ലണ്ടൻ: ജാവലിൻ ത്രോയിൽ കണ്ണുകളെല്ലാം നീരജ് ചോപ്രയിലേക്ക് നീണ്ടപ്പോൾ ലണ്ടനിൽ താരമായത് ദേവീന്ദർ സിങ് കാങ്. അമിത പ്രതീക്ഷകളിൽ സമ്മർദപ്പെട്ടുപോയ ലോക ജൂനിയർ ചാമ്പ്യനും റെക്കോഡുകാരനുമായ നീരജ് ചോപ്ര യോഗ്യത ദൂരം കണ്ടെത്താതെ നിരാശപ്പെടുത്തിയപ്പോൾ കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി ദേവീന്ദർ സിങ് ഫൈനലിൽ കടന്നു.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ജാവലിൻ ത്രോയിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റ് എന്ന ബഹുമതി ഇൗ പഞ്ചാബ് താരത്തിന് സ്വന്തം. വ്യാഴാഴ്ച രാത്രി നടന്ന ഗ്രൂപ് ‘എ’ യോഗ്യത റൗണ്ടിൽ മത്സരിച്ച നീരജാണ് ആദ്യം എറിയാനെത്തിയത്. മികച്ച വ്യക്തിഗത ദൂരമായ 86.48 മീറ്ററും, സീസണിലെ പ്രകടനമായ 85.63 മീറ്ററും നൽകിയ ആത്മവിശ്വാസത്തിലെത്തിയ നീരജിന് പക്ഷേ, യോഗ്യത മാർക്കായ 83 കടക്കാൻ കഴിഞ്ഞില്ല.
ആദ്യ ശ്രമത്തിൽ 82.26 മീ. എറിഞ്ഞപ്പോൾ, രണ്ടാം ശ്രമം ഫൗളായി. മൂന്നാം ശ്രമത്തിൽ 80.54 മീറ്റർ മാത്രമേ താണ്ടാനായുള്ളൂ. പ്രതീക്ഷ പുലർത്തിയ നീരജ് പുറത്തായതോടെ നിരാശയിലായി ഇന്ത്യൻ ക്യാമ്പ്. തൊട്ടുപിന്നാലെ ‘ബി’ ഗ്രൂപ്പിൽ മത്സരിക്കാനെത്തിയ ദേവീന്ദറിെൻറ ലക്ഷ്യം എങ്ങനെയും ഫൈനൽ ടിക്കറ്റ് എന്നുമാത്രമായി. ഒന്നും രണ്ടും ശ്രമങ്ങളിൽ (82.22, 82.14 മീറ്റർ) മാർക്ക് മറികടന്നില്ല.
അവസാന ശ്രമത്തിൽ ലോകചാമ്പ്യൻ തോമസ് റോളറെയും (83.87മീ), ഒളിമ്പിക്സ് ചാമ്പ്യൻ ജൂലിയസ് യെഗോയെയും (83.57മീ)പിന്തള്ളി 84.22 മീറ്റർ എറിഞ്ഞ് ചരിത്രം കുറിച്ചു. 84.57 മീറ്റർ ആണ് ഇന്ത്യൻ താരത്തിെൻറ മികച്ച വ്യക്തിഗത പ്രകടനം. ഫൈനൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദേവീന്ദർ. ശനിയാഴ്ച രാത്രി 12.45നാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.