അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ സെമിയിൽ

ഫാത്തുല്ല: ഡബ്ള്‍ സെഞ്ച്വറി അടിച്ച സന്തോഷമായിരുന്നു റിഷഭ് പന്തിന്‍െറ മുഖത്ത്. ഒരു സെഞ്ച്വറി ബംഗ്ളാദേശിലെ കളത്തിലെങ്കില്‍ മറ്റൊന്ന് ഏറെദൂരെയകലെ ബംഗളൂരുവിലെ ഐ.പി.എല്‍ താരലേല മുറിയിലാണ് റിഷഭ് അടിച്ചെടുത്തത്. താരത്തിന്‍െറ ആദ്യ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പില്‍ സെമിഫൈനലിലേക്ക് കുതിച്ചു.
ആ മികവിനുള്ള അംഗീകാരമായി 1.9 കോടി നല്‍കി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് റിഷഭ് പന്തിനെ സ്വന്തമാക്കിയതാണ് യുവതാരത്തിന് ലഭിച്ച ‘രണ്ടാം സെഞ്ച്വറി’. ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയെ 197 റണ്‍സിന് അടിച്ചുപരത്തിയാണ് ഇന്ത്യന്‍ യുവനിര സെമിയിലേക്ക് മുന്നേറിയത്. 96 പന്തില്‍ 111 റണ്‍സുമായി റിഷഭ് പന്ത് ഇന്ത്യന്‍ ജയത്തിന്‍െറ നട്ടെല്ലായി. റിഷഭ് കളിയിലെ താരമായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് അടിച്ചുകൂട്ടിയത്. റിഷഭിനൊപ്പം അന്‍മോല്‍പ്രീത് സിങ് (41), സര്‍ഫറാസ് ഖാന്‍ (76), അര്‍മാന്‍ ജാഫര്‍ (64) എന്നിവരും ഇന്ത്യന്‍ റണ്‍വേട്ടയില്‍ പങ്കാളികളായി. അന്‍മോല്‍പ്രീതും മായങ്ക് ദാഗറും മൂന്നു വിക്കറ്റുകള്‍ വീതം നേടിയ പ്രകടനത്തില്‍ നമീബിയന്‍ ബാറ്റിങ് ശീട്ടുകൊട്ടാരംപോലെ തകര്‍ന്നു. 39 ഓവറില്‍ 149 റണ്‍സുമായി അവര്‍ തിരിച്ചുകയറി. 33 റണ്‍സ് നേടിയ നികോ ഡേവിന്‍ ആണ് നമീബിയക്കായി അല്‍പമെങ്കിലും ചെറുത്തുനിന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.