വിജയവാഡ: 78ാമത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് കലാശപ്പോരാട്ടത്തിലേക്ക് കടക്കവെ എം.ജി, കാലിക്കറ്റ് സർവകലാശാലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവിലെ ജേതാക്കളായ മാംഗ്ലൂർ മികച്ച ലീഡുമായി ഓവറോൾ കിരീടത്തിലേക്ക് കുതിക്കുമ്പോൾ രണ്ടാം സ്ഥാനത്തിനാണ് കേരളത്തിൽ നിന്നുള്ള സർവകലാശാലകളുടെ മത്സരം. 112 പോയൻറുള്ള മാംഗ്ലൂരിനു പിറകിൽ എം.ജിക്ക് 70ഉം കാലിക്കറ്റിന് 60ഉം പോയൻറാണുള്ളത്. പുരുഷ വിഭാഗത്തിൽ 81 പോയൻറുമായി മാംഗ്ലൂർ ബഹുദൂരം മുന്നിലാണ്. കാലിക്കറ്റ് (39) രണ്ടും പഞ്ചാബി (32) മൂന്നും സ്ഥാനത്താണ്. വനിതകളിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ കുതിക്കുന്ന എം.ജി തന്നെയാണ് 42 പോയേൻറാടെ തലപ്പത്ത്. മാംഗ്ലൂരിന് (31) പിറകിൽ മൂന്നാമതാണ് കാലിക്കറ്റ് (24). കഴിഞ്ഞ ദിവസം 5000 മീറ്ററിൽ സ്വന്തം റെക്കോഡ് തകർത്ത് സ്വർണം നേടിയ പുണെ സാവിത്രിഭായ് ഫൂലെ യുടെ സഞ്ജീവനി ജാദവ് 10,000 മീറ്ററിലും നേട്ടം ആവർത്തിച്ചു. 2015ൽ താൻ കുറിച്ച 34:06.91 സെ. സമയം 33:14.16 സെക്കൻഡിലാണ് തിരുത്തിയത്.
നാലാം ദിനം മൂന്നു സ്വർണം
പുരുഷന്മാരുടെ പോൾവാൾട്ടിൽ റെക്കോഡുമായി കാലിക്കറ്റിെൻറ കെ.ജി. ജെസൻ, ഹൈജംപിൽ എം.ജി യുടെ ജിയോ ജോസ്, എം.ജിയുടെ 4 X 100 മീ. റിലേ വനിത ടീം എന്നിവരാണ് വെള്ളിയാഴ്ച സ്വർണം നേടിയത്. റെക്കോഡ് മറികടന്ന പ്രകടനത്തിലൂടെ എം.ജിയുടെ റിലേ പുരുഷ ടീം, കാലിക്കറ്റിെൻറ റിലേ വനിത ടീം, വനിതകളുടെ ലോങ്ജംപിൽ എം.ജിയുടെ രമ്യ രാജൻ (എം.ജി), 400 മീ. ഹർഡിൽസിൽ ജെറിൻ ജോസഫ് (എം.ജി) എന്നിവർ വെള്ളിയും പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ കെ. അനീഷ്, 400 മീ. ഹർഡിൽസിൽ എ. റാഷിദ്, വനിതകളുടെ 10,000 മീറ്ററിൽ എം.ഡി. താര (മൂവരും കാലിക്കറ്റ്), 400 മീ. ഹർഡിൽസിൽ കേരളയുടെ പി.ഒ. സയന എന്നിവർ വെങ്കലവും കരസ്ഥമാക്കി.
പറന്നു പറന്ന് ജെസൻ
മൂന്നാം ദിനം മരിയ ജെയ്സൺ ചെയ്തതിന് സമാനമായി സ്വന്തത്തോടുതന്നെ മത്സരിച്ച് റെക്കോഡ് സ്വന്തമാക്കിയ പാലക്കാട് കല്ലടി എം.ഇ.എസ് കോളജിലെ ജെസനായിരുന്നു വെള്ളിയാഴ്ചയിലെ താരം. ഒപ്പം മത്സരിച്ചവരെല്ലാം 4.80 മീറ്ററിനപ്പുറത്തേക്ക് പോകാനാവാതെ ഇടറിവീണപ്പോൾ 2015ൽ പഞ്ചാബിയുടെ സോനു സൈനി കുറിച്ച 4.90 മീറ്ററും കടന്ന് കുതിച്ച ജെസൻ 4.91 മീറ്റർ താണ്ടിയാണ് മത്സരം അവസാനിപ്പിച്ചത്. കടുത്ത ചുമയെയും അതിജീവിച്ചായിരുന്നു ചേർത്തല സ്വദേശിയായ ജെസെൻറ ജയം. ഹൈജംപിൽ 2.11 മീറ്റർ മറികടന്നാണ് എറണാകുളം സെൻറ് ആൽബർട്സ് വിദ്യാർഥിയായ ജിയോ ജോസ് സ്വർണം ചാടിയെടുത്തത്. 2015ൽ മാംഗ്ലൂരിനായി മലയാളി താരം ശ്രീനിത്ത് മോഹൻ കുറിച്ച 2.20 മീറ്ററിെൻറ റെക്കോഡിന് അടുത്തെത്താൻ ജിയോക്കായില്ല.
റിലേയിൽ നേട്ടവും നിരാശയും
ആദ്യ രണ്ടു സ്ഥാനക്കാരും റെക്കോഡ് മറികടന്ന പുരുഷ 4 x 100 മീ. റിലേയിൽ എം.ജി വെള്ളി സ്വന്തമാക്കിയപ്പോൾ മുന്നിൽ നിൽക്കെ ബാറ്റൺ കൈമാറ്റത്തിനിടെ വരുത്തിയ പിഴവ് കാലിക്കറ്റിന് നഷ്ടമാക്കിയത് ഉറച്ച സ്വർണം. ഒന്നാമതെത്തിയ മാംഗ്ലൂരും (40.83 സെ.) രണ്ടാമതെത്തിയ എം.ജിയും (40.91) രണ്ടു വർഷം മുമ്പ് കേരള സ്ഥാപിച്ച 41.03 സെ. റെക്കോഡാണ് മായ്ച്ചുകളഞ്ഞത്. എം.ജിക്കായി എസ്. ലിബിൻ, അതുൽ സേനൻ, അഭിജിത് നായർ, സചിൻ ബിനു എന്നിവരാണ് ഓടിയത്.
വനിതകളിൽ എം.ജി സ്വർണം സ്വന്തമാക്കിയപ്പോൾ കാലിക്കറ്റ് രണ്ടാമതെത്തി. കെ.എസ്. അഖില, ടി.എസ്. ആര്യ, അഞ്ജലി ജോൺസൻ, രമ്യ രാജൻ എന്നിവർ അണിനിരന്ന എം.ജി ടീം 46.64 സെക്കൻഡിലും അമല മാത്യു, എം. സുഗിന, യു.വി. ശ്രുതിരാജ്, എം.വി. ജിൽന എന്നിവരുടെ കാലിക്കറ്റ് സംഘം 47.10 സെക്കൻഡിലുമാണ് ഫിനിഷ് ലൈൻ തൊട്ടത്.
ഇന്ന് 13 ഫൈനൽഅവസാന ദിനമായ ഇന്ന് 13 ഫൈനലുകൾ നടക്കാനിരിക്കെ സ്ഥാനങ്ങൾ മാറിമറിയാനുള്ള സാധ്യത നിലനിൽക്കുന്നു. മെഡൽ സാധ്യതയുള്ള ഇനങ്ങൾ അവശേഷിക്കുന്നതിനാൽ പ്രതീക്ഷയിലാണ് എം.ജി, കാലിക്കറ്റ് സർവകലാശാലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.