പാലാ: പതിവായി നടക്കാത്തതെല്ലാം പാലായില്‍ ‘നടക്കും’. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിെൻറ നടത്തമത്സരങ്ങള് റോഡിലാണ് ഇത്തവണ അരങ്ങേറിയത്. പാലാ-തൊടുപുഴ ബൈപാസിലായിരുന്നു ശനിയാഴ്ച രാവിലെ നടപ്പുകാര്‍ അണിനിരന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അഞ്ച് കിലോമീറ്ററും ജൂനിയര്‍ വിഭാഗങ്ങളിലെ മൂന്ന് കിലോമീറ്ററും മത്സരങ്ങള്‍ക്കാണ് ബൈപാസ് ‘ട്രാക്ക്’ ആയത്. 2008ല്‍ കോട്ടയത്ത് നടന്ന സ്കൂള്‍ കായികമേളയിലാണ് അവസാനമായി റോഡില്‍ നടത്ത മത്സരം അരങ്ങേറിയത്.
റോഡിലെ നടത്തം അവസാനിച്ചപ്പോള്‍ പുതിയ സമയങ്ങളൊന്നും പിറന്നില്ല. കുണ്ടും കുഴിയുമില്ലാത്ത റോഡാണെങ്കിലും ചെറിയൊരു കയറ്റവും ഇറക്കവും കുട്ടികളെ കുഴക്കി. നടത്തം റോഡിലായതിനാല്‍ കൃത്യസമയത്ത് ട്രാക്കിലെ മത്സരങ്ങള്‍ തുടങ്ങാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.
അതേസമയം, റോഡിലായാലും ട്രാക്കിലായാലും നല്ലനടപ്പുകാര്‍ പാലക്കാട്ടുകാരാണെന്ന് മത്സരം വീണ്ടും തെളിയിച്ചു. നാലില്‍ മൂന്ന് സ്വര്‍ണമടക്കം 12 മെഡലാണ് പാലക്കാട് സ്വന്തമാക്കിയത്. സീനിയര്‍ ആണ്‍കുട്ടികളില്‍ എറണാകുളം മാതിരിപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ വി.കെ. അഭിജിത്തിനാണ് സ്വര്‍ണം. 22 മിനിറ്റ് 06.50 സെക്കന്‍ഡിലായിരുന്നു അഭിജിത്ത് നടന്നു തീര്‍ത്തത്. സീനിയർ പെണ്‍കുട്ടികളില്‍ പാലക്കാട് മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.കെ. ശ്രീജ സ്വര്‍ണം നിലനിര്‍ത്തുകയായിരുന്നു.
ജൂനിയര്‍ മൂന്ന് കിലോമീറ്ററില്‍ പെണ്‍കുട്ടികളില്‍ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ സാന്ദ്ര സുരേന്ദ്രൻ സ്വർണം നേടി. കെ. അക്ഷയക്കാണ് വെള്ളി. ആണ്‍കുട്ടികളില്‍ പറളിയുടെ ഡി.കെ. നിശാന്ത് ജേതാവായി. കണ്ണൂര്‍ എളയാവൂര് സി.എച്ച്. എം.എച്ച്.എസിലെ മുഹമ്മദ് അഫ്ഷാനാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.