ഡി കോക്കിന് സെഞ്ച്വറി; ഡല്‍ഹിക്ക് ഏഴു വിക്കറ്റ് ജയം

ബംഗളൂരു: ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍െറ അടിക്ക് അതേ നാണയത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് തിരിച്ചടിച്ചപ്പോള്‍ ചിന്നസ്വാമി മൈതാനത്തില്‍ ഞായറാഴ്ച തൃശൂര്‍ പൂരത്തിന്‍െറ മിനിപതിപ്പായി. ക്വിന്‍റണ്‍ ഡി കോക്കിന്‍െറ ബാറ്റിങ് ആകാശത്തും ഭൂമിയിലും വര്‍ണവിസ്മയം തീര്‍ത്തപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് അഞ്ചു പന്തുകള്‍ അവശേഷിക്കെ ഏഴു വിക്കറ്റിന്‍െറ ജയം. ഐ.പി.എല്‍ ഈ സീസണിലെ ആദ്യ സെഞ്ച്വറിക്കുടമയായ ക്വിന്‍റണ്‍ ഡി കോക്കാണ് കളിയിലെ താരം.

സ്കോര്‍: ബാംഗ്ളൂര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 191. ഡല്‍ഹി 19.1 ഓവറില്‍ മൂന്നിന് 192. സ്കോര്‍ പിന്തുടരുമ്പോള്‍ വിരാട് കോഹ്ലി അപകടകാരിയാണെന്നു പറഞ്ഞ് ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ ബാംഗ്ളൂരിനെ ബാറ്റുചെയ്യാന്‍ ക്ഷണിച്ചു. സഹീര്‍തന്നെ എറിഞ്ഞ ആദ്യ ഓവറില്‍ അപകടകാരിയായ ക്രിസ് ഗെയിലിനെ പൂജ്യത്തിന് മടക്കിയയച്ചു. പക്ഷേ, തുടര്‍ന്നുള്ള അടിയായിരുന്നു അടി. ക്രീസില്‍ കോഹ്ലിയോടൊപ്പം എ.ബി. ഡിവില്ലിയേഴ്സ് കൂടി ചേര്‍ന്നപ്പോള്‍ ബാംഗ്ളൂര്‍ ബൗളര്‍മാര്‍ നിന്നുവിയര്‍ത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 48 പന്തില്‍നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 79 റണ്‍സുമായി ബാറ്റിങ്ങിന്‍െറ കുന്തമുനയായി. എ.ബി ഡിവില്ലിയേഴ്സ് 33 പന്തില്‍നിന്ന് 55 റണ്‍സും വാട്സണ്‍ 19 പന്തില്‍നിന്ന് 33 റണ്‍സും നേടി. സര്‍ഫറാസ് ഖാന്‍ (1) നിരാശപ്പെടുത്തിയെങ്കിലും കേദാര്‍ ജാദവ് (9), ഡേവിഡ് വൈസ് (5) എന്നിവര്‍ പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ളൂരിന്‍െറ സ്കോര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 191.  

കൂറ്റന്‍ ലക്ഷ്യത്തിനു മുന്നിലേക്ക് ബാറ്റുമായത്തെിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ അടിതെറ്റി. അക്കൗണ്ട് തുറക്കുംമുമ്പ് ശ്രേയസ് അയ്യര്‍ അരവിന്ദിന്‍െറ പന്തില്‍ പുറത്ത്. ഡികോക് സാംസണുമായി ചേര്‍ന്ന് സ്കോറിങ്ങിന് മെല്ളെ ജീവന്‍വെപ്പിക്കുന്നതിനിടെ ആറാം ഓവറില്‍ സഞ്ജു സാംസണും (9) പുറത്തായി. തുടര്‍ന്നായിരുന്നു ഡല്‍ഹിയുടെ ജാതകം മാറ്റിവരച്ച ഇന്നിങ്സ്. കരുണ്‍ നായരും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന സഖ്യം ബാംഗ്ളൂര്‍ ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 51 പന്തില്‍നിന്ന് 15 ഫോറുകളും മൂന്നു സിക്സറുകളും സഹിതം 108 റണ്‍സെടുത്ത് ഡി കോക് 19ാം ഓവറില്‍ പുറത്താകുമ്പോള്‍ ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് പത്തു പന്തില്‍നിന്ന് എട്ടു റണ്‍സ് മാത്രം. തുടര്‍ന്ന് കരുണ്‍ നായരും ഡുമിനിയും ചേര്‍ന്ന് ടീമിനെ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയതീരത്തത്തെിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.