മൊഹാലി: ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തിലെ പിച്ചില്‍ ടോസിനായി നാണയം കറങ്ങിവീഴുമ്പോള്‍ വ്യാഴാഴ്ച ചങ്കിടിക്കുക വിരാട് കോഹ്ലിയുടേതായിരിക്കില്ല, ദല്‍ജിത് സിങ് എന്ന വൃദ്ധന്‍േറതായിരിക്കും. ട്വന്‍റി -20, ഏകദിന പരമ്പരകള്‍ ദക്ഷിണാഫ്രിക്കയോട് തോറ്റമ്പിയ ടീം ഇന്ത്യക്ക് ഇവിടെയും പണി പാളിയാല്‍ വാങ്കഡെയിലെ പാവം ക്യുറേറ്റര്‍ കേട്ടതിനേക്കാള്‍ ചീത്ത കേള്‍ക്കേണ്ടിവരുക ദല്‍ജിത് സിങ് എന്ന പഴയ വിക്കറ്റ് കീപ്പര്‍ ആയിരിക്കും. ആതിഥേയര്‍ എന്ന ബലത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇന്നിറങ്ങുമ്പോള്‍ ആദ്യ ടെസ്റ്റ് വേദിയായ മൊഹാലിയില്‍ പിച്ചൊരുക്കിയിരിക്കുന്നത് ചീഫ് ക്യുറേറ്റര്‍ ദല്‍ജിതിന്‍െറ നേതൃത്വത്തിലാണ്.
വാങ്കഡെയില്‍ അവസാന ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക 438 റണ്‍സിന്‍െറ വന്മല ഉയര്‍ത്തിയപ്പോള്‍ രവിശാസ്ത്രിയുടെ വായിലിരുന്നത് മുഴുവന്‍ കേള്‍ക്കേണ്ടിവന്നത് പാവം ക്യുറേറ്റര്‍ക്കായിരുന്നു. സ്പിന്‍ എന്ന ആയുധം പ്രയോഗിച്ച് എക്കാലവും എതിരാളികളെ വാരിക്കുഴിയില്‍ വീഴ്ത്തിയ ചരിത്രമുള്ള ആതിഥേയര്‍ക്കായി സ്പിന്നിന് അനുകൂലമാകുന്ന പിച്ചൊരുക്കിയില്ളെങ്കില്‍ ദല്‍ജിത്തിന്‍െറ കഴുത്തിന് പിടിവീഴുമെന്നുറപ്പാണ്.
പക്ഷേ, 23 വര്‍ഷം പഴക്കമുള്ള വയസ്സന്‍ പിച്ചില്‍ ആത്മാഭിമാനം തിരിച്ചുപിടിക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കീഴില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷ കളിക്കാരെക്കാള്‍ ചരിത്രത്തിലാണ്. 11 ടെസ്റ്റുകള്‍ക്ക് വേദിയായ മൊഹാലിയില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. അതും 21 വര്‍ഷം മുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ. അഞ്ച് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ചെണ്ണം സമനിലയിലായി. ഏകദിനത്തിലും ട്വന്‍റി -20 മത്സരങ്ങളിലും കൂടുതലും ഇന്ത്യക്കൊപ്പമായിരുന്നു മൊഹാലിയിലെ പിച്ച്. സമീപകാലത്തൊന്നും സ്വന്തം നാട്ടില്‍ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റിട്ടുമില്ല.
ആദ്യമായാണ് ദക്ഷിണാഫ്രിക്ക മൊഹാലിയില്‍ ടെസ്റ്റിനിറങ്ങുന്നത്. 22 വര്‍ഷം മുമ്പ് ഒരു ഏകദിനത്തില്‍ മാത്രമാണ് ഇവിടെ കളിച്ചത്. അതില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. പക്ഷേ, പഴയ ദക്ഷിണാഫ്രിക്കയല്ല ഹാഷിം അംലയുടെ നേതൃത്വത്തില്‍ ഇറങ്ങുന്നതെന്ന് കോഹ്ലിക്കും കൂട്ടര്‍ക്കും ഉറപ്പുണ്ട്. കഴിഞ്ഞ ഒരു മാസക്കാലംകൊണ്ട് ഇന്ത്യക്കത് ബോധ്യമായിട്ടുമുണ്ട്.
ലോക കപ്പ് വരെ നേടിയ ക്യാപ്റ്റന്‍ ധോണിക്കുപോലും പിഴച്ച ട്വന്‍റി -20 ഏകദിന പരമ്പരകള്‍ക്കുശേഷം ടെസ്റ്റിനിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കുമുന്നില്‍ കനത്ത വെല്ലുവിളിയാണ്. ടെസ്റ്റ് ക്യാപ്റ്റനായി സ്വന്തം നാട്ടില്‍ അരങ്ങേറ്റം കുറിക്കുന്നതിന്‍െറ സമ്മര്‍ദവും കോഹ്ലിക്കുണ്ട്. മാത്രമല്ല, രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് കളിക്കുന്നത്. ഇനിയും ഫോമിലേക്കുയര്‍ന്നിട്ടില്ലാത്ത ബാറ്റിങ്നിര തന്നെയാണ് കോഹ്ലിക്ക് വെല്ലുവിളി.മറുവശത്ത് ആത്മവിശ്വാസത്തിന്‍െറ കൊടുമുടിയിലാണ് ദക്ഷിണാഫ്രിക്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.