പനാജി: സ്വപ്നതുല്യമായ ബൗളിങ്ങിലൂടെ ഗോവയെ തകര്‍ത്തെറിഞ്ഞ മീഡിയം പേസ് ബൗളര്‍ സന്ദീപ് വാര്യരുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ് ‘സി’ മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് ജയം. പോര്‍വോറിമിലെ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റുകളുമായി സംഹാരതാണ്ഡവമാടിയ സന്ദീപിന്‍െറ കരുത്തിലാണ് കേരളം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
കളി ഒരു ദിവസം ബാക്കിയിരിക്കെ ഇന്നിങ്സിനും 83 റണ്‍സിനും ജയിച്ചുകയറിയ കേരളം നോക്കൗട്ട് സാധ്യത നിലനിര്‍ത്തി. ഈ മത്സരത്തില്‍നിന്ന് ഏഴു പോയന്‍റ് ലഭിച്ച കേരളത്തിന് ഇതോടെ 19 പോയന്‍റായി. കേരളത്തിന്‍െറ 441 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിങ്സില്‍ 191 റണ്‍സിന് പുറത്തായി ഫോളോ ഓണ്‍ ചെയ്ത ആതിഥേയര്‍ രണ്ടാം ഇന്നിങ്സില്‍ 167 റണ്‍സിനാണ് തകര്‍ന്നത്. ഒന്നാം ഇന്നിങ്സില്‍ 44 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത സന്ദീപ് രണ്ടാം ഇന്നിങ്സില്‍ 31 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. സീസണില്‍ രണ്ടാം തവണയാണ് സന്ദീപ് അഞ്ചു വിക്കറ്റ് നേട്ടംകൊയ്യുന്നത്. കരിയറില്‍ അഞ്ചാം തവണയും.
രണ്ടു വിക്കറ്റിന് 81 റണ്‍സുമായി ചൊവ്വാഴ്ച ഒന്നാം ഇന്നിങ്സ് തുടര്‍ന്ന ഗോവന്‍ ബാറ്റ്സ്മാന്മാരെ നിലയുറപ്പിക്കാനനുവദിക്കാതെ സന്ദീപും കൂട്ടരും എറിഞ്ഞിടുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കും മുമ്പേ അമോഗ് ദേശായിയെ (35) മടക്കിയയച്ച സന്ദീപ് തൊട്ടു പിന്നാലെ ധീരജ് ജാദവിനെയും (മൂന്ന്) അമിത് യാദവിനെയും (ആറ്) പുറത്താക്കിയപ്പോള്‍ ഗോവ അഞ്ചിന് 90 എന്ന നിലയിലേക്ക് പതിച്ചു. ഒരറ്റത്ത് ചെറുത്തുനിന്ന ദര്‍ശന്‍ മിസല്‍ സ്വപ്നില്‍ അസ്നോദ്കറിനൊപ്പം (19) സ്കോര്‍ 134ല്‍ എത്തിച്ചെങ്കിലും ഫാബിദ് അഹ്മദ് ഫാറൂഖ് തുടര്‍ച്ചയായ പന്തുകളില്‍ അസ്നോദ്കറിനെയും രാഹുല്‍ കെനിയെയും മടക്കി. തുടര്‍ന്നത്തെിയ ആര്‍.ആര്‍. സിങ് (30) പ്രതീക്ഷ നല്‍കിയെങ്കിലും രോഹന്‍ പ്രേമിന്‍െറ ആദ്യ ഓവറില്‍ പ്രതിരോധം തകര്‍ന്നു. വാലറ്റത്ത് വിക്കറ്റ് കളയാതെ പൊരുതിയ ശദാബ് ജകതിയെയും പ്രശാന്ത് പരമേശ്വരനെയും രോഹന്‍ പ്രേമും മോനിഷും മടക്കിയതോടെ ഗോവന്‍ ഇന്നിങ്സിന് തിരശ്ശീല വീണു.
250 റണ്‍സ് പിറകിലായി രണ്ടാമതും ബാറ്റിങ്ങിനിറങ്ങിയ ഗോവയുടെ മുന്‍നിര പിളര്‍ന്ന സന്ദീപാണ് ആതിഥേയരുടെ അന്തകനായത്. ഓപണര്‍മാരായ അമോഗ് ദേശായിയും സ്വപ്നില്‍ അസ്നോദ്കറും സഗുന്‍ കാമത്തും സന്ദീപിന്‍െറ ഇരയായി മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ മൂന്നു റണ്‍സ് മാത്രമായിരുന്നു. ഈ ഞെട്ടലില്‍നിന്ന് മോചിതരാകാന്‍ കഴിയാതെപോയ ഗോവയുടെ ദര്‍ശന്‍ മിസാല്‍ ചായക്കുമുമ്പേ റണ്ണൗട്ടാവുകകൂടി ചെയ്തതോടെ വന്‍ തോല്‍വിയാണ് കാത്തിരിക്കുന്നതെന്ന് ഉറപ്പായിരുന്നു. ചായക്കുശേഷം 19 റണ്‍സെടുത്ത സ്നേഹലിനെ മോനിഷ് പുറത്താക്കിയപ്പോള്‍ രാഹുല്‍ കെനിയെയും ആര്‍.ആര്‍. സിങ്ങിനെയും ഫാബിദും 21 റണ്‍സെടുത്ത ശദാബ് ജകതിയെയും ധീരജ് ജാദവിനെയും രോഹനും മടക്കിയയച്ചു.
അവസാന വിക്കറ്റില്‍ 65 റണ്‍സ് ചേര്‍ത്ത അമിത് യാദവും (36 നോട്ടൗട്ട്) മലയാളിയായ പ്രശാന്ത് പരമേശ്വരനുമാണ് (38) കേരളത്തിന്‍െറ വിജയം വൈകിച്ചത്. കേരളത്തിന്‍െറ ഫാബിദ് അഹ്മദാണ് മാന്‍ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.