കൊച്ചി: ഐ.എസ്.എല്‍ രണ്ടാം പാദത്തില്‍ മൂന്നാം പരീക്ഷണത്തിന് ബൂട്ടുകെട്ടി ബ്ളാസ്റ്റേഴ്സ്. ഒന്നാം സ്ഥാനത്ത് തുടരുന്ന എഫ്.സി പുണെ സിറ്റിയാണ് ഹോംഗ്രൗണ്ടില്‍ ടീമിന്‍െറ എതിരാളികള്‍. പീറ്റര്‍ ടെയ്ലറിനും ട്രെവര്‍ മോര്‍ഗനും പിന്നാലെ ടെറി ഫെലാന്‍െറ പരീക്ഷണ തന്ത്രങ്ങളുമായാണ് ടീം കളത്തിലിറങ്ങുന്നത്. തുടര്‍ച്ചയായ നാലു മത്സരങ്ങള്‍ക്കൊടുവില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ നേടിയ സമനിലയുടെയും ഹോംഗ്രൗണ്ടെന്ന ആത്മവിശ്വാസത്തിലുമാണ് ബ്ളാസ്റ്റേഴ്സ് കളിക്കാനിറങ്ങുക. ആദ്യ പാദ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചതിന്‍െറ ആത്മവിശ്വാസത്തിലാണ് പുണെ കളിക്കുക. എട്ടുദിവസത്തിനുള്ളില്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ മധുരപ്രതികാരം തന്നെയാണ് ബ്ളാസ്റ്റേഴ്സിന്‍െറ ലക്ഷ്യം.
ഐ.എസ്.എല്‍ രണ്ടാം സീസണില്‍ ഉത്തരം കിട്ടാത്ത പരീക്ഷണങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് ഓരോ മത്സരവും പൂര്‍ത്തിയാക്കിയത്. ടെയ്ലറിന്‍െറ നേതൃത്വത്തിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍. കളിക്കാരുടെ ലൈനപ്പിലും പൊസിഷനിനും കേളീശൈലിയിലും നടത്തിയ പരീക്ഷണങ്ങളൊക്കെയും തിരിച്ചടിയായപ്പോള്‍ ടെയ്ലര്‍ക്ക് പുറത്തുപോകേണ്ടിവന്നു. തുടര്‍ന്ന് അസിസ്റ്റന്‍റ് കോച്ച് മോര്‍ഗനായിരുന്നു ടീമിന്‍െറ പരിശീലന ചുമതല. ടെയ്ലര്‍ പിന്തുടര്‍ന്ന 5-3-2 ശൈലി ഉപേക്ഷിച്ച് 4-3-1-2 ഫോര്‍മേഷനില്‍ ആദ്യ ഇലവനില്‍ത്തന്നെ മാറ്റംവരുത്തിയാണ് മോര്‍ഗന്‍ ചെന്നൈയിനെതിരെ ടീമിനെ ഇറക്കിയത്. ഏറക്കുറെ ഒത്തിണക്കത്തോടെ കളിക്കാനായെങ്കിലും വിലപ്പെട്ട മൂന്നു പോയന്‍റ് സ്വന്തമാക്കാനായില്ല. പുതിയ കോച്ചിനെ സംബന്ധിച്ച ഊഹാപോഹങ്ങളെ തട്ടിത്തെറിപ്പിച്ചാണ് ടീം ടെക്നിക്കല്‍ ഡയറക്ടറും ഗ്രാസ് റൂട്ട് ലെവല്‍ പരിശീലകനുമായ മുന്‍ അയര്‍ലന്‍ഡ് താരം ഫെലാനെ കോച്ചായി നിയമിച്ചത്. നിര്‍ണായകമായ കളിയിലേക്ക് ഫെലാന്‍െറ പരീക്ഷണങ്ങളും തന്ത്രങ്ങളുമായാണ് ടീം തയാറെടുത്തിരിക്കുന്നത്. പതിവിനു വിപരീതമായി കൂടുതല്‍ പരിശീലന സെഷനുകളും കളിക്കാരുമായുള്ള തുറന്ന ആശയവിനിമയത്തിനും ശേഷമാണ് ഫെലാന്‍ ടീമിനെ സജ്ജമാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ സൈഡ് ലൈനിനപ്പുറം തന്ത്രങ്ങളുടെയും പ്രോത്സാഹനത്തിന്‍െറയും ആവനാഴി നിറച്ച് ഫെലാനുണ്ടാകും.
ആദ്യ പാദത്തിലെ അവസാന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയോട് 1-1 സമനില വഴങ്ങിയ ബ്ളാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഇനിയുള്ള മത്സരങ്ങള്‍. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കുശേഷം സമനില നേടാനായത് ചെറുതല്ലാത്ത ആത്മവിശ്വാസം ടീമിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ കളിയില്‍ ആക്രമണം നയിച്ച ക്രിസ് ഡഗ്നല്‍, മുഹമ്മദ് റാഫി, സാഞ്ചസ് വാട്ട് സഖ്യം തുടര്‍ന്നേക്കും. പ്രതിരോധവും മധ്യനിരയും മികച്ച ഫോം കണ്ടത്തെിയെങ്കിലും മധ്യനിരയില്‍ കരുത്തനായ പ്ളേമേക്കറുടെ അഭാവം പ്രകടമായി. കഴിഞ്ഞ കളിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട ബ്രൂണോ പെറോണ്‍ ഇന്ന് കളിക്കില്ല. ഗോള്‍ വഴങ്ങുന്ന ബൈവാട്ടര്‍ക്കു പകരം സന്ദീപ് നന്ദിയോ ഷില്‍ട്ടണ്‍ പോളോ ഇറങ്ങിയാലും അദ്ഭുതപ്പെടാനില്ല.
പരാജയമറിയാത്ത നാലു കളികള്‍ പിന്നിട്ടാണ് പുണെയുടെ വരവ്. അവസാന എവേ മത്സരത്തില്‍ കരുത്തരായ എഫ്.സി ഗോവയെ സമനിലയില്‍ തളച്ചു. നാലു ഗോള്‍ നേടിയ കാലു ഉച്ചെ, മൂന്നു ഗോള്‍ നേടിയ തുന്‍ചായ് സാന്‍ലി എന്നിവരുടെ ബൂട്ടുകളിലാണ് പുണെ സിറ്റിയുടെ പ്രതീക്ഷ. ക്യാപ്റ്റന്‍ ദിദിയര്‍ സകോറ, യൂജിന്‍സണ്‍, ബികാഷ് ജെയ്റു, ലെനി റോഡ്രിഗസ്, നിക്കി ഷോറെ എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കുനത്. കഴിഞ്ഞ സീസണില്‍ ബ്ളാസ്റ്റേഴ്സിനായി കളിച്ച മലയാളി താരം സുശാന്ത് മാത്യുവും പുണെ നിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.