റാഞ്ചി: 34മത് ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിനു റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തിൽ ഇന്ന് ട്രാക്കുണരും. ദുരിതയാത്രക്കൊടുവിൽ മലയാളത്തിെൻറ പ്രാർഥനയും മനക്കരുത്തുമായാണ് കേരളത്തിെൻറ കൗമാരങ്ങൾ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞതവണ വിജയവാഡയിൽ ചെറിയ പോയിൻറുകൾക്ക് കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നിലവിലെ ചാമ്പ്യന്മാരായ ഹരിയാനയും മൂന്നാം സ്ഥാനക്കാരായ ഉത്തർപ്രദേശുമാണ് കേരളത്തിനു മുന്നിലെ വെല്ലുവിളികൾ. അയൽ സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് എതിരാളികൾ. ആദ്യദിനം 20 ഫൈനലുകളിൽ നാലെണ്ണത്തിൽ കേരളത്തിനു മെഡൽ പ്രതീക്ഷയുണ്ട്. 2015ൽ റാഞ്ചിയിൽ അവസാനമായി നടന്ന മീറ്റിൽ കേരളത്തിനായിരുന്നു കിരീടം.
പ്രതീക്ഷയോടെ ടീം
ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ 22 തവണയാണ് കേരളം ചാമ്പ്യന്മാരായിട്ടുള്ളത്. ഒമ്പത് തവണ രണ്ടാംസ്ഥാനക്കാരായി. കഴിഞ്ഞ തവണ ആറാം കിരിടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിനു അവസാന ദിവസം കാലിടറി. കേരളത്തിെൻറ 400 പോയൻറിനെ മറികടന്ന് ഹരിയാന നേടിയത് 408 പോയൻറ്. ഇക്കുറി 136 പേരാണ് കേരളത്തിെൻറ പ്രതീക്ഷകൾ. 97 പേർ സ്കൂൾ അത്ലറ്റിക്സിൽനിന്നും 39 പേർ കോളജ് സ്പോർട്സിൽനിന്നുമാണ് ടീമിലെത്തിയത്. സർവകലാശാല മീറ്റുകൾ നടക്കുന്നതിനാൽ അഞ്ജലി തോമസ്, നിബിയ ജോസഫ്, ടി.വി. അഖിൽ എന്നിവർ ഒഴിവായി. അന്താരാഷ്ട്ര താരങ്ങളായ മുഹമ്മദ് ഫായിസ്, അപർണ റോയ്, വിഷ്ണുപ്രിയ, സാന്ദ്ര ബാബു, ആർ. ഗോകുൽ എന്നിവർക്കൊപ്പം ഗായത്രി ശിവകുമാർ, ആൻസി സോജൻ, ആൻസ്റ്റിൻ ജോസഫ് ഷാജി, സി. അഭിനവ്, ആദർശ് ഗോപി, കെ. ബിജിത്, അക്ഷിത, എൽഗ തോമസ് എന്നിവരാണ് കേരളത്തിെൻറ മെഡൽ പ്രതീക്ഷകൾ. ഫായിസും മേഘ മറിയം മാത്യുവുമാണ് ടീമിെൻറ നായകർ.
എതിരാളികൾ ശക്തർ
അംഗബലത്തിലും കായികക്കരുത്തിലും മുന്നിലുള്ള ഹരിയാന തന്നെയാണ് ഇക്കുറിയും കേരളത്തിനു വെല്ലുവിളിയാകുക. 168 താരങ്ങളുമായാണ് ഹരിയാന ഇക്കുറി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനക്കാരായ ഉത്തർപ്രദേശാണ് അടുത്ത വെല്ലുവിളി. 176 താരങ്ങളാണ് യു.പിക്കുവേണ്ടി മത്സരിക്കുന്നത്. ദക്ഷിണ മേഖല മീറ്റിൽ കേരളത്തെ രണ്ടാം സ്ഥാനത്തേക്കു തള്ളി ചാമ്പ്യന്മാരായ തമിഴ്നാട് 153 താരങ്ങളുമായാണ് റാഞ്ചിയിലെത്തിയിരിക്കുന്നത്. പരമ്പരാഗത വൈരികൾക്കൊപ്പം അയൽക്കാരുടെ പോരിനെയും ഇക്കുറി കേരളത്തിനു അതിജീവിക്കേണ്ടിവരും. 2000ഓളം കായികതാരങ്ങളാണ് മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.