ന്യൂഡൽഹി: പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിെൻറ ആദ്യ ദിനത്തിൽ സ്വർണ നേട്ടത്തോടെ കേരളം തുടങ്ങി. അത്ലറ്റിക്സിൽ പെൺകുട്ടികളുടെ 1500 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ സി. ചാന്ദിനിയാണ് കേരളത്തിെൻറ സുവർണ താരമായി മാറിയത്. ഒാരോ വെള്ളിയും വെങ്കലവും കൂടി കേരളം അക്കൗണ്ടിൽ വരവുവെച്ചു. പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ കോതമംഗലം മാതിരപ്പള്ളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ്വൺ വിദ്യാർഥി സാന്ദ്രബാബു വെള്ളിയും ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ കോട്ടയം കുറുമ്പാനാടം സെൻറ് പീറ്റേഴ്സ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥി ആകാശ് എം. വർഗീസ് വെങ്കലവും നേടി. രണ്ട് സ്വർണവും രണ്ട് വെള്ളിയും നേടിയ തമിഴ്നാടാണ് ഒന്നാമത്. കേരളവും (1-1-1), ഉത്തർപ്രദേശുമാണ് (1-1-1) രണ്ടാം സ്ഥാനത്ത്.
ഒളിമ്പിക്സിലേക്കുള്ള കായികതാരങ്ങളെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസ് ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 1500 മീറ്റർ 4.50 മിനിറ്റുകൊണ്ടാണ് ചാന്ദ്നി ഫിനിഷ് ചെയ്തത്. 4.43 മിനിറ്റിൽ ഗുജറാത്തിെൻറ കത്രിയ ശ്രദ്ദ ഫിനിഷ് ചെയ്തെങ്കിലും മത്സരത്തിനിടെ ഫൗൾ നടന്നെന്ന കേരളത്തിെൻറ പരാതിയിൽ അവരെ അയോഗ്യയാക്കി. ഭോപാലിൽ നടന്ന ദേശീയ ജൂനീയൻ സ്കൂൾ മീറ്റിൽ ചാന്ദ്നിക്കായിരുന്നു സ്വർണം. പാലക്കാട് ചിറ്റൂർ സ്വദേശിയാണ് ഇൗ ഒമ്പതാം ക്ലാസുകാരി.
പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ 12.29 ചാടിയ തമിഴ്നാടിെൻറ ജെ. കൊലേഷ്യക്കാണ് സ്വർണം. വെള്ളി നേടിയ സാന്ദ്ര 12.27 മീറ്റർ ദൂരമാണ് ചാടിയത്. 11.95 മീറ്റർ ദൂരം ചാടി പി.എം. തബിതക്ക് (തമിഴ്നാട്) വെങ്കലവും ലഭിച്ചു. ഭോപാലിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ കൊലേഷ്യയെ പിന്നിലാക്കി 12.41 മീറ്റർ ചാടി സാന്ദ്ര സ്വർണം നേടിയിരുന്നു. ആൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ ആകാശ് 14.44 മീറ്റർ ചാടി. 15.22 മീറ്റർ ദൂരം ചാടിയ തമിഴ്നാടിെൻറ പ്രവീൺ സ്വർണവും ഉത്തർപ്രദേശിെൻറ സചിൻ ഗുജ്ജറിന് വെള്ളിയും ലഭിച്ചു.
തണുപ്പും പരിശീലനമില്ലാത്തതും വില്ലനായി
ആദ്യ ദിനത്തിൽ തന്നെ മൂന്ന് മെഡലുകൾ ലഭിച്ചെങ്കിലും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാനായില്ലെന്ന് കേരള ടീമിെൻറ കോച്ച് ജഗദീഷ് പറഞ്ഞു. വിദ്യാർഥികൾക്ക് ലഭിച്ച താമസസൗകര്യം വേദിയിൽനിന്ന് ദൂെരയായതിനാൽ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. കൂടാതെ, ഡൽഹിയിലെ കടുത്ത തണുപ്പും വില്ലനായി. കായികതാരങ്ങളിൽ അധികവും പത്താം ക്ലാസുകാരായതിനാൽ പരീക്ഷ അടുത്തതും നേരേത്ത തയാറെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.