ഹാപ്പി ബർത്ത്ഡേ ടു യൂ... ഹാപ്പി ബർത്ത്ഡേ ലിബിൻ...’’
പരീക്ഷച്ചൂടും പരിശീലനത്തിരക്കും മറന്ന് കൂട്ടുകാരന് പിറന്നാൾ ആശംസ നേർന്ന് കൗമാരകേരളം വിജയവാഡയിലേക്ക്. 33ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിനായി കേരളസംഘം ചൊവ്വാഴ്ച ഉച്ചക്ക് യാത്ര പുറപ്പെട്ടപ്പോഴാണ് 400 മീറ്ററിലെ മെഡൽപ്രതീക്ഷയായ ലിബിെൻറ പിറന്നാൾവിശേഷം കൂട്ടുകാരറിയുന്നത്. ഫേസ്ബുക്കിെൻറ ഓർമപ്പെടുത്തൽ അറിഞ്ഞവർ എല്ലാം സസ്പെൻസാക്കി.
ട്രെയിനിൽ ഇരിപ്പിടം ഉറപ്പിച്ചശേഷം പിറന്നാൾ ആഘോഷം. കോയമ്പത്തൂർ സ്റ്റേഷനിലിറങ്ങി വാങ്ങിയ കേക്കുകളിൽ ഉള്ളതുകൊണ്ട് ഓണം എന്നപോലെ ആഘോഷം പൊടിപൂരമാക്കി. പല കോച്ചുകളിലായി ചിതറിക്കിടന്നവർ കേട്ടറിഞ്ഞ് എത്തുമ്പോഴേക്കും കേക്കിെൻറ മധുരം തീർന്നു. ബാക്കി വിജയവാഡയിലെത്തിയശേഷം ഇരട്ടി മധുരത്തോടെയെന്ന് ഓഫർ നൽകി ലിബിൻ.തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്ക് രാവിലെ പുറപ്പെട്ട ശബരി എക്സ്പ്രസിലാണ് ടീമിെൻറ യാത്ര. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽനിന്നും ചെറുസംഘങ്ങളായി ചേർന്ന കേരളത്തിെൻറ കൗമാരപ്രതീക്ഷ പാലക്കാടെത്തുമ്പോഴേക്കും മഹാപ്രവാഹമായി മാറി. ട്രെയിൻ ബുധനാഴ്ച രാവിലെ ഗുണ്ടൂരിൽ എത്തുമ്പോഴേക്കും സ്വപ്നസംഘം സമ്പൂർണമാവും.
ഭോപാലിൽ സമാപിച്ച ദേശീയ ജൂനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി വരുന്ന ആൻസി സോജനും അഭിഷേക് മാത്യുവും ഉൾപ്പെടുന്ന 21 അഗം സംഘം ചൊവ്വാഴ്ച ഉച്ചയോടെ വിജയവാഡയിൽ ട്രെയിനിറങ്ങിയിരുന്നു. കേരള അത്ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് പി.ഐ. ബാബുവിെൻറ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു.
വ്യാഴാഴ്ചയാണ് പോരാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്നത്. പിന്നീടുള്ള അഞ്ചു നാൾ ട്രാക്കിലും ഫീൽഡിലും കാത്തിരിക്കുന്നത് തീപാറും പോരാട്ടങ്ങൾ. 23ാം കിരീടം തേടിയാണ് കേരളത്തിെൻറ 152 സംഘം ഭാഗ്യനഗരിയിലേക്ക് പുറപ്പെട്ടത്. എന്നാൽ, പോർമുഖത്ത് മുമ്പത്തെപ്പോലെ എളുപ്പമല്ല കാര്യങ്ങൾ. കനത്ത വെല്ലുവിളിയുമായി അയൽക്കാരായ തമിഴ്നാടും മുൻ ചാമ്പ്യന്മാരായ ഹരിയാനയും കരുത്തരായ ഉത്തർപ്രദേശുമുണ്ട്. എങ്കിലും ഉറച്ച വാക്കുകളോടെ താരങ്ങൾ പറയുന്നു, 23ാം വട്ടവും കേരളം കപ്പടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.