പുരുഷന്മാരുടെ പോര്‍വിളികള്‍ക്കിടയില്‍ പലപ്പോഴും ശ്രദ്ധകിട്ടാതെ പോകുന്ന വനിതാ ക്രിക്കറ്റിനുമുണ്ട് ട്വന്‍റി20 ലോകകപ്പ്. പുരുഷവിഭാഗം ടൂര്‍ണമെന്‍റിന്‍െറ സമയത്തിന് സമാന്തരമായി അതേ ആതിഥേയരാജ്യത്ത് തന്നെയായിരിക്കും വനിതാ ലോകകപ്പും നടക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ ഒരുവശത്ത് മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തില്‍ പുരുഷന്മാര്‍ ഇറങ്ങുമ്പോള്‍ മിതാലി രാജിന്‍െറ നേതൃത്വത്തില്‍ പെണ്‍പടയും നമുക്കായി പോര്‍മുഖത്തുണ്ടാകും. 2009ല്‍ ആണ് ആദ്യമായി വനിതകള്‍ ട്വന്‍റി20 ലോകപോരാട്ടത്തിനിറങ്ങിയത്. എട്ട് ടീമുകളുമായി തുടങ്ങിയ ടൂര്‍ണമെന്‍റ് 2014ല്‍ 10 ടീമുകളിലേക്ക് വികസിപ്പിച്ചിരുന്നു. ഇതുവരെ നടന്ന നാല് പോരാട്ടങ്ങളിലായി ഏറ്റവുംകൂടുതല്‍ നേട്ടംകൊയ്തത് ആസ്ട്രേലിയന്‍ ടീം.
പുരുഷവിഭാഗത്തില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റിന് ഇതുവരെ തൊട്ടുനോക്കാന്‍ കിട്ടിയിട്ടില്ലാത്ത കിരീടം തുടര്‍ച്ചയായി മൂന്നുതവണയാണ് (2010, 2012, 2014) അവരുടെ പെണ്‍പോരാളികള്‍ നേടിയെടുത്തത്. 2009ല്‍ ആതിഥേയരായ ഇംഗ്ളണ്ടിനായിരുന്നു കിരീടം. ഇന്ത്യക്ക് ഇതുവരെ സെമിഫൈനലിനപ്പുറം കടക്കാനായിട്ടില്ല. 2009, 2010 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ സെമിവരെയുള്ള മുന്നേറ്റങ്ങള്‍. 2010ല്‍ മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ രണ്ടുതവണയും ആദ്യ റൗണ്ടിനപ്പുറം കടക്കാനായില്ല.
ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഇംഗ്ളണ്ട്, പാകിസ്താന്‍, ആസ്ട്രേലിയ, ബംഗ്ളാദേശ്, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഇത്തവണ സ്വന്തം മണ്ണില്‍ പോരിനിറങ്ങുമ്പോള്‍ കിരീടം തന്നെയാണ് ആതിഥേയവനിതകളുടെ ലക്ഷ്യം. അടുത്തിടെ സമാപിച്ച പരമ്പരകളിലെ ജയം അവര്‍ക്ക് അതിനുള്ള ആത്മവിശ്വാസവും നല്‍കുന്നു. തുടര്‍ച്ചയായ നാലാംകിരീടം മോഹിച്ചിറങ്ങുന്ന ആസ്ട്രേലിയയെ കഴിഞ്ഞ ജനുവരിയില്‍ അവരുടെ മണ്ണില്‍ 2-0ത്തിന് തോല്‍പിച്ച് ചരിത്രമെഴുതിയാണ് മിതാലിയും ടീമും ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. പിന്നാലെ ശ്രീലങ്കയെയും വൈറ്റ്വാഷടിച്ചു. എന്നാല്‍, ഓസീസ് പടയുടെ വീര്യം ലോകകപ്പ് പോലൊരു വേദിയില്‍ വിലകുറച്ച് കാണാനാകുന്നതല്ല. അവര്‍ തന്നെയാണ് ഇത്തവണയും ഫേവറിറ്റ്. എട്ടുവേദികളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മാര്‍ച്ച് 15ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ളാദേശും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ഫൈനലിനും വേദിയാകും. മിതാലി രാജ് (ക്യാപ്റ്റന്‍), ജൂലന്‍ ഗോസ്വാമി, സ്മൃതി മന്ദന, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍മന്‍പ്രീത് കൗര്‍, ശിഖ പാണ്ഡെ, രാജേശ്വരി ഗെയ്ക്വാദ്, സുഷമ വര്‍മ, പൂനം യാദവ്, വി.ആര്‍. വനിത, അനുജ പാട്ടീല്‍, എക്ത ബിഷ്ത്, തിരുഷ്കാമിനി എം.ഡി, ദീപ്തി ശര്‍മ, നിരഞ്ജന നാഗരാജന്‍ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി ലോകകപ്പില്‍ പോരാടാനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.