???????? ??????? ???????????? ??????? ????????? ??????

രഞ്ജി ക്രിക്കറ്റ്: ഹിമാചലിന് ആറ് വിക്കറ്റ് ജയം; കേരളം പുറത്ത്

പെരിന്തല്‍മണ്ണ: രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് പോലും കാത്തു നില്‍ക്കാതെ ഹിമാചല്‍പ്രദേശ് കേരളത്തിന്‍െറ കഥ കഴിച്ചു. ചതുര്‍ദിന മത്സരം ഒന്നര ദിവസംകൊണ്ട് തീര്‍ന്നപ്പോള്‍ രഞ്ജി ട്രോഫി പ്രാഥമിക റൗണ്ടില്‍ തങ്ങളുടെ അവസാനത്തെയും നിര്‍ണായകവുമായ കളിയില്‍ ആതിഥേയര്‍ക്ക് ആറ് വിക്കറ്റിന്‍െറ തോല്‍വി. ഇതോടെ കേരളത്തിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ബുധനാഴ്ച രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ സഞ്ജു സാംസണിന്‍െറ സംഘം 83 റണ്‍സിന് പുറത്തായപ്പോള്‍ 60 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് കഴിച്ച് സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്. നാല് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഹിമാചല്‍ ലക്ഷ്യം കണ്ടു. സ്കോര്‍: കേരളം 103, 83. ഹിമാചല്‍പ്രദേശ് 163, നാലിന് 24.

പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 114 ഓവറില്‍ നിലംപതിച്ചത് 34 വിക്കറ്റായിരുന്നു. 10.2 ഓവറില്‍ 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ബിപുല്‍ ശര്‍മയാണ് രണ്ടാം ഇന്നിങ്സില്‍ ആതിഥേയരുടെ അന്തകനായത്. ഒന്നാം ഇന്നിങ്സില്‍ ആറ് വിക്കറ്റെടുത്ത രാഹുല്‍ സിങ്, ഋഷി ധവാന്‍, കരണ്‍വീര്‍ സിങ് എന്നിവര്‍ക്ക് ഓരോ ഇരകളെ കിട്ടി. 19 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്‍െറ ടോപ് സ്കോറര്‍. വിജയത്തിലേക്ക് നീങ്ങവെ പതറിയ ഹിമാചലിന്‍െറ നാല് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍ കെ. മോനിഷാണ്. രണ്ട് ഓവറില്‍ ഒരു റണ്‍ പോലും വഴങ്ങാതെയായിരുന്നു ഇത്.

രണ്ടാം ദിനം പ്രഥമ ഓവറില്‍ത്തന്നെ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. നാലാം പന്തില്‍ ഓപണര്‍ അക്ഷയ് കോടോത്തിനെ (ഒന്ന്) ധവാന്‍െറ പന്തില്‍ പരസ് ദോഗ്ര പിടിച്ചു. നേരത്തെയത്തെിയ ക്യാപ്റ്റന്‍ സഞ്ജു പതിവ് തെറ്റിച്ച് മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ആക്രമിച്ചു കളിച്ചപ്പോള്‍ സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിച്ചു. ബിപുല്‍ എറിഞ്ഞ ആറാം ഓവറില്‍ പക്ഷേ അസ്ഹറിനെ (14) വിക്കറ്റിന് പിറകില്‍ അങ്കുഷ് ബയ്ന്‍സ് സ്റ്റമ്പ് ചെയ്തു. സ്കോര്‍ രണ്ടിന് 30.
സഞ്ജു-രോഹന്‍ പ്രേം സഖ്യത്തിലായിരുന്നു അടുത്ത പ്രതീക്ഷ. ടീം ടോട്ടല്‍ 50 കടന്നയുടനെ 11ാം ഓവറില്‍ ക്യാപ്റ്റനെ ദോഗ്ര റണ്ണൗട്ടാക്കി. അടുത്ത ഓവറില്‍ രോഹനെ (15) ബിപുലിന്‍െറ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്തു. കരണ്‍വീര്‍ സിങിന്‍െറ ഓവറില്‍ സചിന്‍ ബേബിയെ (നാല്) ബെയ്ന്‍സ് സ്റ്റമ്പ് ചെയ്തതോടെ സ്കോര്‍ അഞ്ചിന് 58. വൈകിയത്തെിയ വി.എ. ജഗദീഷും (എട്ട്) ബിപുലിന് ഇരയായി. ശേഷിച്ച നാല് വിക്കറ്റ് വീണത് നാല് റണ്‍സെടുക്കുന്നതിനിടെ. റോബര്‍ട്ടോ ഫെര്‍ണാണ്ടസ് (14), ഫാബിദ് അഹമ്മദ് (പൂജ്യം), അക്ഷയ് ചന്ദ്രന്‍ (രണ്ട്), മോനിഷ് (1) എന്നിവര്‍ എളുപ്പം മടങ്ങി. 25.2 ഓവറിലാണ് കേരളം 83ന് പുറത്തായത്.

തീരെ ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ഹിമാചല്‍ ആദ്യ ഓവറില്‍ത്തന്നെ 12 റണ്‍സ് നേടി. രണ്ടാം ഓവര്‍ ചെയ്യാനത്തെിയ മോനിഷ് നാലാം പന്തില്‍ ചോപ്രയെ പൂജ്യത്തിന് പറഞ്ഞുവിട്ടു. നാലാം ഓവറില്‍ മോനിഷ് വീണ്ടും എതിരാളികളെ ഞെട്ടിച്ചു. ആദ്യ പന്തില്‍ ബെയ്ന്‍സ് (ഒമ്പത്), മൂന്നാം പന്തില്‍ ദോഗ്ര, ആറാം പന്തില്‍ റോബിന്‍ ബിസ്റ്റ് (ഇരുവരും പൂജ്യം) എന്നിവരുടെയും സ്റ്റമ്പ് പിഴുതെങ്കിലും അഞ്ചാം ഓവറില്‍ അന്‍കിത് കള്‍സി (പത്ത്) വിജയറണ്‍ കുറിച്ചു. ഒന്നാം ഇന്നിങ്സില്‍ 40 റണ്‍സ് നേടിയ ചോപ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

എട്ടില്‍ രണ്ട് വീതം ജയവും തോല്‍വിയും നാല് സമനിലയുമായി 25 പോയന്‍േറാടെ ഗ്രൂപ്പ് സിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ക്വാര്‍ട്ടര്‍ പ്രവേശം. ജയത്തോടെ ഹിമാചലിന് 30 പോയന്‍റായി. രണ്ടാമതുള്ള സൗരാഷ്ട്രക്ക് 29 പോയന്‍റാണുള്ളത്. സൗരാഷ്ട്ര-ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്-ഹൈദരാബാദ് മത്സരങ്ങളുടെ ഫലം വന്ന ശേഷമേ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കാനാവൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.