ട്വന്‍റി20 ലോകകപ്പ് ഫിക്സ്ചറായി; ഇന്ത്യ–പാക് ഏറ്റുമുട്ടല്‍ മാര്‍ച്ച് 19ന്

മുംബൈ: അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന്‍െറ ഫിക്സ്ചര്‍ തയാറായി. ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കും. മുംബൈയില്‍ ഐ.സി.സി. ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍, ഐ.സി.സി. സി.ഇ.ഒ. ഡേവിഡ് റിച്ചാര്‍ഡ്സണ്‍, ബി.സി.സി.ഐ. സെക്രട്ടറി അനുരാഗ് താക്കൂര്‍, ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, താരങ്ങളായ ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ടൂര്‍ണമെന്‍റിന്‍െറ പ്രഖ്യാപനവും  ഷെഡ്യൂള്‍ പ്രഖ്യാപനവും നടന്നത്.

മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. മാര്‍ച്ച് എട്ടുമുതല്‍ ഏപ്രില്‍ മൂന്നുവരെയാണ് മത്സരങ്ങള്‍. ബംഗളൂരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക. ഏപ്രില്‍ മൂന്നിന് നടക്കുന്ന ഫൈനലിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ വേദിയാകുമ്പോള്‍ സെമിഫൈനലുകള്‍ക്ക് മുംബൈയും ഡല്‍ഹിയും വേദിയാകും.

യോഗ്യതാ മത്സരങ്ങള്‍ രണ്ടു ഗ്രൂപ്പുകളായി നടക്കും. ഗ്രൂപ് ജേതാക്കള്‍ക്ക് രണ്ടാം റൗണ്ടായ സൂപ്പര്‍ ടെന്നില്‍ പ്രവേശം ലഭിക്കും. ഗ്രൂപ് എയില്‍ ബംഗ്ളാദേശ്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകള്‍ ഏറ്റുമുട്ടും. ഗ്രൂപ് ബിയില്‍ സിംബാബ്വെ, സ്കോട്ലന്‍ഡ്, ഹോങ്കോങ്, അഫ്ഗാനിസ്താന്‍ ടീമുകളാണ് മത്സരിക്കുക. യോഗ്യതാ റൗണ്ടിനുശേഷം നടക്കുന്ന സൂപ്പര്‍ ടെന്നില്‍ രണ്ട് ഗ്രൂപ്പുകളുണ്ട്. രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. 

ഒന്നാം ഗ്രൂപ്: ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ളണ്ട്, ആദ്യ റൗണ്ട് ഗ്രൂപ് ബി ജേതാക്കള്‍
രണ്ടാം ഗ്രൂപ്: ഇന്ത്യ, പാകിസ്താന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, ആദ്യ റൗണ്ട് ഗ്രൂപ് എ ജേതാക്കള്‍. വനിതാ ട്വന്‍റി20 ലോകകപ്പും ഇതോടൊപ്പമാണ് നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.