ബാഡ്മിൻറൺ കോർട്ടുകളിൽ ഇന്ത്യൻ താരങ്ങൾ മിന്നൽ പിണറാവുന്നത് അപൂർവമല്ല. പ്രകാശ് പദുക്കോണും പുല്ലേല ഗോപീചന്ദും സൈന നെഹ്വാളുമൊക്കെ പല കാലങ്ങളിലായി ലോകതലത്തിൽ ഇന്ത്യയുടെ യശസ്സുയർത്തിയ ബാഡ്മിൻറൺ താരങ്ങളാണ്. എന്നാൽ, ഒന്നിലധികം കളിക്കാർ ഒരേവർഷം അന്താരാഷ്ട്ര വേദികളിൽ സ്ഥിരതയോടെ റാക്കറ്റേന്തുകയും വിജയങ്ങൾ വെട്ടിപ്പിടിക്കുകയും ചെയ്തു എന്നതാണ് 2017നെ വ്യത്യസ്തമാക്കുന്നത്. പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തിനും സായ് പ്രണീതിനുമൊപ്പം മലയാളി താരം എച്ച്.എസ്. പ്രണോയ്യും മികച്ച കളിയാണ് കെട്ടഴിച്ചത്. വനിതകളിൽ സിന്ധു ഒരിക്കൽകൂടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തപ്പോൾ സൈനയും മോശമാക്കിയില്ല.
പി.വി. സിന്ധു
ഒരിക്കൽകൂടി ഇന്ത്യയുടെ പതാക ലോക ബാഡ്മിൻറൺ രംഗത്ത് പി.വി. സിന്ധുവെന്ന നീളക്കാരി ഉയർത്തിപ്പിടിച്ച വർഷമായിരുന്നു 2017. ലോക ചാമ്പ്യൻഷിപ്പിലും ദുബൈയിൽ കഴിഞ്ഞദിവസം നടന്ന സൂപ്പർ സീരീസ് ഫൈനൽസിലും നേടിയ രണ്ടാം സ്ഥാനമാണ് സിന്ധുവിെൻറ മികച്ച നേട്ടങ്ങൾ. രണ്ടിടത്തും ജപ്പാനീസ് താരങ്ങൾക്കു മുന്നിലാണ് മികച്ച പോരാട്ടത്തിനൊടുവിൽ സിന്ധു തലകുനിച്ചത്. കൊറിയൻ ഒാപൺ, ഇന്ത്യൻ ഒാപൺ സൂപ്പർ സീരീസ് കിരീടങ്ങൾ കൂടി സ്വന്തമാക്കിയ സിന്ധുവും ലോക മൂന്നാം നമ്പർ താരമായാണ് 2017 അവസാനിപ്പിക്കുന്നത്.
സൈന നെഹ്വാൾ
മൂന്നുവർഷത്തെ ഇടവേളക്കുശേഷം തന്നെ താരമാക്കിയ ഗോപീചന്ദ് അക്കാദമിയിലേക്ക് തിരിച്ചെത്തിയ സൈനക്ക് അധികം കിരീടങ്ങളൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായ വർഷമായിരുന്നു ഇത്. ലോക ചാമ്പ്യൻഷിപ്പിൽ നേടിയ മൂന്നാം സ്ഥാനവും മലേഷ്യൻ മാസ്റ്റേഴ്സ് കിരീടവുമാണ് സൈനയുടെ അക്കൗണ്ടിലുള്ളത്. എന്നാൽ, കൂടുതൽ മധുരതരമായത് ദേശീയ ചാമ്പ്യൻഷിപ്പിൽ സിന്ധുവിനെ മലർത്തിയടിച്ചുള്ള കിരീടധാരണമായിരുന്നു. ലോക പത്താം നമ്പർ താരമാണിപ്പോൾ സൈന.
സായ് പ്രണീത്
രണ്ടു പ്രധാന കിരീടങ്ങൾ സ്വന്തമാക്കി മികച്ച പ്രകടനമാണ് സായ് പ്രണീത് കാഴ്ചവെച്ചത്. ശ്രകാന്തിനെ വീഴ്ത്തി സിംഗപ്പൂർ സൂപ്പർ സീരീസിൽ ജേതാവായത് കൂടാതെ തായ്ലൻഡ് ഗ്രാൻഡ്പ്രീയും വിജയിച്ചു. സയ്യിദ് മോദി ഗ്രാൻഡ്പ്രീയിൽ ഫൈനലിലും കടന്ന പ്രണീത് ലോകറാങ്കിങ്ങിൽ 16ാം സ്ഥാനത്താണിപ്പോൾ.
എച്ച്.എസ്. പ്രണോയ്
ഇൗവർഷം കളിമികവിനൊപ്പം വേണ്ടത്ര ഭാഗ്യം കടാക്ഷിക്കാത്ത ഇന്ത്യൻ താരമുണ്ടെങ്കിൽ അത് മലയാളി ഷട്ട്ലർ എച്ച്.എസ്. പ്രണോയ്യാണ്.
മുൻ ലോക ഒന്നാം നമ്പറും മൂന്നുതവണ ഒളിമ്പിക് വെള്ളി മെഡൽ ജേതാവുമായ ലീേചാങ് വെയിയെയും ഒളിമ്പിക് ചാമ്പ്യൻ ചെൻ ലോങ്ങിനെയും തുടർച്ചയായ മത്സരങ്ങളിൽ അട്ടിമറിച്ചിട്ടും അവ കിരീട വിജയങ്ങളിലേക്കുള്ള ഉത്തേജകമാക്കി മാറ്റാൻ കഴിയാത്തതായിരുന്നു പ്രണോയിയുടെ നഷ്ടം. ലോക സർക്യൂട്ടിലെ ഏറ്റവും കനത്ത സ്മാഷുതിർക്കുന്നവരിലൊരാളും ആക്രമണകാരിയായ കളിക്കാരനുമായ പ്രണോയ് തെൻറ കളി ഏറെ മെച്ചപ്പെടുത്തിയ വർഷമായിരുന്നു 2017.
പ്രീമിയർ ബാഡ്മിൻറൺ ലീഗിൽ തുടർച്ചയായ എട്ടാം വിജയവുമായി റെക്കോഡ് കുറിച്ച് മുന്നേറുന്ന തിരുവനന്തപുരംകാരന് അൽപം ഭാഗ്യവും സ്ഥിരതയും കൂടി സ്വന്തമാക്കാനായാൽ വരുംവർഷങ്ങൾ തേൻറതാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.