കണ്ണൂർ: അനിശ്ചിതത്വങ്ങളെ വെട്ടിയൊഴിഞ്ഞ് ഗുജറാത്തിലെ വഡോദരയിൽ നടക്കുന്ന ദേശീയ ജൂനിയർ സ്കൂൾ മീറ്റിനുള്ള കേരള ടീം യാത്ര തിരിച്ചു. പ്രശ്നം തീർന്നപ്പോൾ ബോണസ് അടക്കമാണ് ടിക്കറ്റ് കിട്ടിയത്. 62 അംഗ സംഘത്തിന് കൊച്ചുവേളി-ഇേന്ദാർ വീക്കിലി എക്സ്പ്രസിൽ ലഭിച്ചത് 79 ബർത്തുകൾ. ചാഞ്ഞും ചരിഞ്ഞും കിടന്ന് സുഖയാത്രയിലാണ് കേരള താരങ്ങൾ.
കായികമന്ത്രി എ.സി. മൊയ്തീനും എം.പിമാരായ എ.സമ്പത്തും സുരേഷ് ഗോപിയും ഇടപെട്ടതോടെയാണ് റിസർവേഷൻ പ്രശ്നം പരിഹരിച്ചത്. എന്നാൽ, ടീമിനൊപ്പമുണ്ടാകുമെന്ന് കരുതിയ രണ്ട് താരങ്ങൾകൂടി പരീക്ഷ കാരണം പിന്മാറിയത് കേരളത്തിന് ചെറിയ തോതിൽ തിരിച്ചടിയായി. നാട്ടിക ഫിഷറീസ് സ്കൂളിലെ വി.ഡി. അഞ്ജലി, കുളത്തുവയൽ സ്കൂളിലെ വിഗ്നേശ് നമ്പ്യാർ എന്നിവരാണ് ടീമിൽനിന്ന് പിന്മാറിയത്. നേരത്തെ, ഉഷ സ്കൂളിലെ അതുല്യ ഉദയനും ടി. സൂര്യമോളും പിന്മാറിയിരുന്നു. മറ്റൊരു താരം ഗായത്രി ശിവകുമാർ ടീമിനൊപ്പമില്ല. വഡോദരയിൽ നിന്നും ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചതെന്ന് മാനേജർ അനീഷ് തോമസ് പറഞ്ഞു. 48 കായികതാരങ്ങളും 10 ഒഫീഷ്യൽസും ആയുർവേദ ഡോക്ടർമാരും പാചകക്കാരും അടങ്ങുന്ന സംഘം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനിൽ നിന്നാണ് യാത്രയാരംഭിച്ചത്. പ്രത്യേക കെ.എസ്.ആർ.ടി.സി ബസിൽ കൊച്ചുവേളിയിലേക്ക്. ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ചാക്കോ ജോസഫ് ഉൾപ്പെടെയുള്ളവർ യാത്രയയക്കാൻ എത്തിയിരുന്നു.
ട്രെയിനിൽ ഫ്രൈഡ് റൈസും ചിക്കൻ കറിയുമായിരുന്നു ഉച്ചഭക്ഷണം. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നുള്ള ചപ്പാത്തിയും ചിക്കൻ കറിയുമായിരുന്നു രാത്രി ഭക്ഷണം.ബ്രഡും പഴവുമുൾപ്പെടെ അത്യാവശ്യ സമയങ്ങളിൽ കഴിക്കാനുള്ള വകകൾ വേറെയും കരുതിയിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ടീം വഡോദരയിൽ എത്തുക. ശനിയാഴ്ച രാത്രിയിലെ ഭക്ഷണമായി ബിരിയാണി തയാറാക്കുന്നതിന് വഡോദരയിൽ ഏർപ്പാടുകൾ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതലുള്ള ഭക്ഷണം ടീമിനൊപ്പം എത്തിയ പാചകക്കാർ തയാറാക്കും. ഇതിനുള്ള സാധനങ്ങളൊക്കെ കരുതിയിട്ടുണ്ട്. മത്സ്യവും മാംസവും മാത്രം വഡോദരയിൽനിന്ന് വാങ്ങേണ്ടിവരും. ഫെബ്രുവരി 20ന് ആരംഭിക്കുന്ന മീറ്റ് 23ന് സമാപിക്കും. നിലവിലെ ചാമ്പ്യന്മാരാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.