ഫ്ളോറിഡ: അമേരിക്കയില്‍ നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം 20ട്വന്‍റി മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് പിന്നാലെ വിവാദം കൊഴുക്കുന്നു. കളിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ടീം അറിയിച്ചെങ്കിലും വിന്‍ഡീസ് നായകന്‍ ബ്രാത്ത്വെയ്റ്റിന്‍െറ പിടിവാശി മൂലമാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നതെന്ന് ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി തുറന്നടിച്ചു. ഇതിലും മോശം സാഹചര്യങ്ങളില്‍ പോലും താന്‍ കളിച്ചിട്ടുണ്ടെന്നും ഉദാഹരണം സഹിതം ധോണി വ്യക്തമാക്കി. കളിക്കിടയില്‍ 15 മിനിറ്റ് പെയ്ത മഴയെ തുടര്‍ന്നാണ് നനഞ്ഞ ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയില്ളെന്ന് ബ്രാത്ത്വെയ്റ്റ്  വ്യക്തമാക്കിയത്. ഇതേ തുടര്‍ന്ന് ഇന്ത്യക്ക് വിജയസാധ്യതയുള്ള മത്സരം ഉപേക്ഷിക്കുകയും ആദ്യ മത്സരം വിജയിച്ച വിന്‍ഡീസ് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 144 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടമാവാതെ 15 റണ്‍സെടുത്ത് നിന്നപ്പോഴാണ് മഴ വില്ലന്‍വേഷമണിഞ്ഞത്തെിയത്. 15 മിനിറ്റിനകം മഴ അവസാനിച്ചെങ്കിലും ഒൗട്ട് ഫീല്‍ഡ് നനഞ്ഞ നിലയിലായിരുന്നു. രണ്ടു മൂന്ന് സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നുണ്ടെന്ന് വിന്‍ഡീസ് നായകന്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. റണ്ണപ്പ് എടുക്കുന്ന സ്ഥലങ്ങളിലും മിഡ് ഓണിലും ബൗണ്ടറി ലൈനിലും വെള്ളം കെട്ടിനിന്നിരുന്നതായി ബ്രാത്ത്വെയ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു. ബോളെടുക്കാന്‍ പായുന്ന ഫീല്‍ഡര്‍മാര്‍ വീണാല്‍ അവരുടെ കരിയറിന് തന്നെ അവസാനമാകും. അമ്പയര്‍മാര്‍ക്കും ഈ അഭിപ്രായം തന്നെയായിരുന്നുവെന്നും ബ്രാത്ത്വെയ്റ്റ് പറഞ്ഞു.

പത്തു വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ഇതിലും മോശം കാലാവസ്ഥയില്‍ താന്‍ കളിച്ചിട്ടുണ്ടെന്നായിരുന്നു ധോണിയുടെ മറുപടി. 2011ലെ ഇംഗ്ളണ്ട് പര്യടനത്തിലെ എല്ലാ മത്സരങ്ങളിലും മഴ പെയ്തെങ്കിലും തങ്ങള്‍ കളിക്കാന്‍ തയാറായി.
 വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ റണ്ണപ്പ് എടുക്കുന്ന സ്ഥലത്ത് നനവില്ലായിരുന്നു. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലായിരുന്നു. വളരെ അകലെ നിന്ന് റണ്ണപ്പെടുക്കാന്‍ വിന്‍ഡീസ് ടീമില്‍ ശുഐബ് അക്തര്‍ ഒന്നും ഇല്ലല്ളോ. അമ്പയര്‍മാര്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കാനേ ഞങ്ങള്‍ക്ക് കഴിയൂവെന്നും ധോണി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.