വഡോദര: ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഇരട്ടസ്വർണത്തോടെ കേരളം കുതിപ്പു തുടങ്ങി. പത്ത് ഫൈനലുകൾ നടന്ന ആദ്യദിനത്തിൽ രണ്ടു സ്വർണം, രണ്ടു വെള്ളി, ഒരു വെങ്കലമടക്കം അഞ്ചു മെഡലുകളുമായാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം മുന്നിട്ടുനിൽക്കുന്നത്. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതെത്തി പാലക്കാട് കല്ലടി സ്കൂളിലെ സി. ചാന്ദ്നിയും ആൺകുട്ടികളുടെ 100 മീറ്ററിൽ ജേതാവായി തിരുവനന്തപുരം സായിയിലെ സി. അഭിനവുമാണ് കേരളത്തിെൻറ സുവർണ താരങ്ങളായത്. ആൺകുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യുവും പെൺകുട്ടികളുടെ ഹൈജംപിൽ എം. ജിഷ്ണയും വെള്ളി നേടി. ആൺകുട്ടികളുടെ 800 മീറ്ററിൽ കേരളത്തിെൻറ ആദർശ് ഗോപി വെങ്കലം നേടി. ആദ്യ ദിനത്തിൽ പിറന്ന ഏക റെക്കോഡ് മഹാരാഷ്ട്രയുടെ തായ് ബമാനെയുടെ പേരിലായി. പെൺകുട്ടികളുടെ 800 മീറ്ററിൽ കേരളത്തിെൻറ സി. ബബിത സ്ഥാപിച്ച 2.11.30 മിനിറ്റ് 2.10.77 ആക്കിയാണ് ബമാനെ മിന്നും താരമായത്. ഈയിനത്തിൽ മത്സരിച്ച കേരളത്തിെൻറ സി. ചാന്ദ്നി നാലാം സ്ഥാനത്തായി. രണ്ടാം ദിനമായ ഇന്ന് എട്ടു ഫൈനലുകൾ നടക്കും.
വേഗതാരമായി അഭിനവ്
മഞ്ചൽപ്പൂരിലെ ചുവന്ന ട്രാക്കിൽ വേഗത്തിെൻറ തീപ്പൊരി ഉയർത്തിയത് കേരള ക്യാപ്റ്റൻ സി. അഭിനവും കർണാടകയുടെ ജ്യോത്സന മംഗൽവായിയും. മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്ററിൽ സി. അഭിനവിെൻറ കുതിപ്പ് ആദ്യദിനത്തിലെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നായി. 11.23 സെക്കൻഡിലാണ് അഭിനവ് സ്വർണം തൊട്ടത്. അഭിനവിെൻറ ഏറ്റവും മികച്ച സമയമാണിത്. ഹീറ്റ്സിൽ 11.14 സെക്കൻഡിലും ഫിനിഷ് ചെയ്തിരുന്നു. 11.23 സെക്കൻഡിൽ ഫിനിഷ് ചെയ്ത കർണാടകയുടെ ശശികാന്തിനാണ് വെള്ളി. 11.28 പെൺകുട്ടികളുടെ 100 മീറ്ററിൽ 12.38 സെക്കൻഡിലാണ് ജ്യോത്സന മംഗൽവായി ഓടിയടുത്തത്. കേരളത്തിെൻറ അപർണ റോയിയും, സോഫിയ സണ്ണിയും അഞ്ച്, ആറ് സ്ഥാനങ്ങളിലൊതുങ്ങി.
മിന്നിയും മങ്ങിയും ചാന്ദ്നി
മീറ്റിലെ ആദ്യ ഇനമായ പെൺകുട്ടികളുടെ 3000 മീറ്ററിൽ പൊന്നണിഞ്ഞാണ് കേരളത്തിെൻറ താരം സി. ചാന്ദ്നി തുടങ്ങിയത്. അവസാന ലാപ്പിൽ കുതിച്ചാണ് ചാന്ദിനി സ്വർണമണിഞ്ഞത്. ഈയിനത്തിെൻറ ഏറ്റവും മികച്ച സമയവും ചാന്ദ്നി കണ്ടെത്തി (10:11.88 മിനിറ്റ്). കേരളത്തിെൻറ യു. ആതിര അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹാരാഷ്ട്രയുടെ പ്രഗതി ഗൺപത് മുലാനെ 10:15.03 മിനിറ്റിൽ വെള്ളിയും രാജസ്ഥാെൻറ രാജകുമാരി (10: 23.83) വെങ്കലവും നേടി. ആദ്യ ദിനത്തിെൻറ അവസാന ഇനമായ പെൺകുട്ടികളുടെ 800 മീറ്ററിൽ ചാന്ദ്നി പ്രതീക്ഷ നഷ്ടപ്പെടുത്തി. നന്നായി തുടങ്ങിയെങ്കിലും റെക്കോഡ് പ്രകടനം നടത്തിയ തായ് ബമാനെയുടെ കുതിപ്പിനൊപ്പം പിടിക്കാൻ ചാന്ദ്നിക്കായില്ല.
ഹൈജംപിൽ കേരളത്തിെൻറ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു എം. ജിഷ്ണ. ആത്മവിശ്വാസത്തെ ചാടിക്കൊണ്ടിരുന്ന ജിഷ്ണക്ക് അവസാന കടമ്പയായി നിശ്ചയിച്ച 1.62 മീറ്റർ മൂന്നു തവണയും താണ്ടാനായില്ല. ഐ.പി.എസ്.സിയുടെ വൈദേഹി വസിഷ്ഠയും ജിഷ്ണയുമായിരുന്നു അവസാനം വരെ പോരാടിയത്. 1.58 മീറ്ററിൽ രണ്ടാം ചാട്ടത്തിൽ ജിഷ്ണ കടന്നപ്പോൾ വൈദേഹിക്ക് മൂന്നാം അവസരം ഉപയോഗിക്കേണ്ടി വന്നു. 1.60 മീറ്ററാക്കിയപ്പോൾ ജിഷ്ണയും വൈദേഹിയും ആദ്യ അവസരങ്ങളിൽ ചാടി. ഇതോടെ 1.62 മീറ്ററായി അടുത്ത ലക്ഷ്യം. രണ്ടാം ചാട്ടത്തിൽ തന്നെ വൈദേഹി ഈ ലക്ഷ്യം കടന്നു. മൂന്നു തവണയും പിഴച്ചതോടെ ജിഷ്ണക്ക് കണ്ണീരുപ്പുള്ള വെള്ളി. ഹൈജംപിൽ അവസാന മൂന്നിൽ ഉണ്ടായിരുന്നുവെങ്കിലും ആദ്യാവസരങ്ങളിൽ തുടർച്ചയായി ലക്ഷ്യം പാസ് ചെയ്ത ഗായത്രി ശിവകുമാറിന് വെങ്കലമെഡൽ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.