ഭുവനേശ്വർ: യുദ്ധം തളര്‍ത്തിയ സിറിയയില്‍നിന്ന് തളരാത്ത പോരാട്ടവീര്യവുമായി ഹിബ അല്‍ ഉമർ. ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിെൻറ ഉദ്ഘാടനദിനം മാര്‍ച്ച്പാസ്റ്റില്‍ ഏകാംഗ പോരാളിയായി ശ്രദ്ധനേടിയ ഹിബ ഡിസ്കസ്ത്രോയില്‍ മത്സരിക്കാനാണ് ഭുവനേശ്വറിലെത്തിയത്. സിറിയയെക്കുറിച്ച് മനസ്സില്‍ വരുന്ന യുദ്ധവും രാഷ്ട്രീയവും ചോദിച്ചാല്‍ ഹിബ ചിരിച്ചുകൊണ്ട് മറുപടി നല്‍കും, ഞങ്ങളുടെ നാട്ടില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്. അവിടെ കുഴപ്പമായിരുന്നെങ്കില് ഞങ്ങള്‍ എങ്ങനെ ഇവിടെ എത്തുമായിരുന്നു എന്നാണ് മറുചോദ്യം. എന്തോക്കെയോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്ന ഹിബ കള്ളംപറയുകയാണെന്ന് വ്യക്തം.
ഈ താരത്തിനോടുള്ള ചോദ്യങ്ങളെല്ലാം ടീം മാനേജര്‍ മുഹ്സിന് അബ്ബാസിന് ഇഷ്ടമാകില്ല. സിറിയയില്‍ ഒരു കുഴപ്പവുമില്ലെന്നും മാധ്യമങ്ങളാണ് കുഴപ്പക്കാരെന്നുമാണ് അബ്ബാസിെൻറ പക്ഷം. ഡമസ്കസില്‍ താമസിക്കുന്ന ഹിബക്ക്് പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നുണ്ട്. എങ്കിലും, വിദേശ പരിശീലനവും കോച്ചുമാരുടെ അഭാവവും വെല്ലുവിളിയാണ്. ഇന്ത്യയിലേക്ക് വിസ കിട്ടാനും അല്പം ബുദ്ധിമുട്ടി.
ഡിസ്കസ്ത്രോയില്‍ 48.82 മീറ്റര്‍ ദൂരവുമായി ദേശീയ റെക്കോഡ് ജേത്രിയാണ് ഹിബ. ഷോട്ട്പുട്ടിലും ഒരുകൈ നോക്കാറുണ്ട്. രണ്ടുവട്ടം ഡിസ്കസ്ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ സാന്ദ്ര പെര്കോവിചാണ് ഹിബയുടെ റോള്‍മോഡൽ. അത്ലാൻറ ഒളിമ്പിക്സില്‍ ഹെപ്റ്റാത്ലണില് സ്വര്‍ണമണിഞ്ഞ സിറിയക്കാരി ഖാദ ഷൗവയെ ഏറെ ഇഷ്ടമാണ്. അവസാനദിനമായ ഇന്നാണ് ഹിബയുടെ മത്സരം. പുരുഷന്മാരുടെ ഹൈജംപില്‍ മത്സരിക്കാന്‍ മജീദ് എദിന്‍ ഗസല്‍ എന്ന സിറിയന്‍ താരവും ഭുവനേശ്വറിലുണ്ട്. റിയോ ഒളിമ്പിക്സിനുമുമ്പ് ഡമസ്കസിലെ പരിശീലനകേന്ദ്രം ആക്രമണത്തില്‍ തകര്‍ന്ന കഥപറയാനുണ്ട് ഗസലിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.