്ന സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയായിരുന്നപ്പോള്‍ സബ് ജില്ല-ജില്ലതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പതിവിലേറെ ഭക്ഷണം നല്‍കിയായിരുന്നു  മമ്മി വിട്ടിരുന്നത്. ഓടുമ്പോള്‍ ക്ഷീണം തോന്നുമെന്ന ആധികൊണ്ടാണ് മമ്മി അങ്ങനെ ചെയ്തിരുന്നത്.  ഒളിമ്പിക്സ് വരെ എത്താന്‍ കഴിഞ്ഞത് മമ്മിയും പപ്പയും കൈപിടിച്ച് നടത്തിയതുകൊണ്ടുതന്നെയാണ്.

മുന്നോട്ട് കുതിപ്പിക്കുന്ന വാക്കുകള്‍
ഉഷച്ചേച്ചിക്ക് ഒരുപാട് അനുഭവങ്ങളുണ്ട്; പരിമിതികള്‍ക്കിടയിലും അവര്‍ ഓടിപ്പിന്നിട്ട ദൂരത്തെക്കുറിച്ചും നേരിട്ട തടസ്സങ്ങളെക്കുറിച്ചും. ചേച്ചിയുടെ അനുഭവങ്ങള്‍ നമുക്ക് കൂടുതല്‍ പ്രചോദനം തരും. മത്സരങ്ങള്‍ക്കു പോകുമ്പോള്‍ മെഡല്‍ നേടിയേ തിരിച്ചുവരാവൂവെന്ന സമ്മര്‍ദം ഒരിക്കലും ഉണ്ടാവാറില്ല. ‘‘നീ ഏറ്റവും മികച്ചത് ചെയ്യൂ’’ എന്നു മാത്രമാണ് പറയുന്നത്. പരിശീലനസമയത്ത് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ചേച്ചിക്ക് അറിയാം. അതില്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പിക്കില്ല.

2006ല്‍ പ്ളസ് വണിന് പഠിക്കുമ്പോള്‍ ഞാന്‍ ഗുവാഹതിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിന് പോയി. 4X400 മീറ്റര്‍ റിലേക്ക് അഞ്ചാമത്തെയാളായാണ് പോയത്. നാലാള്‍ ട്രാക്കിലിറങ്ങുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രണ്ടു പേരെക്കൂടി കൊണ്ടുപോകും. ട്രാക്കിലിറങ്ങാന്‍ കഴിയാത്തതുകൊണ്ട് ഉഷച്ചേച്ചിക്കൊപ്പം മത്സരങ്ങള്‍ കണ്ടു. അത്രയും വലിയ മത്സരത്തിന്‍െറ ഭാഗമാകുന്നത് ആദ്യമായിട്ടായിരുന്നു. ഓരോ അത്ലറ്റും ട്രാക്കിലിറങ്ങുമ്പോള്‍ ഉഷച്ചേച്ചി അവരെക്കുറിച്ച് പറഞ്ഞുതരും. സിനിമോള്‍ പൗലോസായിരുന്നു 800 മീറ്ററില്‍ അന്ന് ഇന്ത്യക്കുവേണ്ടി ഓടിയത്. മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത ഏഷ്യന്‍ ഗെയിംസ് നിന്‍േറതാണെന്ന് ചേച്ചി പറഞ്ഞു. സിനിമോള്‍ ഫിനിഷ് ചെയ്ത സമയത്തില്‍നിന്ന് എത്രയോ പിറകിലായിരുന്നു അന്ന് ഞാന്‍. അതുകൊണ്ട് ചേച്ചി കാര്യമായി പറഞ്ഞതാവില്ളെന്ന് ഓര്‍ത്തു. പക്ഷേ, 2010 ഗ്വാങ്ചോവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യക്കുവേണ്ടി ഒരു വെങ്കലമെഡല്‍ നേടാന്‍ എനിക്ക് കഴിഞ്ഞു. ഉഷ സ്കൂളിലെ ഓരോ കുട്ടിക്കും എന്തു നേടാനാകുമെന്ന് ചേച്ചിയുടെ കൈയില്‍ കൃത്യമായ അളവുണ്ട്.

വിവാദങ്ങള്‍ക്ക് മറുപടി പ്രകടനങ്ങളിലൂടെ
ആളുകള്‍ക്ക് പ്രതീക്ഷ കൂടുമ്പോഴാണ് അവര്‍ക്ക് പരിഭവമുണ്ടാകുന്നത്. ഓരോ മത്സരത്തില്‍ പങ്കെടുക്കുമ്പോഴും ഞാന്‍ സ്വര്‍ണംതന്നെ നേടണമെന്ന ആഗ്രഹമായിരിക്കും പരാതിയും പരിഭവവും നിരാശയുമൊക്കെയായി വരുന്നത്. അടുത്ത മത്സരങ്ങള്‍ക്കുവേണ്ടി കൂടുതല്‍ അധ്വാനിച്ച് കൂടുതല്‍ മികച്ച പ്രകടനം നടത്തുകയാണ് അതിനെ നേരിടാനുള്ള വഴി. ഉഷച്ചേച്ചിയും ഞാനും അകലുന്നു എന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചു. അതില്‍ മാനസികമായി വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു. പക്ഷേ, എന്നോട് സംസാരിക്കാതെ അവര്‍ എഴുതിയ വാര്‍ത്തയെക്കുറിച്ച് വേദനിച്ചിരിക്കാനുള്ള സമയമില്ലായിരുന്നു. അത്തരം വിവാദങ്ങളെ അവഗണിക്കാന്‍ ഇപ്പോള്‍ പഠിച്ചുവരുന്നു.
മാധ്യമങ്ങളുടെ മുനയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. പക്ഷേ, മാധ്യമങ്ങളോട് ഒട്ടും പരിഭവമില്ല. അവരുടെ ജോലി വാര്‍ത്തകള്‍ കണ്ടത്തെുകയാണല്ളോ. ഒരു വര്‍ഷം മുഴുവന്‍ പരിശീലിക്കുന്നത് ഒരു മത്സരത്തെ മുന്നില്‍കണ്ടാണ്. മോശമായി ചെയ്യണമെന്ന് വിചാരിച്ച് ഒരു അത്ലറ്റും ട്രാക്കിലിറങ്ങില്ല. ഏറ്റവും മികച്ചത് ചെയ്യണമെന്ന് കരുതിയാണ് ഞാനും മത്സരത്തിനൊരുങ്ങുന്നത്. ചില ദിവസങ്ങള്‍ നമ്മളുടേതായിരിക്കില്ല. അതുകൊണ്ട് മെഡലുകള്‍ നഷ്ടമാകുന്നു. പക്ഷേ, അതൊന്നും തളര്‍ത്താറില്ല. കൂടുതല്‍ കരുത്തോടെ മടങ്ങിവരാനുള്ള വഴിയാണ് തോല്‍വികള്‍. 2017ല്‍  നടക്കുന്ന മത്സരങ്ങള്‍ക്കുള്ള പരിശീലനത്തിലാണ് ഇപ്പോള്‍. അതില്‍ ഏറ്റവും മികച്ചത് ചെയ്യാനുള്ള പ്രയത്നമാണ് ഇപ്പോള്‍.

Tags:    
News Summary - athletics tintu luka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.