സിഡ്നി: തുടർച്ചയായി മൂന്നാം സൂപ്പർസീരീസ് ചാമ്പ്യൻഷിപ്പിലും ഫൈനലിൽ കടന്ന് കിഡംബി ശ്രികാന്തിെൻറ സ്വപ്നക്കുതിപ്പ്. സിംഗപ്പൂർ, ഇന്തോനേഷ്യ ഒാപൺ സൂപ്പർ സീരീസ് ചാമ്പ്യൻഷിപ്പുകൾക്കു പിന്നാലെ ആസ്ട്രേലിയയിലും കലാശപ്പോരാട്ടത്തിൽ ഇടംപിടിച്ച ഇന്ത്യൻതാരം ബാഡ്മിൻറണിൽ പുതു ചരിത്രവും കുറിച്ചു. ഒാൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ് ഫൈനലിസ്റ്റായ ലോക നാലാം നമ്പർ ചൈനയുടെ ഷി യുഖിയെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് ശ്രീകാന്തിെൻറ കുതിപ്പ്. 37 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-10, 21-14 സ്കോറിന് ആധികാരികമായിട്ടായിരുന്നു ഇന്ത്യൻ താരത്തിെൻറ ജയം. ഫൈനലിൽ, ചൈനയുടെ തന്നെ എട്ടാം നമ്പറുകാരനായ ചെൻ ലോങ്ങാണ് എതിരാളി. രണ്ടാം സെമിയിൽ ദക്ഷിണ കൊറിയൻ താരം ലീ ഹ്യൂൻ ഇല്ലിനെ തോൽപിച്ചാണ് ചെൻ ലോങ് കിരീടപ്പോരാട്ടത്തിന് യോഗ്യനായത്.
തുടർച്ചയായി മൂന്ന് സൂപ്പർ സീരീസ് ഫൈനൽ കളിക്കുന്ന അഞ്ചാമത്തെ താരമെന്ന ബഹുമതിയുമായാണ് ശ്രീകാന്ത് ഞായറാഴ്ച കിരീടം ലക്ഷ്യമിട്ടിറങ്ങുന്നത്. ഇന്തോനേഷ്യയുടെ സോണി ദ്വി കുൻകോറോ, മലേഷ്യയുടെ ലീ ചോങ് വെയ്, ചൈനയുടെ ചെൻ ലോങ്, ലിൻ ഡാൻ എന്നിവരുടെ പിൻഗാമിയായി ശ്രീകാന്ത്. ‘‘ഇതെെൻറ സ്വപ്നമാണ്. രണ്ടുവർഷത്തിനുശേഷം സിംഗപ്പൂർ ഒാപണിലൂടെയാണ് സൂപ്പർസീരീസ് ഫൈനലിൽ കളിച്ചത്. തൊട്ടുപിന്നാലെ മറ്റു രണ്ട് ഫൈനലുകൾകൂടി കളിക്കുകയെന്നത് സ്വപ്നസാക്ഷാത്കാരമാണ്’’ -ശ്രീകാന്ത് പറഞ്ഞു. ‘‘സെമി ഫൈനലിൽ മത്സരം സ്വന്തം നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. എതിരാളിക്ക് ഒരു പോയൻറുപോലും എളുപ്പത്തിൽ വിട്ടുകൊടുത്തിട്ടില്ല’’ -പോരാട്ടത്തെക്കുറിച്ച് ശ്രീകാന്ത് പറയുന്നു. നാലാം റാങ്കുകാരന് ഒരിക്കൽ പോലും ലീഡ് നേടാൻ അനുവദിക്കാതെയായിരുന്നു ശ്രീകാന്തിെൻറ പോയൻറ് വേട്ട. 3-1ന് തുടങ്ങിയ കുതിപ്പിൽ ഒരുഘട്ടത്തിൽ ഷി യൂഖി തിരിച്ചെത്തിയെങ്കിലും 10-7ൽനിന്നും 20-10 എന്ന നിലയിലേക്ക് ഉയർത്തി കളിപിടിച്ചു.
രണ്ടാം ഗെയിമിൽ ലോങ് റാലിയും ക്രോസ് കോർട്ട് ഷോട്ടും പ്ലേസിങ്ങും കൊണ്ട് ശ്രീ എതിരാളിയെ വിരട്ടി. ശക്തനായ എതിരാളിയുടെ അടവുകളെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ശ്രീകാന്തിെൻറ പോരാട്ടം. 2-2 എന്ന നിലയിൽ ഒപ്പമായിരുന്നു തുടക്കമെങ്കിലും 2 മുതൽ 4 പോയൻറ് വരെ ലീഡ് പിടിച്ച് ശ്രീ മേധാവിത്വം നിലനിർത്തി. മാച്ച് പോയൻറിനായുള്ള പോരാട്ടത്തിനിടെ ജംപ് പ്ലേസിങ്ങിൽ ശ്രീ അടിതെറ്റി വീണെങ്കിലും ഫൈനലിലേക്കുള്ള യാത്ര മുടക്കാൻ ആർക്കും കഴിഞ്ഞില്ല.ഫൈനലിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ശ്രീകാന്തിെൻറ പ്രതികരണം. ‘‘ഫൈനലിലെ ജയമോ തോൽവിയോ എന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ചെൻ ലോങ്ങുമായി രണ്ടുതവണ ഇൗ വർഷം തന്നെ കളിച്ചു. ആകെ അഞ്ചു തവണയും ഏറ്റുമുട്ടി. അതിലെല്ലാം വിജയപരാജയം നേരിയ മാർജിനിൽ മാത്രമായിരുന്നു’’ -ഇന്ത്യൻ താരത്തിെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.