വിജയവാഡ: ദേശീയ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 23ാം വട്ടവും കേരളം കിരീടമണിയുമോ? അതോ ഹരിയാനയുടെ അട്ടിമറിക്കുതിപ്പിൽ വഴുതിവീഴുമോ? പോരാട്ടത്തിന് കൊടിയിറങ്ങാൻ രണ്ടു പകൽ ദൂരം ബാക്കിയുണ്ടെങ്കിലും കേരളത്തിെൻറ വിധി ഞായറാഴ്ച അറിയാം. മൂന്നു ദിനം പൂർത്തിയായപ്പോൾ കേരളം ടോപ് ഗിയറിലേക്ക് മാറിക്കഴിഞ്ഞെങ്കിലും കാത്തിരിപ്പ്, അവസാന ലാപ്പിലെ മിന്നൽ വേഗത്തിന്. മംഗളഗിരി ആചാര്യ നാഗാർജന സർവകലാശാലയിലെ മൂന്നാം ദിനത്തിൽ അഞ്ച് സ്വർണവും നാല് വെള്ളിയും നാല് വെങ്കലവും കൂടി സ്വന്തമാക്കിയാണ് ചാമ്പ്യന്മാരുടെ പടയോട്ടം.
ഇതോടെ കേരളത്തിെൻറ മെഡൽ വേട്ട 10 സ്വർണം, 10 വെള്ളി, 10 െവങ്കലം എന്നായി. ഒന്നാം സ്ഥാനത്തുള്ള ഹരിയാന ശനിയാഴ്ച അഞ്ച് സ്വർണം കൂടി നേടി (15-10-9). പോൾവാൾട്ടിൽ സ്വന്തം റെക്കോഡ് തിരുത്തിയ നിവ്യ ആൻറണി, ഹൈജംപിൽ ജിയോജോസ്, ലോങ്ജംപിൽ ഡാലിയ പി. ലാൽ, ആൻസി സോജൻ, 400 മീറ്ററിൽ പ്രിസ്കില ഡാനിയേൽ എന്നിവരാണ് കേരള അക്കൗണ്ടിൽ സ്വർണ നിക്ഷേപമായത്.
വെള്ളി: അതുൽ സേനൻ (അണ്ടർ-20, 100 മീ.), ടി.കെ. സായൂജ് (അണ്ടർ-16, 400 മീ.), ടി. ആരോമൽ (അണ്ടർ-20, ഹൈജംപ്), ആൽഫി ലൂക്കോസ് (അണ്ടർ-20, ട്രിപ്പ്ൾ ജംപ്). വെങ്കലം: ആശസോമൻ (അണ്ടർ-18, 5 കി.മീ. നടത്തം), സാന്ദ്രാ സുരേന്ദ്രൻ (അണ്ടർ-16, 3 കി.മീ. നടത്തം), അനുജോസഫ് (അണ്ടർ-16, 100 മീ.), കെസിയ മറിയം ബെന്നി (അണ്ടർ-16, ഷോട്ട്പുട്ട്).
അതിവേഗം ഉത്തരേന്ത്യ
അതിവേഗക്കാരെ നിർണയിക്കുന്ന 100 മീറ്ററിൽ കേരളത്തിന് ചുവട് പിഴച്ചപ്പോൾ മെഡലുകൾ വാരിക്കൂട്ടി ഉത്തരേന്ത്യൻ മേധാവിത്വം. മീറ്റിെൻറ ഏറ്റവും വേഗക്കാരായി യു.പിയുടെ ആകാശ് കുമാറും (അണ്ടർ-20, 10.67 സെ.) മഹാരാഷ്ട്രയുടെ ചൈത്രാലി ഗുജറും (അണ്ടർ-20, 12.13 സെ.) ഫിനിഷ് ചെയ്തു. ആൺകുട്ടികളിൽ കേരളത്തിെൻറ അതുൽ സേനൻ വെള്ളിയിലൊതുങ്ങി (10.85 സെ.).
പറന്നുയർന്ന് നിവ്യ
റഷ്യൻ ഇതിഹാസം യെലേന ഇസിൻബയേവയാണ് കല്ലടി സ്കൂൾ താരം നിവ്യ ആൻണിയുടെ ഇഷ്ടതാരം. സ്വന്തം റെേക്കാഡുകൾ തിരുത്തുന്നത് ശീലമാക്കിയ ഇസിൻബയേവയെപ്പോലെ സ്വന്തം ഉയരം മാറ്റിയെഴുതുകയാണ് ഇൗ കൊച്ചുമിടുക്കി. ദേശീയ ജൂനിയർ മീറ്റിൽ 3.55 മീറ്റർ ഉയർന്നുപറന്ന് ദേശീയ-മീറ്റ് റെക്കോഡുകൾ തിരുത്തിയപ്പോൾ സ്വന്തം പേരിലെ പ്രകടനം തന്നെയാണ് മാറിമറിഞ്ഞത്. കണ്ണൂർ കൂത്തുപറമ്പ് കോളയാട് ആൻറണി-റെജി ദമ്പതികളുടെ മകൾ പാലാ ജംപ്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.
ഒാടിയും ചാടിയും മുന്നേറ്റം
100 മീറ്ററുകളിൽ സ്വർണം ഉറപ്പിച്ച രണ്ടുപേർക്ക് നിർഭാഗ്യം വിനയായി. അണ്ടർ-20 ആൺകുട്ടികളിൽ ഒാംകാർനാഥ് ഒാട്ടത്തിനിടെ പരിക്കേറ്റ് വീണപ്പോൾ അണ്ടർ-18 പെൺകുട്ടികളിൽ അപർണ റോയിക്ക് ഫൗൾസ്റ്റാർട്ടിൽ പിഴച്ചു. എന്നാൽ, 400ൽ അണ്ടർ-16 പെൺകുട്ടികളിൽ പ്രിസ്കില ഡാനിയേൽ മിന്നൽ വേഗത്തിൽ സ്വർണമണിഞ്ഞ് എതിരാളികളെ ഞെട്ടിച്ചു (57.04 സെ.). പത്തനംതിട്ട നെല്ലിമല സ്വദേശിയായ പ്രിസ്കില തിരുവനന്തപുരം സായിയിലാണ് പരിശീലനം നടത്തുനന്നത്. അണ്ടർ-16 ആൺകുട്ടികളിൽ കോഴിക്കോട് കൂരാച്ചുണ്ടിലെ ടി.കെ. സായുജ് (49.39 സെ.) വെള്ളി നേടി. സീനിയർ ആൺകുട്ടികളിൽ ഡൽഹി മലയാളിയായ അമോജ് ജേക്കബ് (46.59 സെ.) ദേശീയ-മീറ്റ് റെക്കോഡ് കുറിച്ചു.
ലോങ്ജംപിലായിരുന്നു രണ്ട് സ്വർണങ്ങൾ. അണ്ടർ-14 പെൺകുട്ടികളിൽ കോട്ടയം ഭരണങ്ങാനം സ്കൂളിലെ ഡാലിയ പി. ലാൽ (5.03 മീ.), അണ്ടർ-18ൽ നാട്ടിക ഫിഷറീസിലെ ആൻസി സോജൻ (5.97 മീ.) സ്വർണം നേടി. അണ്ടർ-20 ഹൈജംപിൽ 2.12 മീറ്റർ ചാടിയാണ് വരാപ്പുഴക്കാരൻ ജിയോ ജോസ് സ്വർണമണിഞ്ഞത്. മീറ്റിെൻറ നാലാം ദിനമായ ഞായറാഴ്ച 4x400 റിലേ, 400 ഹർഡ്ൽസ് ഇനങ്ങളിലായി കേരളം സ്വർണപ്രതീക്ഷയോടെ ഇറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.