പട്യാല: ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിലേക്ക് പറന്നുയരാനായില്ലെങ്കിലും നാല് സ്വർണവുമായി ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ കേരളം നിറഞ്ഞ ദിനം. നാല് സ്വർണവും ഒരു വെള്ളിയും നാല് വെങ്കലവും രണ്ടാം ദിനത്തിൽ കേരളത്തിെൻറ സൂപ്പർതാരങ്ങൾ പോക്കറ്റിലാക്കി. ഒളിമ്പ്യന്മാരായ ജിൻസൺ ജോൺസൺ (800 മീ), മുഹമ്മദ് അനസ് (400മീ) എന്നിവർക്കൊപ്പം നയന ജെയിംസ്, എം. ശ്രീശങ്കർ (ഇരുവരും ലോങ്ജംപ്) എന്നിവരാണ് പട്യാലയിലെ നേതാജി സുഭാഷ്ചന്ദ്ര ബോസ് സ്റ്റേഡിയത്തിൽ പൊൻ താരങ്ങളായി മാറിയത്. നയനക്കു പിന്നിൽ വി. നീന വെള്ളി നേടി.
തേജീന്ദറും ഹിമയും യോഗ്യരായി
രണ്ടാം ദിനത്തിൽ 10 ഫൈനൽ പോരാട്ടങ്ങൾ നടന്നെങ്കിലും കോമൺവെൽത്ത് ഗെയിംസ് യോഗ്യത ഉറപ്പിച്ചത് രണ്ടു േപർ. ആദ്യമായി 400 മീറ്ററിൽ മത്സരിക്കാനിറങ്ങിയ അസംകാരി ഹിമ ദാസ് മിന്നുന്ന പ്രകടനത്തോടെ യോഗ്യത നേടി. 51.97 സെക്കൻഡിലായിരുന്നു ഹിമയുടെ ഫിനിഷ്. 52 സെക്കൻഡാണ് യോഗ്യത മാർക്ക്.
പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ പഞ്ചാബിെൻറ തേജീന്ദർ പാൽ സിങ് 20.24 മീറ്റർ എറിഞ്ഞ് സ്വർണവും ഗെയിംസ് യോഗ്യതയും നേടി. 20.20 മീറ്ററായിരുന്നു യോഗ്യത മാർക്ക്. ഇൗ ഇനത്തിൽ കേരളത്തിെൻറ വി.പി. ആൽഫിൻ (17.46 മീ) വെങ്കലം നേടി.
മൂർച്ചയോടെ നീരജ്
ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റെന്ന പേരിന് അടിവരയിടുന്നതായി ജാവലിൻ ത്രോ താരം നീരജ് ചോപ്രയുടെ പ്രകടനം. 85.94 മീറ്റർ എറിഞ്ഞ ചോപ്ര മീറ്റ് റെക്കോഡിനൊപ്പം കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരവും താണ്ടി. കോമൺവെൽത് ഗെയിംസ് യോഗ്യത മാർക്കായ 81.80മീറ്റർ ഒരു മാസം മുമ്പ് ചോപ്ര മറികടന്നിരുന്നു.
ഗോൾഡൻ ശ്രീ
18കാരനായ എം. ശ്രീശങ്കറായിരുന്നു മലയാള ക്യാമ്പിലെ മിന്നും താരം. പുരുഷ വിഭാഗം ലോങ്ജംപിൽ 7.99 മീറ്റർ ചാടിയ ശ്രീശങ്കർ കരിയറിലെ ഏറ്റവും മികച്ച ദൂരം താണ്ടി സ്വർണമണിഞ്ഞു. എന്നാൽ, ഒരു സെൻറീമീറ്റർ വ്യത്യാസത്തിൽ കോമൺവെൽത്ത് ഗെയിംസ് യോഗ്യത നഷ്ടമായി. 8.00 മീറ്ററാണ് ഗെയിംസ് മാർക്. മുൻ രാജ്യാന്തര അത്ലറ്റുകളായ എസ്. മുരളിയുടെയും ബിജിമോളുടെയും മകനാണ് ശ്രീശങ്കർ.
നേരത്തെ ഗെയിംസ് യോഗ്യത നേടിയ വനിത ലോങ്ജംപിൽ നയന ജെയിംസ് 6.51മീറ്റർചാടിയാണ് സ്വർണമണിഞ്ഞത്. വി. നീന (6.28) വെള്ളിയും, റിൻറു മാത്യൂ (6.07മീ) വെങ്കലവും നേടി. നയനയും നീനയും നേരത്തെ ഗെയിംസ് യോഗ്യത നേടിയിരുന്നു. പുരുഷ വിഭാഗം 800 മീറ്ററിൽ ജിൻസൺ ജോൺസൺ സ്വർണവുമായി (1:46.32) മീറ്റ് റെക്കോഡ് മറികടന്നെങ്കിലും ഗെയിംസ് മാർക്ക് കടക്കാനായില്ല. കേരളത്തിെൻറ തന്നെ മുഹമ്മദ് അഫ്സലിനാണ് വെങ്കലം.
400മീറ്ററിൽ അനസ് (46.13) സ്വർണമണിഞ്ഞപ്പോൾ ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് വെള്ളിയും കേരള താരം കുഞ്ഞുമുഹമ്മദ് വെങ്കലവും നേടി.
ദ്യുതി വേഗതാരം
ഇന്ത്യയുടെ അതിവേഗക്കാരിയെന്ന പട്ടം ഒഡിഷയുടെ ദ്യുതി ചന്ദ് കൈവിട്ടില്ല. 11.60 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദ്യുതി വേഗറാണിയായത്. പുരുഷ വിഭാഗത്തിൽ തമിഴ്നാടിെൻറ ശിവ കുമാറാണ് വേഗതാരം (10.43സെ). തമിഴ്നാടിെൻറ തന്നെ എലക്കിയ ദാസൻ (10.56സെ) രണ്ടാമതായി. കേരളത്തിെൻറ അനുരൂപ് ജോൺ എട്ടാമനായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.