ഭുവനേശ്വർ: ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച കലിംഗ സ്റ്റേഡിയത്തിൽ തുടക്കമായപ്പോൾ ആദ്യ മെഡലുകളിൽ ഭൂരിഭാഗവും റെയിൽവേസും സർവിസസും പങ്കിട്ടു. അഞ്ച് ഫൈനലുകൾ നടന്നെങ്കിലും കേരളത്തിന് നിരാശ ബാക്കിയായി. വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും വെങ്കലവും റെയിൽവേസിനാണ്. ഷർമിള കുമാരി, അന്നു റാണി, കെ. രശ്മി എന്നിവരാണ് ജേതാക്കൾ. പുരുഷന്മാരുടെ പോൾവോൾട്ടിൽ സർവിസസിൻറെ എസ്. ശിവ മീറ്റ് റെക്കോഡോടെ സ്വർണം നേടി. 5.10 മീറ്ററാണ് ചാടിയത്. റെയിൽവേക്ക് വേണ്ടി ജെ. പ്രീത് വെള്ളി നേടിയപ്പോൾ ഗോവയുടെ മലയാളി താരം അനസ് ബാബു ഈ ഇനത്തിൽ വെങ്കലം കരസ്ഥമാക്കി.
10,000 മീറ്ററിൽ ഗുജറാത്തിെൻറ മുരളി കുമാർ ഗാവിത്തിനാണ് സ്വർണം. രണ്ടും മൂന്നും സ്ഥാനങ്ങൾ റെയിൽവേസും സർവിസസും നേടി.
ഇൻറർനാഷനൽ മീറ്റാക്കി ജപ്പാൻകാരികൾ
മറ്റു രാജ്യങ്ങളുടെ ഓപൺ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യൻ അത്ലറ്റുകൾ പങ്കെടുക്കാറുണ്ടെങ്കിലും തിരിച്ച് ആരും ഇങ്ങോട്ടുവരാറില്ല. ആ ചരിത്രം തിരുത്തുകയാണ് മൂന്ന് ജപ്പാൻകാരികൾ. ഫുകുഷിമ യൂനിവേഴ്സിറ്റി പൂർവവിദ്യാർഥിനികളും ടോഹോ ബാങ്ക് ഉദ്യോഗസ്ഥകളുമായ തകേഷി കൊഹോമി, ഹിതോമി ഷിമുറ, സയാക അവോകി എന്നിവരാണ് കലിംഗയിലുള്ളത്.
തകേഷി 400 മീറ്റർ ഓട്ടത്തിലും ഷിമുറ 100 മീറ്റർ ഹർഡ്ൽസിലും അവോകി 400 മീറ്റർ ഹർഡ്ൽസിലും മത്സരിക്കുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവാണ് അവോകി.ഫുകുഷിമ യൂനിവേഴ്സിറ്റി കായികവിഭാഗം പ്രഫസർ കസുഹിസ കവാമെതിയാണ് ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 2013ൽ പുണെയിലും 2017ൽ കലിംഗയിലും നടന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾക്ക് കവാമെതി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.