ദുബൈ: ബാറ്റിങ് റെക്കോഡുകള്‍ ആവോളം വാരിക്കൂട്ടിയ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറിന് ഡബ്ള്‍ സെഞ്ച്വറിയും ട്രിപ്പ്ള്‍ സെഞ്ച്വറിയും അടിക്കാന്‍ അറിയില്ലത്രെ. ആരോപണമുന്നയിച്ചത് വേറെയാരുമല്ല. ലോക ക്രിക്കറ്റിന്‍െറ നടുമുറ്റത്ത് ഇന്ത്യക്ക് മേല്‍വിലാസമുണ്ടാക്കി ക്കൊടുത്ത സാക്ഷാല്‍ കപില്‍ ദേവ്തന്നെ. ദുബൈയില്‍ സ്വകാര്യ പരിപാടിയില്‍ പഴയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം പങ്കെടുക്കവെയാണ് കപില്‍ ഗൗരവമായ വിമര്‍ശമുന്നയിച്ചത്.
സ്വന്തം കഴിവിനോട് സചിന്‍ വേണ്ടത്ര നീതി പുലര്‍ത്തിയില്ളെന്നാണ് തന്‍െറ അഭിപ്രായമെന്ന് കപില്‍ പറഞ്ഞു. 200ഉം 300ഉം 400ഉം ഒക്കെ പോന്ന പ്രതിഭാശാലിയായിരുന്നു സചിന്‍. സെഞ്ച്വറി എങ്ങനെ അടിക്കണമെന്ന് സചിന് പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. വീരേന്ദ്ര സെവാഗിനെപ്പോലെ കളിച്ചിരുന്നെങ്കില്‍ റണ്‍മലകള്‍ കീഴടക്കാന്‍ സചിന് കഴിയുമായിരുന്നു.
തന്നെ തെറ്റിദ്ധരിക്കരുതെന്ന ആമുഖത്തോടെയാണ് കപില്‍, സചിന്‍െറ കളിയെക്കുറിച്ച് നിരൂപണം നടത്തിയത്. മുംബൈ താരങ്ങള്‍ക്കൊപ്പം കൂടുതല്‍സമയം ചെലവിടുന്നതിനുപകരം വിവ് റിച്ചാര്‍ഡ്സിനൊപ്പമായിരുന്നു സചിന്‍ സമയം ചെലവഴിക്കേണ്ടിയിരുന്നത്. റിച്ചാര്‍ഡ്സിനെപ്പോലെ അക്രമകാരിയല്ല സചിന്‍. പകരം, ബാറ്റിങ്ങിലെ പൂര്‍ണതക്കായിരുന്നു സചിന്‍ പ്രാധാന്യം നല്‍കിയത്. റിച്ചാര്‍ഡ്സിനെപ്പോലെയോ സെവാഗിനെപ്പോലെയോ രണ്ടും കല്‍പിച്ച് കളിക്കുന്നയാളല്ല സചിന്‍. പിഴവറ്റ കളിക്കാരനാണ് സചിന്‍.
സചിനൊപ്പം കൂടുതല്‍കാലം ചെലവിടാന്‍ കഴിഞ്ഞില്ല. അതിന് അവസരമുണ്ടായിരുന്നെങ്കില്‍ സെവാഗിനെപ്പോലെ കളിക്കാന്‍ താന്‍ ഉപദേശിച്ചേനെയെന്നും കപില്‍ പറഞ്ഞു. സചിന്‍ ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്റ്റനായിരുന്ന കാലത്ത് കപിലായിരുന്നു ടീമിന്‍െറ പരിശീലകന്‍. ആ സമയത്താണ് സചിന്‍ ആദ്യമായി ടെസ്റ്റില്‍ ഡബ്ള്‍ സെഞ്ച്വറി അടിച്ചത്. ഇയാന്‍ ബോതം, വസീം അക്രം തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.