ഇന്ത്യയിനിയൊരു കുഞ്ഞുലോകം

നാഗ്പുര്‍: കുട്ടിക്രിക്കറ്റിന്‍െറ ത്രസിപ്പിക്കുന്ന ലോകപോരാട്ടദിനങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. നാഗ്പുരില്‍, കുഞ്ഞന്‍ ടീമുകളുടെ യോഗ്യത പോരാട്ടങ്ങളോടെയാണ് ഇത്തവണത്തെ ഐ.സി.സി ട്വന്‍റി20 ലോകകപ്പിന് തിരശ്ശീലയുയരുന്നത്. സൂപ്പര്‍ പത്തിലെ ആവേശപ്പെയ്ത്തിനായി മാര്‍ച്ച് 15 വരെ കാത്തിരിക്കണമെങ്കിലും കളിയാരാധകര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഒരുങ്ങുന്നത് ആഘോഷത്തിന്‍െറ നാള്‍വഴികളാണ്. യോഗ്യതാമത്സരങ്ങളില്‍ മാറ്റുതെളിയിച്ചത്തെുന്ന ടീമുകള്‍കൂടി ചേരുന്നതോടെയാണ് 15ന് സൂപ്പര്‍ പത്തിന് തുടക്കമാകുക. അന്ന് നാഗ്പുരില്‍ ആതിഥേയരായ ഇന്ത്യ, ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ളണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളാണ് സൂപ്പര്‍ പത്തിലേക്ക് നേരിട്ട് യോഗ്യതനേടിയത്. വനിതകളുടെ ലോകകപ്പും അന്നായിരിക്കും ആരംഭിക്കുന്നത്.

രണ്ട് ഗ്രൂപ്പുകളിലായി ബംഗ്ളാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഒമാന്‍, അഫ്ഗാനിസ്താന്‍, ഹോങ്കോങ്, സ്കോട്ട്ലന്‍ഡ്, സിംബാബ്വെ എന്നിവരാണ് അവശേഷിക്കുന്ന രണ്ട് സൂപ്പര്‍ 10 ബര്‍ത്തുകളിലേക്കായി പോരടിക്കുക. രണ്ടു മത്സരങ്ങളോടെയാണ് ചൊവ്വാഴ്ച യോഗ്യതാ ഘട്ടത്തിന് ആരംഭമാകുന്നത്. ഗ്രൂപ് ബിയില്‍ ഹോങ്കോങ്ങിനെ സിംബാബ്വെ നേരിടുമ്പോള്‍ അഫ്ഗാനിസ്താനും സ്കോട്ട്ലന്‍ഡും തമ്മിലാണ് രണ്ടാം പോര്. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് ശേഷം മൂന്നുമുതലാണ് ഹോങ്കോങ്-സിംബാബ്വെ പോരാട്ടം. രാത്രി 7.30ന് രണ്ടാം മത്സരവും ഇതേ വേദിയില്‍ നടക്കും.

പിടിച്ചുനിര്‍ത്താനാകാത്ത ശക്തികളായി ലോകകപ്പിനിറങ്ങുന്ന ഇന്ത്യതന്നെയാണ് ഇത്തവണത്തെ കിരീട ഫേവറിറ്റ്. ഏഷ്യാകപ്പും നേടി, ലോകഒന്നാം നമ്പര്‍ ടീമായി മഹേന്ദ്ര സിങ് ധോണിയും സംഘവുമത്തെുമ്പോള്‍ സ്വന്തം മണ്ണിലാണ് അങ്കമെന്നത് അധികബലമാകും. സൂപ്പര്‍ പത്തിലെ രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ. ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്താന്‍ എന്നിവര്‍ അടങ്ങുന്ന കടുത്ത ഗ്രൂപ്പിലാണ് ഇന്ത്യ. എന്നാല്‍, എത്രകരുത്തരെയും വീഴ്ത്തി സെമിഫൈനലിലേക്ക് മുന്നേറാനുള്ള ഊര്‍ജം ആതിഥേയര്‍ സ്വന്തമാക്കിക്കഴിഞ്ഞു. മാര്‍ച്ച് 19നാണ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം.

നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ഫെബ്രുവരിയില്‍ ഇന്ത്യയോട് പരമ്പര തോറ്റതിനു പിന്നാലെ ഏഷ്യാകപ്പിലെ മോശംപ്രകടനത്തിന്‍െറ ഭാരവുമായാണ് എത്തുന്നത്. ഒരുജയം മാത്രം ബംഗ്ളാദേശില്‍ നേടാനായ ലങ്ക, മൂന്നു മത്സരങ്ങള്‍ തോറ്റ് അഞ്ചു മത്സരങ്ങളുടെ ടൂര്‍ണമെന്‍റില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. ഒന്നാം ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇംഗ്ളണ്ട് ടീമുകള്‍ക്കൊപ്പമാണ് ശ്രീലങ്ക. മാര്‍ച്ച് 17ന് കൊല്‍ക്കത്തയില്‍ യോഗ്യതനേടിയത്തെുന്ന ടീമുമായാണ് ലങ്കയുടെ ആദ്യ മത്സരം.

5.6 ദശലക്ഷം ഡോളറാണ് ലോകകപ്പിന്‍െറ ആകെ സമ്മാനത്തുക. 2014 ലെ ടൂര്‍ണമെന്‍റിനെ അപേക്ഷിച്ച് 86 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയിലുള്ളത്. വനിതകള്‍ക്ക് നാലുലക്ഷം ഡോളറും. മുന്‍ ടൂര്‍ണമെന്‍റിനെക്കാള്‍ 122 ശതമാനം വര്‍ധന. ഇരുവിഭാഗത്തിലുമായി 58 മത്സരങ്ങളാണ് 27 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിലുള്ളത്. ബംഗളൂരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി എന്നിവയാണ് വേദികള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.