ആസ്ട്രേലിയ x ഇന്ത്യ ഒന്നാം ഏകദിനം ഇന്ന്

പെര്‍ത്ത്: ആസ്ട്രേലിയക്ക് ഡിസംബര്‍ തണുപ്പുകാലമല്ല. വേനലിന്‍െറ തുടക്കമാണ്. അതിന്‍െറകൂടെ ക്രിക്കറ്റിന്‍െറ ചൂടുകൂടി ചേരുമ്പോള്‍ പെര്‍ത്തില്‍ ചൊവ്വാഴ്ച ആരു വിയര്‍ക്കുമെന്ന് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ഏറ്റുമുട്ടുന്നത് നിസ്സാരക്കാരല്ല. നിലവില്‍ ലോക ഏകദിന ക്രിക്കറ്റ് രാജാക്കന്മാരായ ആസ്ട്രേലിയയും കിരീടം നഷ്ടപ്പെട്ട രാജാക്കന്മാരായ ഇന്ത്യയുമാണ് വാക്കയിലെ തീ തുപ്പുന്ന പിച്ചില്‍ ആരാണ് കേമന്മാരെന്ന് തെളിയിക്കാന്‍ ബാറ്റും ബാളുമെടുക്കുന്നത്. ആസ്ട്രേലിയയിലെ ഏകദിന, ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച തുടങ്ങും. ഇന്ത്യന്‍ സമയം രാവിലെ 8.50നാണ് മത്സരം ആരംഭിക്കുക.

കസേരയുറപ്പിക്കാന്‍ ധോണി
പത്ത് മാസം മുമ്പ് സിഡ്നിയിലെ മൈതാനത്ത് ലോകകപ്പ് സെമിയില്‍ ഓസീസില്‍നിന്നേറ്റ പ്രഹരത്തിന് തിരിച്ചടി നല്‍കുന്നതോടൊപ്പം ഇളക്കംതട്ടുന്ന ക്യാപ്റ്റന്‍ കസേര ഒന്നുകൂടി ഊട്ടിയുറപ്പിക്കാനാകും ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയുടെ ശ്രമം. അങ്ങേ തലക്കല്‍ മൈക്കല്‍ ക്ളാര്‍ക്കില്‍നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ശേഷം പരിമിത ഓവര്‍ ക്രിക്കറ്റില്‍ കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത സ്റ്റീവന്‍ സ്മിത്ത് ലക്ഷ്യമിടുന്നത് നാട്ടുകാരുടെ മുന്നില്‍ തലയുയര്‍ത്തിപ്പിടിക്കാവുന്ന വിജയമാണ്. ഏകദിനത്തിലെ സമീപകാല കണക്കുകള്‍ ഇന്ത്യക്ക് അത്ര സുഖമുള്ളതല്ല. ബംഗ്ളാദേശിനോടും ദക്ഷിണാഫ്രിക്കയോടും പരമ്പര നഷ്ടപ്പെട്ട നീലക്കടുവകള്‍ക്ക് സിംബാബ്വെക്ക് മുന്നില്‍മാത്രമാണ് കപ്പുയര്‍ത്താനായത്. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് പരമ്പരകള്‍ ജയിക്കുമ്പോള്‍ പരിമിത ഓവറില്‍ പരീക്ഷിക്കപ്പെടുന്നത് ചോദ്യം ചെയ്യുന്നവരുടെ വായടപ്പിക്കുകയായിരിക്കും ധോണിയുടെ ലക്ഷ്യം. സന്നാഹമത്സരങ്ങളിലെ മികവ് ദേശീയ ടീമിനെതിരെയും തുടരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഓസീസാകട്ടെ അവസാനം കളിച്ച അഞ്ചുമത്സരത്തില്‍ മൂന്നിലും വിജയക്കൊടി പാറിച്ചു. ട്വന്‍റി20 ലോകകപ്പ് മാര്‍ച്ചില്‍ നടക്കാനിരിക്കെ വിജയത്തോടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനായിരിക്കും ഇരു ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുക.

പിച്ചില്‍ തീപാറും
സ്പിന്‍ ചതി ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡ പിച്ചുകളില്‍നിന്ന് വ്യത്യസ്തമാണ് ആസ്ട്രേലിയന്‍ പിച്ചുകള്‍. ആദ്യ മത്സരം നടക്കുന്ന വാക്കയാണ് കടുത്തത്. പേസും ബൗണ്‍സും കൂടുതലായിരിക്കുമെന്നാണ് ക്യൂറേറ്റര്‍ പറയുന്നത്. ഷോര്‍ട്പിച്ച് പന്തുകള്‍ക്കുമുന്നില്‍ പതറുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയെ കുത്തിയുയരുന്ന പേസുകൊണ്ട് പരീക്ഷിക്കുകയാകും ഓസീസിന്‍െറ തന്ത്രം. സന്നാഹത്തിലെ ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്നിര ഉലഞ്ഞത് ഓസീസിന് സന്തോഷിപ്പിക്കുന്ന ഘടകമാണ്. പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിന്‍െറ അഭാവത്തില്‍ ജോഷ് ഹെയ്സല്‍വുഡ് നയിക്കുന്ന പേസ് നിരയില്‍ സ്കോട് ബൊലാന്‍ഡ്, ജോള്‍ പാരിസ് എന്നിവര്‍ ചൊവ്വാഴ്ച അരങ്ങേറ്റം കുറിക്കും. ജെയിംസ് ഫോക്നറും ഇടംപിടിച്ചിട്ടുണ്ട്.  

ആരെ കളിപ്പിക്കുമെന്ന ശങ്കയില്‍ ഇന്ത്യ
ടീം ഇന്ത്യ ഇനിയും അന്തിമ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പരിക്കേറ്റ് പുറത്തായ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പകരം ഇടങ്കയന്‍ പേസ് ബൗളര്‍ ബരീന്ദര്‍ സ്രാന്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. സന്നാഹ മത്സരത്തില്‍ മികച്ചപ്രകടനമായിരുന്നു സ്രാനിന്‍േറത്. ബാറ്റിങ് ലൈനപ്പും ഇതുവരെ അന്തിമമായിട്ടില്ല. ക്യാപ്റ്റന്‍ ധോണി ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. സന്നാഹമത്സരത്തില്‍ ഏഴാമനായാണ് ധോണി ബാറ്റിങ്ങിനിറങ്ങിയത്. ആറാം നമ്പര്‍ സ്ഥാനത്തിനായി യുവതാരങ്ങളായ ഗുര്‍കീറത് സിങ്ങും മനീഷ് പാണ്ഡെയും രംഗത്തുണ്ട്. ബൗളിങ് ഡിപ്പാര്‍ട്മെന്‍റില്‍ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയേക്കും. പേസ് നിരയില്‍ ബരീന്ദര്‍ സ്രാന്‍, ഉമേഷ് യാദവ് എന്നിവര്‍ക്കൊപ്പം ഇശാന്ത് ശര്‍മയും ഇടംപിടിച്ചേക്കും. അങ്ങനെയെങ്കില്‍ അക്സര്‍ പട്ടേല്‍, റിഷി ധവാന്‍ എന്നിവര്‍ പുറത്തിരിക്കേണ്ടിവരും.
 

സുഖമുള്ളതല്ല കോഹ്ലിയുടെ കണക്കുകള്‍
ആസ്ട്രേലിയക്കെതിരെയുള്ള ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയുടെ കണക്കുകള്‍ അത്ര സുഖമുള്ളതല്ല.  
കങ്കാരുക്കള്‍ക്കെതിരെ കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ 15.83 റണ്‍സാണ് ഭാവി നായകന്‍െറ ശരാശരി. ഈ പരമ്പരയില്‍ അതു തിരുത്തിക്കുറിച്ചാല്‍ ഇന്ത്യ രക്ഷപ്പെടും. കോഹ്ലിക്ക് പുറമെയുള്ള ബാറ്റ്സ്മാന്മാരുടെ അസ്ഥിരതയും ഇന്ത്യന്‍ ക്യാപ്റ്റനെ കുഴക്കുന്നതാണ്. സന്നാഹ ട്വന്‍റി20യില്‍ മികച്ചപ്രകടനം നടത്തിയ ധവാന്‍, കോഹ്ലി എന്നിവര്‍ ഏകദിനത്തില്‍ അമ്പേ പരാജയമായി. ധോണിയും ഫോമിലല്ല ബാറ്റു വീശുന്നത്.

ടീം (ഇന്ത്യ): ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, എം.എസ്. ധോണി (ക്യാപ്റ്റന്‍), ഗുരുകീറത് സിങ്, മനീഷ് പാണ്ഡെ, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, ഉമേഷ് യാദവ്, ബരീന്ദര്‍ സ്രാന്‍, ഇശാന്ത് ശര്‍മ, അക്സര്‍ പട്ടേല്‍, റിഷി ധവാന്‍ (ഇവരില്‍നിന്ന്)
ടീം (ആസ്ട്രേലിയ): ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ജോര്‍ജ് ബെയ്ലി, ഗ്ളെന്‍ മാക്സ്വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യു വെയ്ഡ്, ജെയിംസ് ഫോക്നര്‍, സ്കോട്ട് ബൊലാന്‍ഡ്, ജോഷ് ഹെയ്സല്‍വുഡ്, ജോള്‍ പാരിസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.