ടൊറന്‍റോ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സിലേക്ക് താരങ്ങളെ അയക്കില്ലെന്ന് പ്രഖ്യാപിച്ച് കാനഡ. ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടണമെന്നും കാനഡ ആവശ്യപ്പെട്ടു. ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ആദ്യ രാജ്യമാണ് കാനഡ.
നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ തങ്ങളുടെ കായിക താരങ്ങളുടെയും ലോക ജനതയുടെയും ആരോഗ്യവും സുരക്ഷയുമാണ് വലുത്. കായിക താരങ്ങളെ മാത്രം പരിഗണിച്ചല്ല ഈ തീരുമാനം. ലോക ജനതയെ കൂടി പരിഗണിച്ചാണ് -കനേഡിയൻ ഒളിമ്പിക് കമ്മിറ്റിയും പാരാലിമ്പിക് കമ്മിറ്റിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കായികമേഖലേക്കാൾ പ്രാധാന്യമുള്ളതാണ് ലോകം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെന്നും കനേഡിയൻ അധികൃതർ പറഞ്ഞു.
2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെ ജപ്പാനിലെ ടോക്യോവിലാണ് ഒളിമ്പിക്സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.
ഒളിമ്പിക്സ് മത്സരങ്ങൾ റദ്ദാക്കില്ലെന്നും നീട്ടിവെക്കാമെന്ന് പരിഗണിക്കാമെന്നുമാണ് അന്താരാഷ്ട്ര ഒളിമ്പിക് കൗൺസിലിന്‍റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.