മിഡ്നാപുർ: റഫറിമാരുടെ പക്ഷപാതിത്വത്തെ മറികടന്ന് ഫൈനലിൽ എത്തിയത് വെറുതെയല്ലെന്ന് കാലിക്കറ്റിെൻറ ചുണക്കുട്ടികൾ തെളിയിച്ചു. പഞ്ചാബിെൻറ പോരാട്ടവീര്യത്തെ തല്ലിക്കെടുത്തിയ കാലിക്കറ്റിെൻറ വീരന്മാർ അശുതോഷ് മുഖര്‍ജി അഖിലേന്ത്യ സർവകലാശാല കിരീടം ഇടവേളക്കുശേഷം കേരളത്തിെൻറ മണ്ണിലേക്കെത്തിച്ചു. നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബ് സർവകലാശാലയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് കാലിക്കറ്റിെൻറ കിരീടധാരണം. വടക്കാഞ്ചേരി വ്യാസ കോളജിലെ പി.എ. നാസറാണ് വിജയ ഗോളുകൾ രണ്ടും നേടിയത്.
ആറു മിനിറ്റിെൻറ ഇടവേളയിലായിരുന്നു കാലിക്കറ്റിെൻറ രണ്ടു ഗോളും പിറന്നത്. ആദ്യ പകുതി ഗോൾ പിറക്കാതെ പോയപ്പോൾ 62ാം മിനിറ്റിലും 68ാം മിനിറ്റിലും ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയ കാലിക്കറ്റിെൻറ പോരാട്ടവീര്യം പഞ്ചാബിനെ നിഷ്പ്രഭമാക്കി. നാസറിെൻറ ഫ്രീകിക്കിൽനിന്നാണ് ആദ്യ ഗോൾ പിറന്നത്. സെമിഫൈനലിൽ ആതിഥേയരായ മിഡ്നാപുർ സർവകലാശാലക്കെതിരെ വിജയ ഗോൾ നേടിയ മഞ്ചേരി എൻ.എസ്.എസ് കോളജിെൻറ ഷിഹാദ് നെല്ലിപ്പറമ്പൻ നൽകിയ പാസിൽനിന്നാണ് രണ്ടാമത്തെ ഗോൾ നാസർ നേടിയത്. ഫാറൂഖ് കോളജിലെ വൈ.പി. മുഹമ്മദ് ഷെരീഫാണ് ക്യാപ്റ്റൻ. 78ാം മിനിറ്റിൽ ഷിഹാദ് ഫൗൾ ചെയ്തതിന് റഫറി വിധിച്ച പെനാൽറ്റി വലയിലാക്കിയെങ്കിലും അനിവാര്യമായ വിജയത്തിൽനിന്ന് കാലിക്കറ്റിനെ തടയാൻ പഞ്ചാബിനായില്ല. നാല് മിനിറ്റിനു ശേഷം കാലിക്കറ്റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുതലാക്കാനുമായില്ല.നാലുവർഷത്തെ ഇടവേളക്കു ശേഷമാണ് കാലിക്കറ്റ് അശുതോഷ് മുഖർജി കപ്പിൽ മുത്തമിടുന്നത്. ഒരു കാലത്ത് മങ്ങലേറ്റ ഫുട്ബാൾ പ്രതാപം വീണ്ടും കാലിക്കറ്റിലേക്ക് മടങ്ങിവരുകയാണ്.രണ്ടു പതിറ്റാണ്ടിെൻറ കിരീട വറുതിക്കുശേഷം 2013 ഡിസംബർ 31ന് മൂവാറ്റുപുഴയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എം.ജി യൂനിവേഴ്സിറ്റിയെ തറപറ്റിച്ചായിരുന്നു കാലിക്കറ്റ് ഒടുവിൽ കിരീടം നേടിയത്.
മാസങ്ങളായി നടത്തിയ പരിശീലനവും തയാറെടുപ്പുമാണ് വിജയം കൊണ്ടുവന്നതെന്ന് കോച്ച് സതീവൻ ബാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു. 2013ൽ കിരീടം നേടിയതും സതീവെൻറ പരിശീലനത്തിലായിരുന്നു. മുൻ ഇന്ത്യൻ താരം പദ്മശ്രീ പി.കെ. ബാനർജി കിരീടം സമ്മാനിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ജേതാക്കൾക്ക് അഭിനന്ദനം അറിയിച്ചു.
ടീമംഗങ്ങൾ: വൈ.പി. മുഹമ്മദ് ഷെരീഫ് (ക്യാപ്റ്റൻ), കെ.ഒ. ജിയാദ് ഹസ്സൻ, യു.എൻ. സന്ദീപ്, ടി.പി. അമൽ, എ.എസ്. ആഷിഖ്, വി.സി. അനൂപ്, ടി. സുഹൈൽ, എ.കെ. ഹമീം ജമാൽ, പി.എ. അജ്മൽ, പി. മുഹമ്മദ് സാബിത്, അർജൻ ജയരാജ്, ഷിഹാദ് നെല്ലിപ്പറമ്പൻ, മുഹമ്മദ് അനസ് റഹ്മാൻ, വി.കെ. അഫ്ളൽ, കെ.വി. അഭിനവ്, കെ.ആർ. മുഹമ്മദ്ഷെബിന്, ജിബിൻ ദേവസ്യ, ജിസ് ജീസസ് ജോസ്, പി.എം. അൻവർ സാദത്ത്, പി.എ. നാസർ. കോച്ച്: സതീവന്‍ ബാലൻ. അസി. കോച്ച്: മുഹമ്മദ് ഷെഫീഖ്. മാനേജർ: ഡോ. കെ.എസ്. ഹരിദയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.