റാഞ്ചി: 34ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിനു സുവർണ തുടക്കം. പെൺകരുത്തിൽ ആദ്യദിനം കേരളം നേടിയെടുത്തത് മൂന്നു സ്വർണം ഉൾപ്പെടെ ആറ് മെഡൽ. ലോങ് ജംപ് അണ്ടർ 18 പെൺകുട്ടികളിൽ ആൻസി സോജനും അണ്ടർ 20 ആൺകുട്ടികളിൽ നിർമൽ സാബുവും അണ്ടർ 20 പോൾവാൾട്ടിൽ ദിവ്യ മോഹനുമാണ് സുവർണ താരങ്ങൾ. അണ്ടർ 18 പെൺകുട്ടികളുടെ പോൾവാൾട്ടിൽ ബ്ലസി കുഞ്ഞുമോെൻറ വെള്ളിയിലൂടെയാണ് കേരളം മെഡൽവേട്ട തുടങ്ങിയത്. ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മേഘ മറിയം മാത്യൂവും അണ്ടർ 20 പോൾവാൾട്ടിൽ വി.എസ്. സൗമ്യയും വെങ്കലം നേടി. 20 ഫൈനലുകൾ നടന്ന ആദ്യദിനം ഹരിയാനയാണ് മെഡൽവേട്ടയിൽ മുന്നിൽ. ഒരു ദേശീയ റെക്കോഡും പിറന്നു. അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പഞ്ചാബിെൻറ ജാസ്മിൻ കൗറാണ് പുതിയ റെക്കോഡിനുടമ. വേഗക്കാരെ നിർണയിക്കുന്ന 100 മീറ്റർ ഉൾപ്പെടെ ശനിയാഴ്ച 39 ഫൈനലുകൾ നടക്കും.
ചാടിയെടുത്ത സ്വർണം ലോങ് ജംപിൽ കടുത്ത മത്സരത്തിനൊടുവിലാണ് ആൻസി സോജനും നിർമൽ സാബുവും സ്വർണത്തിലേക്ക് ചാടിയെത്തിയത്. പെൺകുട്ടികളിൽ ഉത്തർപ്രദേശിെൻറ ദീപാൻഷി സിങ്ങായിരുന്നു ആദ്യം മികച്ച ദൂരം കണ്ടെത്തിയത്. ആദ്യ ചാട്ടത്തിൽ 5.85 മീറ്റർ ചാടിയ ദീപാൻഷി നാലാം ചാട്ടത്തിൽ 5.91 മീറ്റർ കടന്നു. 5.50 മീറ്ററിൽ ചാടിത്തുടങ്ങിയ ആൻസി 5.61, 5.82, 5.79 എന്നിങ്ങനെ മുന്നേറി അഞ്ചാം ചാട്ടത്തിലാണ് 5.97 മീറ്ററിലെത്തി ദീപാൻഷിയെ പിന്തള്ളി സ്വർണമണിഞ്ഞു. നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർഥിയായ ആൻസി പരിക്കിനോടു പൊരുതിയാണ് കേരളത്തിെൻറ ആദ്യ സ്വർണം നേടിയത്. മെഡൽ പ്രതീക്ഷിച്ചിരുന്ന പി.എസ്. പ്രഭാവതി 5.88 ചാടിയെങ്കിലും ഫൗളുകൾ വിനയായി. അതേദൂരം ചാടിയ ഒഡിഷയുടെ മനീഷ മെറെൽ വെങ്കലം കരസ്ഥമാക്കി.
7.32 മീറ്റർ ദൂരം കണ്ടെത്തിയ ഹരിയാനയുടെ ഗൗരവ്, 7.26 മീറ്റർ താണ്ടിയ മധ്യപ്രദേശിെൻറ കൃഷ്ണ ശർമ എന്നിവരുടെ വെല്ലുവിളിെയ അതിജീവിച്ചാണ് തിരുവനന്തപുരം സായിയുടെ നിർമൽ സ്വർണം നേടിയത്. പോൾവാൾട്ടിൽ 3.20 മീറ്റർ താണ്ടിയാണ് കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജിലെ ദിവ്യ മോഹൻ സ്വർണം നേടിയത്. 3.10 ചാടി കർണാടകയുടെ ജി. സിന്ധുശ്രീ വെള്ളിയും 2.90 മീറ്റർ മറികടന്ന് സൗമ്യ വെങ്കലവും നേടി.
പോൾവാൾട്ടിൽ ‘ഡു ഓർ ഡൈ’പെൺകുട്ടികളുടെ അണ്ടർ 18 പോൾവാൾട്ടിൽ അയൽക്കാർ തമ്മിലായിരുന്നു മത്സരം. കേരളത്തിെൻറ ബ്ലസി കുഞ്ഞുമോൻ, കെ.എ. അനുജ തമിഴ്നാടിെൻറ വി. പവിത്ര, ബി. ബാലനിഷ എന്നിവരാണ് മത്സരത്തിനുണ്ടായിരുന്നത്. 2.80 മീറ്റർ ദൂരത്തിലേക്കു എത്തുന്നതിനിടെ ബാലനിഷയും അനുജയും വീണു. അതോടെ ബ്ലസിയും പവിത്രയും തമ്മിലായി പോരാട്ടം. 2.90 മീറ്റർ മറികടന്നെങ്കിലും കൂടുതൽ ദൂരത്തിലേക്കു പോകാൻ ബ്ലസിക്കു കഴിഞ്ഞില്ല. മണീട് ഗവ. വി.എച്ച്.എസ്.എസ് വിദ്യാർഥിയാണ് ബ്ലസി. അതേസമയം, സേലത്തെ ‘ഡു ഓർ ഡൈ’ അക്കാദമിയിൽ പരിശീലിക്കുന്ന പവിത്ര കൂടുതൽ ദൂരം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. 3.10 മീറ്റർ വിജയകരമായി താണ്ടിയശേഷമാണ് പവിത്ര പോരാട്ടം അവസാനിപ്പിച്ചത്. ഫൗളുകൾ അനുജക്കു വിനയായതോടെ വെങ്കലം ബാലനിഷ നേടി.
വെള്ളി: െബ്ലസി കുഞ്ഞുമോൻ (പോൾവാൾട്ട്, അണ്ടർ 18), വെങ്കലം: വി.എസ് സുമയ്യ (പോൾവാൾട്ട്), മേഘമറിയം മാത്യൂ (ഷോട്ട്പുട്ട്)
ഷോട്ട്പുട്ടിൽ റെക്കോഡ് തിളക്കം അണ്ടർ 16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ റെക്കോഡ് തിരുത്തിയെഴുതിയാണ് പഞ്ചാബിെൻറ ജാസ്മിൻ കൗർ സ്വർണം നേടിയത്. 2016ൽ കോയമ്പത്തൂരിൽ പുണെയുടെ പരംജ്യോത് കൗർ നേടിയ 14.21 മീറ്റർ മറികടന്ന ജാസ്മിൻ കുറിച്ചത് 14.27 മീറ്റർ. വെള്ളി നേടിയ ഹരിയാനയുടെ അഞ്ജലിയും പരംജ്യോതിെൻറ റെക്കോഡ് മറികടന്നു. 14.22 മീറ്ററാണ് അഞ്ജലിയുടെ ദൂരം. 13.58 മീറ്ററുമായി തമിഴ്നാടിെൻറ എം. ശർമിള വെങ്കലം നേടി.
സഹായമെത്തി; ടീമിന് മടക്കം എ.സി കോച്ചിൽ റാഞ്ചി: ദുരിതംതാണ്ടി റാഞ്ചിയിലെത്തിയ കേരള താരങ്ങളുടെ മടക്കയാത്രക്ക് കായികപ്രേമികളുടെ സഹായഹസ്തം. മാധ്യമവാർത്തകളിലൂടെ ദുരിതം അറിഞ്ഞ തൊടുപുഴ ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ 1981 ബാച്ച് വിദ്യാർഥികൾ ടീമിലെ 39 പെൺകുട്ടികൾക്കും രണ്ട് പരിശീലകർക്കുമായി 41 എ.സി കോച്ച് ടിക്കറ്റ് ബുക്ക്ചെയ്തു. സെക്കൻഡ്, തേർഡ് എ.സി കോച്ചുകളിലാണ് റിസർവേഷൻ. ടിക്കറ്റിനാവശ്യമായ ഒന്നേകാൽ ലക്ഷം രൂപ ഒറ്റദിവസം കൊണ്ടാണ് സംഘം സമാഹരിച്ചത്. അഞ്ചാം തീയതി മീറ്റ് കഴിഞ്ഞയുടൻ ടീം മടങ്ങും. ശേഷിക്കുന്നവരുടെ ടിക്കറ്റ് അസോസിയേഷൻ ശരിയാക്കും. സർവകലാശാല മീറ്റിൽ പങ്കെടുക്കേണ്ട 30 പേർ സ്വന്തം ചെലവിൽ വിമാനത്തിൽ മടക്കയാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇരിക്കാനും കിടക്കാനും കഴിയാതെ ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ റാഞ്ചിയിലേക്കുള്ള കേരളതാരങ്ങളുടെ ദുരിതയാത്രയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. 23 സീറ്റുകളിലായാണ് 130അംഗ സംഘം റാഞ്ചിയിലേക്ക് യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.