പാലാ: സംസ്ഥാന സ്കൂൾ കായികോത്സവത്തിെൻറ മൂന്നാം ദിവസം അവസാനിക്കുമ്പോൾ എറണാകുളത്തിന് മികച്ച ലീഡ് നൽകിയത് 4x100 മീറ്റർ റിലേയിലെ തകർപ്പൻ പ്രകടനം. രണ്ടാം ദിനത്തിൽ ഒരു പോയൻറ് വ്യത്യാസത്തിൽ പിന്നിലായിരുന്ന മുൻ ചാമ്പ്യന്മാർക്ക് മൂന്നാം ദിനത്തിൽ മൂന്ന് സ്വർണവും ഒരു വെങ്കലവുമായി 32 പോയൻറാണ് റിലേയിൽ മാത്രം ലഭിച്ചത്. സീനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ് ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ എറണാകുളം ജേതാക്കളായി. സീനിയർ ബോയിസിൽ തൃശൂരും ജൂനിയർ ഗേൾസിൽ ആതിഥേയരായ കോട്ടയവും സബ്ജൂനിയർ ഗേൾസിൽ കണ്ണൂരും സ്വർണം സ്വന്തമാക്കി.
സോഫിയ സണ്ണി, ശിവകാമി, സ്റ്റഫാനിയ തോമസ്, സോന ബെന്നി എന്നിവരടങ്ങിയ സംഘമാണ് സീനിയർ ഗേൾസ് 4x100ൽ എറണാകുളത്തെ വിജയികളാക്കിയത്. 50.97 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഇവർക്ക് പിന്നിൽ കോട്ടയം (51.53) വെള്ളിയും പാലക്കാട് (51.74) വെങ്കലവും നേടി. സീനിയർ ബോയ്സിൽ തൃശൂരിന് (43.41) വേണ്ടി കെ.ആർ. ശ്രീജിത്, യദുകൃഷ്ണ, പി.ജെ. സഞ്ജയ്, അശ്വിൻ ബി. ശങ്കർ എന്നിവരും ഒന്നാം സ്ഥാനത്ത് ഓടിയെത്തി. മലപ്പുറത്തിനാണ് (43.87) രണ്ടാം സ്ഥാനം. എറണാകുളം (43.88) മൂന്നാമതായും ഫിനിഷ് ചെയ്തു. ജൂനിയർ ഗേൾസിൽ കോട്ടയത്തെ (49.84) അക്ഷര ഷാജി, പാർവതി പ്രസാദ്, ആൻ റോസ് ടോമി, ബിസ്മി ജോസഫ് എന്നിവർ ചേർന്ന് സ്വർണത്തിലെത്തിച്ചു. മലപ്പുറം (50.61) രണ്ടാമതും തൃശൂർ (50.62) മൂന്നാമതുമായി.
ജൂനിയർ ബോയ്സിൽ എറണാകുളത്തിന് (43.88) ലഭിച്ച സ്വർണത്തിന് റോഷൻ അലോഷ്യസ്, എസ്. ഭരത് ഷാ, വാരിഷ് ബോഗിമായും, എസ്. പ്രണവ് എന്നിവരാണ് അവകാശികൾ. കോഴിക്കോട് (44.07) വെള്ളിയും പാലക്കാട് (44.29) വെങ്കലവും കരസ്ഥമാക്കി. സബ് ജൂനിയർ ഗേൾസിൽ സ്വർണമണിഞ്ഞ കണ്ണൂർ (54.35) സംഘത്തിൽ ജനീത ജോസഫ്, എം. നന്ദന, പി.സി.ബി. നീനമോൾ, അനുഗ്രഹ അശോകൻ എന്നിവരാണുണ്ടായിരുന്നത്.
ഇടുക്കിയും (54.71) പാലക്കാടും (54.92) യഥാക്രമം വെള്ളിയും വെങ്കലവും നേടി. സബ് ജൂനിയർ ബോയ്സിൽ ഒന്നാം സ്ഥാനത്തെത്തിയ എറണാകുളത്തിനായി (48.59) പി.എ. അരുൺ, ഫ്ലമിങ് ജോസ്, ജിനീഷ് പുരുഷൻ, താങ്ജം അലർട്സൺ സിങ് എന്നിവരും ഓടി. തൃശൂരിന് (48.59) വെള്ളിയും പാലക്കാടിന് (48.88) വെങ്കലവും ലഭിച്ചു.
24 വർഷത്തെ റെക്കോഡ് തകർന്നു
പാലാ: ജൂനിയർ ബോയ്സ് 4x100 റിലേ എറണാകുളം ജില്ല ടീം പൂർത്തിയാക്കിയത് റെക്കോഡോടെ. 1993ൽ തിരുവനന്തപുരം സ്ഥാപിച്ച 44.30 സെക്കൻഡാണ് ഞായറാഴ്ച മറികടന്നത്. എറണാകുളം ഫിനിഷ് ചെയതത് 43.88 സെക്കൻഡിലായിരുന്നു. ജി.വി. രാജ സ്കൂളിെൻറ കരുത്തിൽ നേടിയ റെക്കോഡാണ് കാൽനൂറ്റാണ്ടോളമായി തിരുവനന്തപുരം നിലിനിർത്തിപ്പോന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.