പാലാ: മീനച്ചിലാറിെൻറ തീരത്ത് ഇനി നാലുനാള്‍ കൗമാര കായികമാമാങ്കം. 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് വെടിമുഴങ്ങും. രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെയാണ് ട്രാക്കുണരുക. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് കായികമേളയും പുത്തന്‍ സിന്തറ്റിക് ട്രാക്കും ഉദ്ഘാടനം ചെയ്യും.
ഈ മാസം 23ന് അവസാനിക്കുന്ന മേളയില്‍ 95 ഇനങ്ങളില്‍ വിജയികളെ നിര്‍ണയിക്കും. ഇതാദ്യമായി പ്രായത്തിെൻറ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. 14 വയസ്സിൽ താഴെയുള്ളവർ സബ് ജൂനിയറിലും 17വയസ്സില്‍ താെഴയുള്ളവര് ജൂനിയറിലും 19വയസ്സിൽ താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. 2858 താരങ്ങള്‍ പങ്കെടുക്കുന്ന കായികോത്സവത്തില്‍ 350 ഒഫീഷ്യലുകളും 230 എസ്കോര്‍ട്ടിങ് ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്. കിരീടം നിലനിര്‍ത്താന്‍ പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടിയിറങ്ങുന്നതോടെ പാലായിലെ പുത്തന്‍ ട്രാക്കില്‍ പോരാട്ടം കനക്കും. എട്ട് പോയൻറിെൻറ വ്യത്യാസത്തില്‍ ‘ഫോട്ടോ ഫിനിഷിങ്ങി’ലൂടെയാണ് കഴിഞ്ഞവര്‍ഷം തേഞ്ഞിപ്പലത്ത് പാലക്കാട്ടുകാര്‍ എറണാകുളത്തെ മറിച്ചിട്ടത്. കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസ്, സെൻറ് ജോര്‍ജ് എച്ച്.എസ്.എസ്, മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസ്, പിറവം മണീട് ജി.വി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളുമായി എത്തുന്ന എറണാകുളത്തിനാണ് കിരീടസാധ്യത.
കല്ലടി, പറളി സ്കൂളുകളുടെ കരുത്തിൽ എത്തുന്ന പാലക്കാടിനുമുണ്ട് മിടുക്കരായ താരങ്ങൾ. പുല്ലൂരാംപാറ സെൻറ് ജോസഫ്സ് എച്ച്.എസ്.എസ്, കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍ എന്നീ താരക്കൂട്ടങ്ങളുമായെത്തിയ കോഴിക്കോടും കരുത്തരായ നിരയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് ജി.വി രാജയുടെ പൂഞ്ഞാർ പനച്ചികപ്പാറയിലെ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വെള്ളിയാഴ്ച സ്റ്റേഡിയത്തില്‍ അവസാനിക്കും. കായികതാരങ്ങളുടെ രജിസ്ട്രേഷന് പൂര്‍ത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.