പാലാ: 28 വർഷം മുമ്പ് കോട്ടയം നഗരത്തിലെ മൈതാനത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേള ജൂനിയർ ഡിസ്കസ് ത്രോയിലെ സ്വർണമെഡൽ ജേതാവ് കെ.സി. ഗിരീഷ് ശനിയാഴ്ച പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ മത്സരം കഴിഞ്ഞപ്പോൾ ഇദ്ദേഹം മൈതാനത്തെത്തി വിജയിയെ കെട്ടിപ്പിടിച്ചു. 1989ൽ തന്നെത്തേടിെയത്തിയത് പോലൊരു സ്വർണമെഡൽ മറ്റൊരു പത്താം ക്ലാസുകാരൻ കഴുത്തിലണിയുമ്പോൾ ഗിരീഷ് അതിരറ്റ് ആനന്ദിക്കാനും ആഘോഷിക്കാനും വ്യക്തമായ കാരണമുണ്ട്. മകൻ സിദ്ധാർഥിനാണ് ഇത്തവണ ഒന്നാം സ്ഥാനം.
കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസ് വിദ്യാർഥിയായ സിദ്ധാർഥ് 45.24 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. നീലേശ്വരം രാജാസ് എച്ച്.എസ്.എസിനുവേണ്ടി അന്ന് ഗിരീഷ് സ്വന്തമാക്കിയ മെഡൽ (36 മീ.) കാസർകോട് ജില്ലയുടെ തന്നെ ആദ്യകാല നേട്ടങ്ങളിലൊന്നായിരുന്നു. തുടർച്ചയായ ഏഴുവർഷം സംസ്ഥാന അമച്വർ ചാമ്പ്യനുമായി ഇദ്ദേഹം. അച്ഛനിലും മകനിലും തീരുന്നില്ല കുടുംബത്തിെൻറ ഡിസ്കസ് ത്രോ-കായിക വിശേഷങ്ങൾ. ഗിരീഷിെൻറ അനിയൻ സതീഷ് സംസ്ഥാന സ്കൂൾ മീറ്റ് ഷോട്ട്പുട്ട് സ്വർണജേതാവും ഡിസ്കസ് ത്രോ വെങ്കലമെഡലുകാരനുമാണ്. വീട്ടിൽ വേറെയുമുണ്ട് കായിക താരങ്ങൾ.
സംസ്ഥാന കബഡി ടീം ക്യാപ്റ്റനായിരുന്നു ഗിരീഷിെൻറ സഹോദരി ഗീത. ഇവരുടെ മകൻ പ്രിയേഷിന് ഡിസ്കസ് ത്രോയിൽ സംസ്ഥാന മീറ്റിൽ സ്വർണം ലഭിച്ചിട്ടുണ്ട്. മറ്റൊരു സഹോദരിയായ പ്രീതയുടെ മകൻ പ്രേം സാഗറും സംസ്ഥാന ഡിസ്കസ് ത്രോ മെഡൽ ജേതാവാണ്. സിദ്ധാർഥിെൻറ ഇളയവനായ സർവനും ഡിസ്കസ് ത്രോ താരമാണ്. ഉപജില്ല മീറ്റിൽ പങ്കെടുത്തു ഇക്കുറി സർവൻ. കാസർകോട് മൈച്ചയാണ് സ്വദേശം. ഫിസിക്കൽ ട്രെയിനറായ ഗിരീഷ് ദുബൈയിലാണിപ്പോൾ ജോലി ചെയ്യുന്നത്. ഭാര്യ: രേഷ്മ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.