ട്വൻറി20 ലോകകപ്പ് വെസ്റ്റിൻഡീസിന്

കൊൽക്കത്ത: വെസ്റ്റിൻഡീസ് കുട്ടിക്രിക്കറ്റിൻെറ പുതിയ ലോക രാജാക്കൻമാർ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ട്വൻറി20 ലോകകപ്പിൻെറ ഫൈനലിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് വിൻഡീസ് തങ്ങളുടെ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 19.4 ഓവറിൽ ലക്ഷ്യം കണ്ടു. മർലോൺ സാമുവൽസ് നടത്തിയ പോരാട്ടവും അവസാന ഓവറിൽ ബ്രാത് വെയിറ്റ് അടിച്ച തുടർച്ചയായ നാലു സിക്സറുമാണ് വിൻഡീസിനെ കിരീടത്തിലെത്തിച്ചത്. സ്കോർ ഇംഗ്ലണ്ട്: 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 155. വെസ്റ്റിൻഡീസ് 19.4 ഓവറിൽ ആറ് വിക്കറ്റിന് 161. നേരത്തെ വൈകുന്നേരം വനിതാ ട്വൻറി കിരീടവും വിൻഡീസ് നേടിയിരുന്നു. ഇതോടെ പുരുഷ-വനിതാ കിരീടം നേടുന്ന ആദ്യ രാജ്യമായി വിൻഡീസ്.

അവസാന ഓവറിൽ 19 റൺസായിരുന്നു വിൻഡീസിന് ആവശ്യം. ബെൻ സ്റ്റോക്സ് എറിഞ്ഞ ആദ്യ നാല് പന്തും ബ്രാത്ത് വെയ്റ്റ് സിക്സറിന് പറത്തി വിൻഡീസിൻെറ വിജയം ഉറപ്പിക്കുകയായിരുന്നു. യഥാർഥ ട്വൻറി20 ടീമാണ് തങ്ങളെന്ന് തെളിയിക്കുന്നതായിരുന്നു അവസാന ഓവറിൽ ബ്രാത് വെയ്റ്റിൻെറ വിളയാട്ടം.

വിൻഡീസ് നിരയിൽ അക്ഷരാർഥത്തിൽ സാമുവൽസിൻെറ ഒറ്റയാൾ പോരാട്ടമായിരുന്നു. ജോൺസൺ ചാൾസും അപകടകാരിയായ ക്രിസ് ഗെയിലും നേരത്തെ പുറത്തായി. ഗെയിൽ നാലു റൺസും ചാൾസ് ഒരു റൺസുമാണ് എടുത്തത്. രണ്ടുപേരും ജോ റൂട്ടിൻെറ പന്തിൽ സ്റ്റോക്സ് പിടിച്ച് പുറത്താവുകയായിരുന്നു. മൂന്നാമനായി ക്രീസിൽ എത്തിയ സാമുവൽസിന് മറ്റുള്ള കളിക്കാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. ഇന്ത്യക്കെതിരായ മത്സരത്തിലെ ഹീറോ ലെൻഡൽ സിമ്മൺസിനെ വില്ലി വിക്കറ്റിനു മുന്നിൽ കുടുക്കി. 27 പന്തിൽ 25 രൺസെടുത്ത ബ്രാവോ മാത്രമാണ് സാമുവൽസിന് ശേഷം രണ്ടക്കം കടന്ന ബാറ്റസ്മാൻ. 66 പന്തിൽ 85 റൺസാണ് സാമുവൽസ് നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പന്തിൽ ലക്ഷ്യമില്ലാതെയുള്ള ഷോട്ട് കളിച്ച ബ്രാവോയെ ആദിൽ റാഷിദിൻെറ പന്തിൽ റൂട്ട് പിടിച്ച് പുറത്താക്കി.

ഇംഗ്ലണ്ടിനുവേണ്ടി വില്ലി മൂന്നും റൂട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. ജോ റൂട്ടും ജോസ് ബട്ട ലറുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. റൂട്ട് 36 പന്തിൽ 54ഉം ബട് ലർ 22 പന്തിൽ 36ഉം റൺസ് സ്കോർ ചെയ്തു. സിക്സറടിക്കാതെ ഏഴ് ഫോറുകൾ അടങ്ങുന്നതാണ് റൂട്ടിൻെറ ഇന്നിങ്സ്. മൂന്ന് സിക്സറും ഒരു ഫോറുമാണ് ബട് ലർ അടിച്ചത്. ഇരുവരും പുറത്തായതോടെ ഇംഗ്ലീഷ് സ്കോറിന് വേഗത കുറയുകയായിരുന്നു. ജോ റൂട്ട് പുറത്തായ ശേഷം ഇംഗ്ലീഷ് സ്കോർ 150 കടക്കുമോ എന്ന് സംശയമായിരുന്നു.

സാമുവൽ ബദ്രീയാണ് വിൻഡീസ് ബൗളിങ് ഓപൺ ചെയ്തത്. ഓപണർ ജാസൺ റോയിയെ ഇന്നിങ്സിൻെറ രണ്ടാമത്തെ പന്തിൽ തന്നെ ബദ്രീ പുറത്താക്കുകയും ചെയ്തു. അടുത്ത ഓവറിലെ അവസാന പന്തിൽ ആന്ദ്രെ റസൽ അലക്സ് ഹെയ് ൽസിനെ പുറത്താക്കി. പിന്നീട് എത്തിയ ജോ റൂട്ട് മികച്ച ഇന്നിങ്സ് കളിക്കുകയായിരുന്നു. അതിനിടയിൽ ക്യാപ്റ്റൻ ഓയിൻ മോർഗൻ ക്രീസിൽ എത്തിയെങ്കിലും അഞ്ച് റൺസെടുത്ത് മടങ്ങി. ബദ്രീയുടെ പന്തിൽ സ്ലിപ്പിൽ ഗെയ് ൽ പിടിച്ചാണ് മോർഗൻ മടങ്ങിയത്. ബട് ലറും റൂട്ടും പുറത്തായതോടെ മന്ദഗതിയിലായ ഇംഗ്ലീഷ് സ്കോർ മാന്യമായ നിലയിൽ എത്തിച്ചത് വില്ലിയും (14 പന്തിൽ 21)  സ്റ്റോക്സും (എട്ട് പന്തിൽ 13) ജോർദനും (13 പന്തിൽ 12) ചേർന്നാണ്.

വിൻഡീസിനുവേണ്ടി സാമുവൽ ബ്രാത്വെയ്റ്റും ബ്രാവോയും മൂന്ന് വീതം വിക്കറ്റ് വീഴത്തി. ബദ്രീ രണ്ടും റസൽ ഒരു വിക്കറ്റും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.