??????????? ???????????? ?????? ?????????? ????????????? ??????? ??????? ???????????????

ഏഷ്യാ കപ്പ്: ഇന്ന് ഇന്ത്യാ- പാകിസ്താൻ പോരാട്ടം

മിര്‍പുര്‍: ലോകക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ വൈരത്തിന് ശനിയാഴ്ച ഏഷ്യാകപ്പ് കളത്തില്‍ അരങ്ങൊരുങ്ങും. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരുവര്‍ഷത്തെ ഇടവേളക്കുശേഷം കൊമ്പുകോര്‍ക്കുമ്പോള്‍ ഇരുപക്ഷത്തെയും ആരാധകരുടെ ആരവങ്ങളും പ്രതീക്ഷയും എക്കാലത്തെയുംപോലെ കൊടുമുടിയില്‍തന്നെ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലായിരുന്നു ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് 76 റണ്‍സിന് ജയം ഇന്ത്യയുടേതായിരുന്നു. 

ഇത്തവണ ഏഷ്യാകപ്പ് ട്വന്‍റി20യില്‍ പാകിസ്താന്‍െറ ആദ്യ മത്സരവും ഇന്ത്യയുടെ രണ്ടാമത്തേതുമാണിത്. ടൂര്‍ണമെന്‍റിലെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ ബംഗ്ളാദേശിനെ 45 റണ്‍സിന് തകര്‍ത്ത ആവേശവുമായാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും അതിര്‍ത്തിക്കപ്പുറത്തെ എതിരാളികളെ നേരിടാനിറങ്ങുന്നത്. ഷാഹിദ് അഫ്രീദി നയിക്കുന്ന പാകിസ്താന്‍ നിരയിലാകട്ടെ ഒത്തുകളി വിവാദവും വിലക്കും കഴിഞ്ഞ് തിരിച്ചത്തെിയ ബൗളര്‍ മുഹമ്മദ് ആമിറിന്‍െറ സാന്നിധ്യമാണ് ശ്രദ്ധേയമാകുന്നത്. മടങ്ങിവരവില്‍ ആമിര്‍ കളിക്കുന്ന ആദ്യ പ്രമുഖ ടൂര്‍ണമെന്‍റാണിത്. പ്ളെയിങ് ഇലവനില്‍ ആമിറിനെ ഉള്‍പ്പെടുത്തുമോയെന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല. വിരാട് കോഹ്ലി, ആമിറിനെ ടീമിലുള്‍പ്പെടുത്തിയ പാക് ബോര്‍ഡിന്‍െറ നടപടിയെ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍, മറ്റു ഇന്ത്യന്‍താരങ്ങളൊന്നും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്ത്യക്കെതിരെ മികച്ചപ്രകടനം പുറത്തെടുക്കാനായാല്‍ രണ്ടാം വരവില്‍ ആമിറിന്‍െറ കരിയറിന് ഏറെ ഗുണംചെയ്യുന്ന മത്സരമായി ഇത് മാറാം. 

അടുത്തമാസം നടക്കുന്ന ട്വന്‍റി20 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടത്തിന്‍െറ ഡ്രസ് റിഹേഴ്സല്‍കൂടിയാണ് ശനിയാഴ്ച ഷേര ബംഗ്ളാ സ്റ്റേഡിയത്തില്‍ കാണാനാവുക. ഇരുടീമുകളും മികച്ച മുന്നൊരുക്കത്തിനുശേഷമാണ് കളത്തിലിറങ്ങുന്നത്. ഇന്ത്യ ട്വന്‍റി20 മത്സരങ്ങളില്‍ മികച്ച ഫോം തുടരുമ്പോള്‍, പാക്താരങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സമാപിച്ച പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കളിച്ചുതെളിഞ്ഞാണ് ഇറങ്ങുന്നത്. പേപ്പറില്‍ ഇന്ത്യതന്നെയാണ് പുലികള്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യന്‍താരങ്ങള്‍ അവസരത്തിനൊത്തുയരുന്ന കാഴ്ചയാണ് ഏതാനും മത്സരങ്ങളിലായി കാണുന്നത്. വിശ്വസിക്കാവുന്ന പ്ളെയിങ് ഇലവനും ഇന്ത്യക്ക് സ്വന്തം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവരാജ് സിങ്, ധോണി എന്നിവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയും ബാറ്റിങ്ങില്‍ തകര്‍ക്കുമ്പോള്‍ ആശിഷ് നെഹ്റയുടെയും ആര്‍. അശ്വിന്‍െറയും നേതൃത്വത്തിലുള്ള ബൗളിങ്ങും ഇന്ത്യന്‍ ജയം എന്ന പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റന്‍ ധോണിയുടെ പരിക്കിന്‍െറ കാര്യത്തില്‍മാത്രമേ അല്‍പമെങ്കിലും ആശങ്കയുള്ളൂ.

പാകിസ്താന്‍െറ അപ്രവചനീയതയാണ് ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുക. കളിയുടെ ഗതിമാറ്റാന്‍ കെല്‍പുള്ള ഒരുപിടി താരങ്ങള്‍ ടീമിലുണ്ട്. ബൗളിങ് വിഭാഗത്തിലാണ് ഇന്ത്യയുമായി തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന ആക്രമണം പാകിസ്താനുള്ളത്. വഹാബ് റിയാസിനും ആമിറിനും ഇടയില്‍ ടീമിലിടംനേടാന്‍ മത്സരമുണ്ട്. തിരിച്ചത്തെിയ വെറ്ററന്‍ താരം മുഹമ്മദ് സമിയും പാക് പടക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.