ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ

റിലയൻസിന് സ്പോൺസർഷിപ് കരാർ; ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്ന് സി.എ.ജി റിപ്പോർട്ട്

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. റിലയൻസിന് കരാറിൽ അനാവശ്യ ആനുകൂല്യം നൽകിയതായാണ് കണ്ടെത്തൽ.

റിലയൻസുമായി 2022 ആഗസ്റ്റ് ഒന്നിന് നിലവിൽ വന്ന 35 കോടിയുടെ കരാർ പ്രകാരം 2022 ഏഷ്യൻ ഗെയിംസിന്‍റെയും 2026ൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന്‍റെയും 2022, 2026 വർഷങ്ങളിലെ കോമൺവെൽത്ത് ഗെയിംസിന്‍റെയും 2024ലെ പാരീസ് ഒളിമ്പിക്സിന്‍റെയും 2028ലെ ലോസ് ഏഞ്ജലസ് ഒളിമ്പിക്സിന്‍റെയും പ്രധാന സ്പോൺസർ റിലയൻസാണ്. പിന്നീട്, 2023 ഡിസംബറിൽ കരാറിൽ വരുത്തിയ ഭേദഗതിയിലൂടെ 2026, 2030 വിന്‍റർ ഒളിമ്പിക്സ്, 2026, 2030 യൂത്ത് ഒളിമ്പിക്സ് എന്നിവയുടെയും സ്പോൺസർഷിപ്പ് റിലയൻസിന് ലഭിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

അധികമായി നാല് കായികമേളകളുടെ സ്പോൺസർഷിപ്പ് റിലയൻസിന് നൽകിയിട്ടും കരാർ തുക വർധിപ്പിക്കാൻ ഒളിമ്പിക് അസോസിയേഷൻ തയാറായില്ല. നേരത്തെയുണ്ടായിരുന്ന കരാർ തുകയായ 35 കോടി രൂപ അതേപടി നിലനിർത്തുകയാണ് ചെയ്തത്. നേരത്തെ, ആറ് മേളകൾക്ക് 35 കോടി രൂപ സ്പോൺസർഷിപ്പായി കണക്കാക്കി കരാറിലെത്തിയ സാഹചര്യത്തിൽ, രണ്ടാമത് നാല് മേളയുടെ സ്പോൺസർഷിപ്പ് കൂടി നൽകിയപ്പോൾ, ഒരു മേളക്ക് ആറ് കോടിയെന്ന കണക്കിൽ ആകെ 59 കോടി സ്പോൺസർഷിപ്പ് തുകയായി ആവശ്യപ്പെടാമായിരുന്നു. ഇത് ചെയ്യാത്തതോടെ 24 കോടി രൂപയുടെ നഷ്ടമാണ് റിലയൻസിനോട് ഒളിമ്പിക് അസോസിയേഷൻ അമിത പ്രീതി കാട്ടിയതിലൂടെ സംഭവിച്ചിരിക്കുന്നത് -റിപ്പോർട്ടിൽ പറയുന്നു.

സ്പോൺസർഷിപ്പ് തുക 59 കോടിയായി ഉയർത്താതിരുന്നത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ വിശദീകരണം നൽകണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാൽ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) പുതിയ നിബന്ധനയാണ് റിലയൻസിന് നാല് മേളകളുടെ സ്പോൺസർഷിപ്പ് കൂടി അനുവദിക്കാൻ കാരണമായതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വിശദീകരിക്കുന്നു. നേരത്തെയുള്ള കരാറിൽ, ഗെയിമുകളിലെ 'ഇന്ത്യ ഹൗസ്' -ടീമിനായുള്ള കേന്ദ്രം- നിർമിക്കാനും അതിൽ പേര് നൽകാനും സ്പോൺസർമാർക്ക് അവകാശമുണ്ടായിരുന്നു. എന്നാൽ, 2022ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇത് ഒഴിവാക്കി. സ്പോൺസർമാരുടെ പേര് പറ്റില്ലെന്നും രാജ്യങ്ങളുടെ പേര് മാത്രമേ പറ്റൂവെന്നുമാണ് ഐ.ഒ.സി തീരുമാനിച്ചത്. ഇതോടെ, തങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവില്ലെന്നും അതിന് പരിഹാരം വേണമെന്നും റിലയൻസ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് നാല് അധിക മേളകളുടെ സ്പോൺസർഷിപ്പ് കൂടി അധിക തുക ഈടാക്കാതെ റിലയൻസിന് നൽകിയതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റിന്‍റെ എക്സിക്യൂട്ടിവ് അസിസ്റ്റന്‍റ് അജയ് കുമാർ വിശദീകരിക്കുന്നു.

ഒരു മേളക്ക് ആറ് കോടിയെന്ന് സി.എ.ജി കണക്കാക്കിയതിലും തെറ്റുണ്ടെന്ന് ഇവർ പറയുന്നു. ഓരോ മേളക്കുമുള്ള പ്രാധാന്യവും പങ്കാളിത്തവും കണക്കിലെടുത്താണ് തുക കണക്കാക്കേണ്ടത്. വിന്‍റർ ഒളിമ്പിക്സിലും യൂത്ത് ഒളിമ്പിക്സിലും ഇന്ത്യയുടെ പങ്കാളിത്തം വളരെ കുറവാണെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. 

Tags:    
News Summary - IOA’s ‘faulty’ agreement with RIL led to loss of ₹24 crore: CAG report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT