ഭോപാൽ: 63ാമത് ദേശീയ ജൂനിയർ സ്കൂൾ കായികമേളയിൽ കേരളത്തിെൻറ സ്വർണക്കൊയ്ത്തിന് ടേക്ക് ഒാഫ്. പോരാട്ടങ്ങളുടെ രണ്ടാം ദിനത്തിൽ വേഗറാണിയായി മാറിയ ആൻസി േസാജെൻറ ഇരട്ട സ്വർണം ഉൾപ്പെടെ അഞ്ച് തങ്കപ്പതക്കവും രണ്ട് വെള്ളിയും നേടി കേരളം കിരീടക്കുതിപ്പ് തുടങ്ങി. പെൺകുട്ടികളുടെ 100 മീറ്ററിൽ അതിവേഗ താരമായപ്പോൾ, ലോങ്ജംപിൽ മീറ്റ് റെക്കോഡും കുറിച്ചാണ് ആൻസി സോജൻ കേരളത്തെ മുന്നിൽ നിന്നും നയിച്ചത്. അതിവേഗക്കാരുടെ അങ്കത്തിൽ 12.43 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണമണിഞ്ഞപ്പോൾ കേരളത്തിെൻറ തന്നെ അഞ്ജലി പി.ഡിക്കാണ് (12.46സെ) വെള്ളി. മഹാരാഷ്ട്രയുടെ അവന്തിക നറാലെക്കാണ് വെങ്കലം.
മലയാളി താരങ്ങളുടെ പോരാട്ടമായി മാറിയ ലോങ്ജംപിൽ കൂട്ടുകാരി സാന്ദ്ര ബാബുവിനെ പിന്തള്ളിയാണ് ആൻസി സോജൻ ദേശീയ റെക്കോഡ് പ്രകടനത്തോടെ (5.94മീ.) സ്വർണമണിഞ്ഞത്. സാന്ദ്രയും ഇതേ ദൂരം ചാടിയെങ്കിലും മികച്ച രണ്ടാമത്തെ ദൂരം പരിഗണിച്ച് ആൻസിയുടെ പ്രകടനം സ്വർണത്തിനും റെക്കോഡിനും പരിഗണിച്ചു. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി. ചാന്ദിനി, പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഡി. പ്രിസ്കില്ല ഡാനിയേല്‍, ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യൂ എന്നിവരാണ് കേരളത്തിെൻറ മറ്റു സ്വർണവേട്ടക്കാർ. ഇതോടെ അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി 33 പോയൻറുള്ള കേരളം ഒന്നാമതായി. തമിഴ്നാടാണ് രണ്ടാമത് (17).
നാട്ടിക ഫിഷറീസ് എച്ച്.എസ്.എസ് വിദ്യാർഥിനിയാണ് ആൻസി സോജൻ. സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ താരങ്ങളെ പിന്തള്ളിയ പ്രകടനത്തിലായിരുന്നു ആൻസി വേഗതാരമായത്. സംസ്ഥാന മേളയിൽ ലോങ്ജംപിൽ സാന്ദ്രക്ക് പിന്നിൽ വെള്ളികൊണ്ട് തൃപ്തിപ്പെടാനായിരുന്നു ആൻസിയുടെ വിധി. പാലക്കാട് കല്ലടി എച്ച്.എസ്.എസ് വിദ്യാർഥിനിയാണ് ചാന്ദിനി (4:41.27മി). 400മീ. 56.79സെ. ഫിനിഷ് ചെയ്ത പ്രിസ്കില തിരുവനന്തപുരം സായ് കേന്ദ്രത്തിലാണ് പരിശീലിക്കുന്നത്. മഹാരാഷ്ട്രയുടെ ദേശീയ റെക്കോഡുകാരി തായ് ബമാനെയാണ് (57.08സെ) രണ്ടാമത്. 49.02 സെക്കൻഡിൽ ആണ് മാർ ബേസിൽ കോതമംഗലത്തിെൻറ അഭിഷേക് മാത്യു സ്വർണമണിഞ്ഞത്.
ഡല്‍ഹിയുടെ നിസാര്‍ അഹമ്മദ് (10.76 സെ) ആൺകുട്ടികളിൽ അതിവേഗക്കാരനായി. ആൻസിക്ക് പുറമെ മറ്റ് രണ്ട് റെക്കോഡുകൾ കൂടി പിറന്നു. ഹരിയാനയുടെ ഭുപേന്ദ്ര സിങ് (ലോങ്ജംപ് 7.21മീ), തമിഴ്നാടിെൻറ എം. ഷർമിള (ഷോട്ട്പുട്ട് 11.28മീ) എന്നിവരാണ് പുതിയ ദൂരക്കാർ. വെള്ളിയാഴ്ച 4-100 മീറ്റര്‍ റിലേയടക്കം കേരളത്തിന് മെഡല്‍ പ്രതീക്ഷയുള്ള 12 ഫൈനലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.