പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റിന്‍െറ ഉത്തുംഗതയില്‍; ആദ്യമായി ഒന്നാം റാങ്ക്

ലണ്ടന്‍: പാകിസ്താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തത്തെുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു. കാരണം, അന്ന് പാകിസ്താന്‍ ലോകറാങ്കിങ്ങില്‍ ആറാമതായിരുന്നു. 2014 ആഗസ്റ്റില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ തകര്‍ന്നടിഞ്ഞ പാകിസ്താന്‍ നിലയില്ലാക്കയത്തിലായിരുന്നു. പടനായകന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ ഫോം മാത്രം മതിയായിരുന്നു അന്നത്തെ പാകിസ്താന്‍െറ പരിച്ഛേദമായിട്ട്. പരമ്പരയില്‍ 16.75 റണ്‍ ശരാശരിയില്‍ 31 റണ്‍സായിരുന്നു മിസ്ബാഹിന്‍െറ ഉയര്‍ന്ന സ്കോര്‍. മുന്‍ വര്‍ഷങ്ങളില്‍ പാക് വിജയങ്ങളുടെ ചുക്കാന്‍ പിടിച്ചിരുന്ന സ്പിന്നര്‍ സഈദ്  അജ്മലിനെ നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്‍െറ പേരില്‍ മിസ്ബാഹിന് നഷ്ടപ്പെട്ടിരുന്നു. മറുവശത്ത് മഹേല ജയവര്‍ധനയും രംഗന ഹെറാത്തുമടക്കമുള്ള ലങ്കന്‍ നിര അപാരഫോമിലും. തൊട്ടുപിന്നാലെ അന്ന് ഒന്നാം റാങ്കിലുണ്ടായിരുന്ന ആസ്ട്രേലിയ യു.എ.ഇയിലെ ‘പാക് മണ്ണില്‍’ അവരെ എതിരിടാനുമത്തെുന്നു.

എല്ലാതരത്തിലും വെല്ലുവിളികള്‍ മാത്രം നിറഞ്ഞ ഈ ഘട്ടത്തിലാണ് ടീമിന്‍െറ ഭാഗ്യരേഖ പൊടുന്നനെ തെളിയുന്നത്. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ ബാറ്റിങ് ശൈലിയിലെ മാറ്റം തന്നെയായിരുന്നു ഇതിന്‍െറ ഏറ്റവും വ്യക്തമായ അടയാളം. ഇഴഞ്ഞുനീങ്ങിയുള്ള ബാറ്റിങ്ങിനെ തുടര്‍ന്ന് ‘ടക് ടക്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മിസ്ബാഹ് പൊടുന്നനെ ഗിയര്‍ മാറ്റി ‘ടിക് ടിക് ബൂം’ ശൈലിയില്‍ ബാറ്റുവീശിത്തുടങ്ങി. കാലംകഴിഞ്ഞുവെന്ന് ഏവരും എഴുതിത്തള്ളിയിരുന്ന യൂനുസ് ഖാന്‍െറ ബാറ്റ് അസാമാന്യ ഫോമില്‍ സംസാരിച്ച് തുടങ്ങിയതും ഇതേ കാലത്താണ്. മിസ്ബാഹിനും യൂനുസിനും പുറമെ അസ്ഹറലിയും പരമ്പരയില്‍ സെഞ്ച്വറി കുറിച്ചു. ഇതിന്‍െറ ബലത്തില്‍ 20 വര്‍ഷത്തിനുശേഷം പാകിസ്താന്‍ ആസ്ട്രേലിയക്കെതിരെ പരമ്പര ജയിച്ചു. ഇതുവഴി ആറില്‍നിന്ന് മൂന്നാം റാങ്കിലേക്ക് കയറുകയും ചെയ്തു.

പിന്നാലെ ഇംഗ്ളണ്ട്, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ ടീമുകള്‍ക്കെതിരായ പരമ്പര സ്വന്തമാക്കുകയും ന്യൂസിലന്‍ഡിനെതിരെ സമനില നേടുകയും ചെയ്തു. അടുത്തിടെ ഇംഗ്ളണ്ടുമായുള്ള പരമ്പര 2-2ന് സമനിലയില്‍ എത്തിച്ചതോടെ പാകിസ്താന്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. കഴിഞ്ഞദിവസം ആസ്ട്രേലിയ ശ്രീലങ്കയോട് തോല്‍ക്കുകയും ഇന്ത്യ അവസാന ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ സമനില വഴങ്ങുകയും ചെയ്തതോടെയാണ് 2003ല്‍ നിലവിലെ രീതിയിലുള്ള റാങ്കിങ് വന്നശേഷം പാകിസ്താന്‍ ആദ്യമായി ഒന്നാമതത്തെിയത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.