​​​െഎ.പി.എൽ: റോയൽ ചലഞ്ചേഴ്​സിന്​ ജയം

ബംഗളുരു: ബാറ്റുമെടുത്ത് ഉറഞ്ഞുതുള്ളിയ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ളൂരിന് മുന്നില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദ് 45 റണ്‍സിന് ഇടറിവീണു. 20 ഓവറില്‍ നാല് വിക്കറ്റിന് 228 റണ്‍സ് എന്ന റണ്‍മല താണ്ടിയ ഹൈദരാബാദ് സംഘത്തിന് 20  ഓവറില്‍ ആറ് വിക്കറ്റിന് 182 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (75)  എ.ബി ഡിവില്ലിയേഴ്സും (82)  അടിച്ചുതകര്‍ത്തു നേടിയ ഇടിവെട്ട് അര്‍ധ സെഞ്ച്വറികളുടെയും അവസാന ഓവറുകളില്‍ ഭ്രാന്തമായ ആവേശത്തില്‍ ബാറ്റു വീശിയ സര്‍ഫറാസ് ഖാന്‍െറ (പത്ത് പന്തില്‍ 35) അസാമാന്യ പ്രകടനത്തിന്‍െറയും മികവിലാണ് ബാംഗളൂര്‍  227 റണ്‍സ് എടുത്തത്. ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 25 പന്തില്‍ 58 റണ്‍സ് നേടി.ആശിഷ് റെഡി 32 റണ്‍സ് സ്വന്തമാക്കി. ഇംഗ്ളീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ 22 റണ്‍സുമായി പുറത്താവാതെ നിന്നു. ശിഖര്‍ ധവാന്‍ എട്ട് റണ്‍സിന് പുറത്തായി.

റോയല്‍ ചാലഞ്ചേഴ്സിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ഏത് ടീമും സ്വപ്നം കാണുന്നൊരു തുടക്കം, അതായിരുന്നു ടോസ് അനുഗ്രഹിച്ച സണ്‍ റൈസേഴ്സ് ഹൈദരാബാദിന് ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ കിട്ടിയത്. സ്വന്തം അക്കൗണ്ടില്‍ വെറും ഒരു റണ്‍സ് മാത്രം വരവുവെച്ചൊരു നേരത്ത് ട്വന്‍റി -20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ക്രിസ് ഗെയിലിന്‍െറ കുറ്റി തെറിപ്പിക്കുക. ഭുവനേശ്വര്‍ കുമാര്‍ അത് സാധിച്ചെടുത്തു. പക്ഷേ, ഹൈദരാബാദിന്‍െറ ആനന്ദം അവിടെ തീര്‍ന്നു. തൃശൂര്‍ പൂരം വരാനിരിക്കുകയായിരുന്നു. അതും ഡിവില്ലിയേഴ്സിന്‍െറയും കോഹ്ലിയുടെയും രൂപത്തില്‍. ട്വന്‍റി -20 ലോക കപ്പില്‍ നിര്‍ത്തിയിടത്തുനിന്നായിരുന്നു കോഹ്ലിയുടെ തുടക്കം. ലോകകപ്പില്‍ ചെലവാകാതിരുന്നതൊക്കെയെടുത്ത് ഡിവില്ലിയേഴ്സ് പെരുമാറി. സിക്സറുകളും ബൗണ്ടറികളുമായി പാഞ്ഞുപോയ പന്തുകള്‍ പെറുക്കിക്കൂട്ടുന്ന പണിയായിരുന്നു ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ക്ക്. രണ്ടാം വിക്കറ്റില്‍ കോഹ്ലി-ഡിവില്ലി കൂട്ടുകെട്ട് കെട്ടിപ്പൊക്കിയത് 157 റണ്‍സിന്‍െറ വമ്പന്‍ റണ്‍ കോട്ട. 51 പന്തില്‍ രണ്ട് സിക്സറും ഏഴ് ബൗണ്ടറിയും ചേര്‍ത്ത് 75 റണ്‍സെടുത്ത കോഹ്ലി വീഴും വരെ ഹൈദരാബാദുകാര്‍ക്ക് ശ്വാസം വിടാനേ കഴിഞ്ഞില്ല. ഭുവനേശ്വര്‍ കുമാറിന്‍െറ വേഗം കുറഞ്ഞ യോര്‍ക്കര്‍ കോഹ്ലിയുടെ സ്റ്റമ്പിളക്കി മാറ്റി. മറുവശത്ത് ഡിവില്ലിയേഴ്സിന്‍െറ കടിഞ്ഞാണ്‍ പൊട്ടിപ്പോയിരുന്നു. തല്ലുകൊള്ളാത്തവരായി ബംഗ്ളാദേശ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ മാത്രമേ ശേഷിച്ചുള്ളു. എവിടെ ഫീല്‍ഡറെ നിര്‍ത്തണമെന്നറിയാതെ കപ്പിത്താന്‍ ഡേവിഡ് വാര്‍ണര്‍ അന്തംവിട്ട് നിന്നുപോയ നിമിഷങ്ങള്‍. ഒടുവില്‍ 42 പന്തില്‍ ആറ് സിക്സറും ഏഴ് ബൗണ്ടറിയും അടക്കം 82 റണ്‍സ് എടുത്ത ഡിവില്ലിയേഴ്സ് മുസ്തഫിസുറിന്‍െറ പന്തില്‍ നിയന്ത്രണം തെറ്റി ഒയിന്‍ മോര്‍ഗന് ക്യാച് നല്‍കി മടങ്ങി. പക്ഷേ, ആശ്വസിക്കാന്‍ പിന്നെയും അവസരം കിട്ടിയില്ല. ഷെയ്ന്‍ വാട്സന്‍ കരണ്‍ ശര്‍മയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ക്ക് പായിച്ച് എട്ട് പന്തില്‍ 19 റണ്‍സുമായി മിന്നല്‍ വേഗത്തില്‍ മടങ്ങി. മുസ്തഫിസുറിന് രണ്ടാം വിക്കറ്റ്.
പിന്നീടായിരുന്നു സര്‍ഫറാസിന്‍െറ അര്‍മാദം. 10 പന്തില്‍ പുറത്താകാതെ 35 റണ്‍സ്. കൂട്ടത്തില്‍ രണ്ട് സിക്സറും അഞ്ച് ബൗണ്ടറിയും. 26 റണ്‍സിനാണ് മുസ്തഫിസുര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഭുവനേശ്വറിന് 55 റണ്‍സ് ചെലവഴിക്കേണ്ടിവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.