വേലിക്ക് പുറത്തേക്ക് പന്തുകള്‍ പറത്തുന്നവരെയാണ് ട്വന്‍റി 20യില്‍ കാണികള്‍ക്ക് പ്രിയം. കോപ്പിബുക് ഷോട്ടുകളേക്കാള്‍ സാഹസിക ഷോട്ടുകള്‍ക്ക് മുതിരുന്നവരാണ് ഹീറോകള്‍. ഇത്തവണയും ബാറ്റില്‍ തീപിടിപ്പിച്ച് ഒരുപിടി താരങ്ങള്‍ നമുക്ക് മുന്നിലത്തെുന്നുണ്ട്
ക്രിസ് ഗെയില്‍
ബാറ്റുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന കരീബിയന്‍ താരംതന്നെയായിരിക്കും ഇക്കുറിയും ശ്രദ്ധാകേന്ദ്രം. ഐ.പി.എല്ലിലും ബിഗ്ബാഷ് ലീഗിലും ഗെയിലിന്‍െറ പ്രകടനം അതിന് അടിവരയിടുന്നതായിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഐ.പി.എല്ലില്‍ പുണെ വാരിയേഴ്സിനെതിരെ പിറന്ന 175 റണ്‍സാണ് ട്വന്‍റി20യില്‍ ഈ താരത്തിന്‍െറ ടോപ് സ്കോര്‍. ഏതു പന്തിനെയും വേലിക്കുപുറത്തേക്ക് പായിക്കാനുള്ള ഗെയിലിന്‍െറ മാരക പ്രഹരശേഷി ലോകബൗളര്‍മാര്‍ അറിഞ്ഞതാണ്. 2012ല്‍ ശ്രീലങ്കയില്‍ നടന്ന ലോകകപ്പില്‍ ആതിഥേയരെ തോല്‍പിച്ച് കപ്പുയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഗെയിലായിരുന്നു. എങ്കിലും ദേശീയടീമിനുവേണ്ടി കൂറ്റന്‍ ഇന്നിങ്സുകള്‍ പിറക്കാറില്ല എന്നതാണ് പ്രധാന പരാതി. ടീം മാനേജ്മെന്‍റുമായുള്ള പടലപ്പിണക്കങ്ങള്‍ അതിനു കാരണമായേക്കാം. എങ്കിലും അതെല്ലാം മറക്കാം. വിന്‍ഡീസിനെ കറുത്തകുതിരകളാക്കാനുള്ള വെടിച്ചില്ലുകള്‍ ഗെയിലിന്‍െറ തോക്കില്‍ ഇപ്പോഴും അവശേഷിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളില്‍ 142.6 ആണ് സ്ട്രൈക് റേറ്റ്.
എബി ഡിവില്ലിയേഴ്സ്
എങ്ങനെ വിശേഷിപ്പിക്കണമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ക്കുപോലും അറിയാത്ത താരമാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്. സ്ഥിരതയും സാങ്കേതികതയും ആക്രമണവും ഒരുപോലെ സമന്വയിപ്പിച്ച അപൂര്‍വ താരങ്ങളിലൊരാള്‍. ഫോമിലത്തെിക്കഴിഞ്ഞാല്‍ എബിഡിയെ എങ്ങനെ തളക്കുമെന്ന് കണ്ടറിയുകതന്നെ വേണം. അന്താരാഷ്ട്ര ട്വന്‍റി20യില്‍ 128.88ആണ് സ്ട്രൈക് റേറ്റ്. ഐ.പി.എല്‍ സ്ട്രൈക് റേറ്റ് 144.73. കാലങ്ങളായി ദക്ഷിണാഫ്രിക്ക നേരിടുന്ന കിരീടനേട്ടത്തിന് ഡി വില്ലിയേഴ്സ് പരിഹാരം കാണുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
രോഹിത് ശര്‍മ
ഒറ്റക്ക് കളിനിയന്ത്രിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ താരം. സാങ്കേതികതയും ആക്രമണോത്സുകതയും സന്നിവേശിപ്പിച്ച താരം. ക്രിക്കറ്റ് പണ്ഡിതന്മാര്‍ ഇങ്ങനെയൊക്കെയാണ് രോഹിത് ശര്‍മയെ വാഴ്ത്തുന്നത്. ശരീരഭാഷയില്‍ മിതത്വമുണ്ടെങ്കിലും ഫോമിലത്തെിയാല്‍ പിടിച്ചാല്‍ കിട്ടില്ല. മൈതാനത്തിന്‍െറ നാലുഭാഗത്തേക്കും പറക്കുന്ന സിക്സറുകളാണ് രോഹിതിന്‍െറ പ്രത്യേകത. ട്വന്‍റി20യില്‍ ഏറ്റവുംകൂടുതല്‍ സിക്സറുകള്‍ പറത്തിയ താരമെന്ന പകിട്ടും രോഹിതിന് സ്വന്തം. ഇന്ത്യയുടെ ഓപണിങ് ബാറ്റ്സ്മാനായ രോഹിതാണ് സാധ്യത കല്‍പിക്കപ്പെടുന്ന പ്രധാന താരങ്ങളിലൊന്ന്. സ്ഥിരതയില്ലായ്മയാണ് രോഹിതിനെതിരെ ഉയരുന്ന പ്രധാന ആരോപണം. ഏഷ്യാകപ്പില്‍തന്നെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറിയടിച്ച രോഹിത് പിന്നീട് രണ്ടുകളികളും പരാജയപ്പെട്ടു. 129.22 ആണ് സ്ട്രൈക് റേറ്റ്.
ഗ്ളെന്‍ മാക്സ്വെല്‍
ആസ്ട്രേലിയന്‍ കിരീട പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റുന്ന താരം. ട്വന്‍റി20 ഫോര്‍മാറ്റില്‍ മിടുക്കുതെളിയിച്ച മാക്സ്വെല്‍ എതിര്‍ ടീമുകളുടെ പേടി സ്വപ്നമാണ്. ധോണിയും ഡിവില്ലിയേഴ്സും ഗെയിലും മക്കല്ലവും കൂടിച്ചേര്‍ന്ന അപൂര്‍വ ജനുസ്സ് എന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ അഭിപ്രായം. പരമ്പരാഗത ശൈലികളെ മറികടന്ന പ്രധാനികളിലൊരാള്‍. ട്വന്‍റി20 ലോകകിരീടമെന്ന ഓസീസ് സ്വപ്നത്തിലേക്ക് മാക്സ്വെല്ലിന്‍െറ സിക്സറുകള്‍ പറക്കുമെന്നുതന്നെയാണ് ഓസീസ് ആരാധകരുടെ വിശ്വാസം. അന്താരാഷ്ട്രതലത്തില്‍ 157.03 ആണ് സ്ട്രൈക് റേറ്റ്.
യുവരാജ് സിങ്
എഴുതിത്തള്ളാറായിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഏഷ്യാകപ്പിലെ യുവരാജിന്‍െറ പ്രകടനം. ശ്രീലങ്കക്കെതിരെയും യു.എ.ഇക്കെതിരെയും പഴയ യുവിയുടെ മിന്നലാട്ടങ്ങള്‍ ആരാധകര്‍ കണ്ടു. 2007ല്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു സിക്സറുകള്‍ പറത്തിയ വീര്യം അതേയളവില്‍ ഇപ്പോഴുമില്ളെങ്കിലും യുവി ഇന്ത്യന്‍ ആരാധകര്‍ക്ക് ആവേശംതന്നെയാണ്. ലോങ് ഓണിനു മുകളിലൂടെ പറക്കുന്ന ആ സിക്സറുകള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ജോസ് ബട്ലര്‍
പ്രായം 24. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ ഇംഗ്ളീഷ് താരങ്ങളുടെ മൂന്നു സെഞ്ച്വറിയില്‍ രണ്ടും ബട്ലറുടെ പേരില്‍. ഇത്തവണ ഇംഗ്ളണ്ട് നിരയില്‍ ബാറ്റിങ് വിസ്മയം തീര്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന താരം. ഇംഗ്ളണ്ടിനുവേണ്ടി 42 മത്സരങ്ങളില്‍ പാഡുകെട്ടിയ ബട്ലറുടെ സ്ട്രൈക് റേറ്റ് 135.66.
ഡേവിഡ് മില്ലര്‍
ട്വന്‍റി20യുടെ തട്ടുപൊളിപ്പന്‍ ശൈലിയുടെ ഇഷ്ടതോഴന്‍. ഡിവില്ലിയേഴ്സിനൊപ്പം മില്ലറും ചേരുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ആക്രമണം കനക്കും. കഴിഞ്ഞ ആഭ്യന്തര മത്സരങ്ങളിലും കൗണ്ടിയിലും മിന്നുന്ന പ്രകടനം ആവര്‍ത്തിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോണ്‍ ഫിഞ്ച്
ആസ്ട്രേലിയയുടെ ഓപണിങ് ബാറ്റ്സ്മാന്‍. കുട്ടിക്രിക്കറ്റില്‍ ഓസീസ് ശക്തി എതിരാളികള്‍ അറിഞ്ഞത് ഫിഞ്ചിന്‍െറ ബാറ്റിലൂടെയായിരുന്നു. എതിരാളികള്‍ ഇക്കുറി ഓസീസ് നിരയില്‍ മാര്‍ക്കു ചെയ്യപ്പെടുന്ന പ്രധാന താരം. 2013ല്‍ ഇംഗ്ളണ്ടിനെതിരെ നേടിയ 156 റണ്‍സാണ് അന്താരാഷ്ട്ര ട്വന്‍റി20യില്‍ ഒരു താരത്തിന്‍െറ ഉയര്‍ന്ന സ്കോര്‍.
ഹാര്‍ദിക് പാണ്ഡ്യ
ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കണക്കുകൂട്ടിയ താരമാണ് പുതുമുഖമായ ഹാര്‍ദിക് പാണ്ഡ്യ. ഒന്നാംതരം ഓള്‍ റൗണ്ടര്‍ പദവിക്കൊപ്പം കൂറ്റനടികളിലൂടെ ടീം ടോട്ടല്‍ ഉയര്‍ത്തുക എന്ന ദൗത്യം ഈ യുവതാരത്തില്‍ അര്‍പ്പിതമാണ്. സിക്സറുകള്‍ തനിക്ക് പ്രശ്നമല്ല എന്ന് ചുരുങ്ങിയ മത്സരത്തിനുള്ളില്‍ തെളിയിച്ചു. ഇവര്‍ക്കു പുറമെയുമുണ്ട് മത്സരം ഒറ്റക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒരു പിടി താരങ്ങള്‍. സിക്സറുകള്‍ അടിച്ചുകൂട്ടാന്‍ തനിക്ക് കരുത്തില്ളെന്ന് പറയുമ്പോഴും ഇന്ത്യന്‍ വിജയത്തില്‍ എപ്പോഴും നിര്‍ണായകമാകുന്ന വിരാട് കോഹ്ലി, ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി, ഓസീസ് താരം ഷെയ്ന്‍ വാട്സന്‍, പാക് താരം ഷാഹിദ് അഫ്രീദി, ന്യൂസിലന്‍ഡ് താരങ്ങളായ കൊറി ആന്‍ഡേഴ്സന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഇവരില്‍ ചിലര്‍ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.