ഏഷ്യാ കപ്പ്: മലിംഗയുടെ മികവിൽ ലങ്കക്ക് 14 റൺസ് ജയം

ധാക്ക: ഏഷ്യാ കപ്പ് ട്വൻറി20യിലെ രണ്ടാം മത്സരത്തിൽ യു.എ.ഇക്കെതിരെ ശ്രീലങ്കക്ക് 14 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 129 റൺസിലൊതുക്കാൻ കഴിഞ്ഞെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ  115 റൺസെടുക്കാനെ സാധിച്ചുള്ളൂ. ലങ്കക്ക് വേണ്ടി ക്യാപ്റ്റൻ ലസിത് മലിംഗ നാല് വിക്കറ്റ് വീഴ്ത്തി.

എത്തിപ്പിടിക്കാൻ കഴിയുന്ന ടോട്ടലായിരുന്നു യു.എ.ഇക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ പരിചയ സമ്പത്തിൻെറ കുറവാണ് അവരെ തോൽവിയിലേക്ക് നയിച്ചത്. യു.എ.ഇ നിരയിൽ 37 റൺസെടുത്ത സ്വപ്നിൽ പാട്ടീലാണ് ടോപ് സ്കോറർ. ഷൈമൻ അൻവർ, അംജദ് ജാവീദ് എന്നിവർ 13ഉം മുഹമ്മദ് നവീസ് 10ഉം റൺസെടുത്തു. മൂന്ന് ഫോറും രണ്ട് സിക്സറുമാണ് സ്വപ്നിൽ നേടിയത്. നാല് മുൻ നിര ബാറ്റ്സ്മാൻമാരെ നേരത്തെ തന്നെ പുറത്താക്കിയതാണ് ലങ്കക്ക് നേട്ടമായത്. 24 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്താണ് മലിംഗ ക്യാപ്റ്റൻെറ പ്രകടനം കാഴ്ചവെച്ചത്. നുവാൻ കുലശേഖര മൂന്ന് വിക്കറ്റും രംഗന ഹെറാത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്കക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 68 എന്ന നിലയിൽ നിന്നാണ് ലങ്കൻ ബാറ്റിങ് നിര തകർന്നത്. ഓപണർമാരായ ദിനേശ് ചാണ്ടിമാലും (39 പന്തിൽ 50) ടി. ദിൽഷനും (28 പന്തിൽ 27) ചേർന്ന് ലങ്കക്ക് മികച്ച തുടക്കം നൽകിയിരുന്നു.

എന്നാൽ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കു കാട്ടിയാണ് യു.എ.ഇ ബൗളർമാർ ലങ്കയെ സമ്മർദ്ദത്തിലാക്കിയത്. നാലോവറിൽ 14 റൺസ് മാത്രമം വിട്ടുകൊടുത്ത അഹ്മദ് റാസയാണ് റൺ നൽകുന്നതിൽ കൂടുതൽ പിശുക്കനായത്. റാസക്ക് വിക്കറ്റ് ലഭിച്ചില്ല. അംജദ് ജാവേദ് മൂന്നു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നവീദ്, മുഹമ്മദ് ഷെഹ്സാദ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും രോഹൻ മുസ്തഫ ഒരു വിക്കറ്റും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.